നാട്ടകം റാഗിങ്; പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും; കേസില്‍ ആറുപേര്‍ റിമാന്‍ഡില്‍

സംഭവത്തില്‍ ഒമ്പതു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടുപേര്‍ കീഴടങ്ങുകയും ഒരാളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്. ഇതില്‍ കഴിഞ്ഞദിവസം കീഴടങ്ങിയ ആറുപേര്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവരെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണു പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നാട്ടകം റാഗിങ്; പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും; കേസില്‍ ആറുപേര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായം ലഭ്യമാക്കുക.

ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷിജു ഡി ഗോപി എന്നിവരാണ് റാഗിങ്ങിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അവിനാഷിന്റെ വൃക്ക തകര്‍ന്നിട്ടുണ്ട്.


ഡിസംബര്‍ രണ്ടിനു രാത്രി 9.30 മുതല്‍ പുലര്‍ച്ചെ മൂന്നുവരെ കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളാല്‍ ക്രൂരമായ റാഗിങ്ങിന് വിധേയരായെന്നാണു പരാതി. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ ഒമ്പതു പേരാണ് റാഗിങ്ങിനിരയായത്. നഗ്നരാക്കിയും ഒറ്റക്കാലില്‍ നിര്‍ത്തിയും ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്‌തെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതുമായി വിദ്യാര്‍ത്ഥികള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ ഒമ്പതു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടുപേര്‍ കീഴടങ്ങുകയും ഒരാളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്. ഇതില്‍ കഴിഞ്ഞദിവസം കീഴടങ്ങിയ ആറുപേര്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവരെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണു പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.