ഐഎഫ്എഫ്‌കെയിലും ദേശീയഗാനം നിര്‍ബന്ധമെന്ന് സുപ്രീംകോടതി; വിദേശികളും എഴുന്നേറ്റുനില്‍ക്കണം

ദേശീയഗാനം ആലപിക്കുന്ന സമയം വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും വിദേശികള്‍ക്കു ബുദ്ധിമുട്ടാകുമെന്ന ഹരജിക്കാരുടെ വാദം ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. എന്നാല്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാമെന്നും കോടതി വ്യക്തമാക്കി.

ഐഎഫ്എഫ്‌കെയിലും ദേശീയഗാനം നിര്‍ബന്ധമെന്ന് സുപ്രീംകോടതി; വിദേശികളും എഴുന്നേറ്റുനില്‍ക്കണം

ന്യൂഡല്‍ഹി: 21ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ എല്ലാ പ്രദര്‍ശനത്തിനു മുന്‍പും ദേശീയഗാനം നിര്‍ബന്ധമാണെന്നു സുപ്രീംകോടതി. ദേശീയഗാനം ആലപിക്കുന്ന സമയം വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും വിദേശികള്‍ക്കു ബുദ്ധിമുട്ടാകുമെന്ന ഹരജിക്കാരുടെ വാദം ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. എന്നാല്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാമെന്നും കോടതി വ്യക്തമാക്കി.

ഒരു തീയേറ്ററില്‍ അഞ്ചു സിനിമ വരെ പ്രദര്‍ശിപ്പിക്കാറുണ്ട്. എല്ലായിടത്തും വിദേശികളായ ജഡ്ജുമാരാണ് സിനിമ വിലയിരുത്താനിരിക്കുന്നതെന്നും അവര്‍ക്ക് എപ്പോഴും എഴുന്നേറ്റു നില്‍ക്കാനാവില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ 20 പ്രാവശ്യവും വിദേശികള്‍ തീയേറ്ററില്‍ എഴുന്നേറ്റുനിര്‍ക്കട്ടെ എന്നായിരുന്നു കോടതിയുടെ പ്രതികരണം.


രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും പ്രേക്ഷകര്‍ എഴുന്നേറ്റു നില്‍ക്കണമെന്നും നവംബര്‍ 30നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ, ഐഎഫ്എഫ്കെയില്‍ എല്ലാ ദിവസവും ദേശീയഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും അറിയിച്ചിരുന്നു. ദേശീയ ഗാനത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായാല്‍ പോലീസ് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിലെ സുപ്രീംകോടതി വിധിയോടെ ഇക്കാര്യത്തിലെ കാര്‍ക്കശ്യത കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

Read More >>