ദേശീയഗാനം: ശ്മശാനങ്ങളുടെ നോട്ടുപുസ്തകമെഴുതിയ കമല്‍ സി ചവറയെ കസ്റ്റഡിയിൽ എടുത്തു

ദേശീയ ഗാനത്തെ അവഹേളിച്ച് നോവലെഴുതിയെന്നും ഫേസ്ബുക്ക് പോസ്റ്റിട്ടെന്നും യുവമോര്‍ച്ച പരാതി പറഞ്ഞതിനാണ് എഴുത്തുകാരനെ കസ്റ്റഡിയിൽ എടുത്തത്. അതേ സമയം ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ദേശീയഗാനം: ശ്മശാനങ്ങളുടെ നോട്ടുപുസ്തകമെഴുതിയ കമല്‍ സി ചവറയെ കസ്റ്റഡിയിൽ എടുത്തു

ദേശീയഗാനം തിയേറ്ററില്‍ കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന സുപ്രിം കോടതിയുടെ വിധി വന്നതിനു ശേഷം ദേശീയ ഗാനത്തെ അപമാനിച്ചു എന്ന ആരോപണത്തിൽ കേരളത്തിലെ ആദ്യ കസ്റ്റഡി രേഖപ്പെടുത്തി. യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ നോവലിസ്റ്റ് കമല്‍ സി. ചവറയെയാണ് കോഴിക്കോട് കസ്റ്റഡിയിൽ എടുത്തത്. കമൽ ഇപ്പോൾ നടക്കാവ് പൊലീസ് സ്റ്റേഷനിലാണ്. കമൽ നിരീക്ഷണത്തിലാണെന്നും കരുനാഗപ്പള്ളി പൊലീസ് കോഴിക്കോട് എത്തിയ ശേഷം കൈമാറുമെന്നും നടക്കാവ് പൊലീസ് നാരദാന്യൂസിനോട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പേരിൽ കേസ് എടുത്തിരിക്കുന്നത് കരുനാഗപ്പള്ളി പൊലീസ് ആണ്. അവർ എത്തിയ ശേഷമേ പരാതിയിൽ പറയുന്ന കുറ്റം നിലനിൽക്കുമോ എന്നും ഏതു വകുപ്പു ചുമത്തണം എന്നും തീരുമാനിക്കൂ എന്നാണ് നടക്കാവ് പൊലീസ് പറയുന്നത്. അതേ സമയം 124 (എ) വകുപ്പു പ്രകാരം കരുനാഗപ്പള്ളി പൊലീസ് കമൽസി ചവറയ്ക്കെതിരെ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന കമലിന്റെ നോവല്‍ ഭാഗങ്ങള്‍ കമല്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. ആര്‍എസ്എസിനെ പരിഹസിക്കുന്ന ഭാഗങ്ങളുടെ പേരില്‍ അത് ദേശീയഗാനത്തിന് എതിരെയെന്ന് വ്യാഖ്യാനിച്ചായിരുന്നു പരാതി. ഒപ്പം ദേശീയഗാനം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച വിധിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും കമല്‍ ഫേസ് ബുക്കിലൂടെ പറഞ്ഞിരുന്നു.

ഈ ഫേസ്ബുക്ക്  പോസ്റ്റുകളുടെ പേരില്‍ യുവമോര്‍ച്ചയുടെ ഗൂഢപരാതിയെ പ്രഥമദൃഷ്ട്യാ തള്ളിക്കളയാതെ കേസുമായി മുന്നോട്ടു പോവുകയായിരുന്നു പോലീസ്. കമലിന്റെ ചവറയിലുള്ള വീട്ടില്‍ അമ്മയും അച്ഛനും മാത്രമുള്ളപ്പോള്‍ എത്തുകയും റെയ്ഡ് നടത്തുകയും ചെയ്തു. നിയമപരമായ നടപടിക്രമങ്ങളൊന്നും നടത്താതെയാണ് ഈ റെയ്ഡ് എന്ന പരാതി ഉയര്‍ന്നിരുന്നു.

കമലിന്റെ പുസ്തകങ്ങളാണ് തൊണ്ടിമുതലിന്റെ പട്ടികയുണ്ടാക്കാതെ റെയ്ഡ് ചെയ്ത് പിടികൂടിയത്. മുന്‍കൂര്‍ ജാമ്യത്തിന് കമല്‍ ശ്രമിക്കുന്നതിനിടയിലാണ് കോഴിക്കോട് വച്ച് ഇന്നു രാവിലെ കസ്റ്റഡിയിൽ എടുത്തത്. മരുന്നു വാങ്ങാന്‍ പോകുന്ന വഴിയായിരുന്നു കമലിന്റെ പിടികൂടിയത്.

രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസുകാര്‍ നല്‍കുന്ന പരാതികളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് അമിതാവേശത്തോടെയാണ് അറസ്റ്റുകള്‍ നടത്തുന്നത്. ജനം ടിവി റിപ്പോര്‍ട്ടര്‍ ശ്രീകാന്ത് ചൂണ്ടിക്കാണിച്ച മാധ്യമ പ്രവര്‍ത്തകരെ ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്നില്ലെന്ന പേരില്‍ ചലച്ചിത്ര മേളയ്ക്കിടയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംവിധായകന്‍ കമലിന്റെ വീടിനുമുന്നില്‍ ചട്ടങ്ങള്‍ ലംഘിച്ച് ദേശീയഗാനം ചൊല്ലിയെന്ന പരാതിയില്‍ ആര്‍എസ്എസുകാര്‍ക്കെതിരെ അറസ്റ്റുണ്ടായില്ല.

Read More >>