ചലച്ചിത്രമേളയിലെ 'ജനഗണമന' സംഭവങ്ങളിലൂടെ: കമലിനെ പാടി നിര്‍ത്തി; മന്ത്രിക്കെതിരെ പാടി...

ചലച്ചിത്രമേള സമാപിക്കുമ്പോള്‍ പ്രദര്‍ശിപ്പിച്ച സിനിമകളെക്കാള്‍, സിനിമകള്‍ക്കു മുമ്പ് പ്രദര്‍ശിപ്പിച്ച ദേശീയഗാനമാണ് ചര്‍ച്ചയായത്. ചലച്ചിത്ര മേളയിലുണ്ടായ ദേശീയ ഗാന സംഭവങ്ങളിലൂടെ.

ചലച്ചിത്രമേളയിലെ

Patriotism cannot be our final spiritual shelter; my refuge is humanity. I will not buy glass for the price of diamonds, and I will never allow patriotism to triumph over humanity as long as I live.

― Rabindranath Tagore

ഗള്‍ഫുകാര്‍ നാട്ടിലെത്തുമ്പോള്‍ കേള്‍ക്കാറുള്ള ചോദ്യമുണ്ട്- എന്നാണ് പോകുന്നത്? ചലച്ചിത്രോത്സവം കഴിഞ്ഞു ചെല്ലുന്ന ഓരോരുത്തരോടും നാട്ടുകാര്‍ ചോദിക്കും- എഴുന്നേറ്റോ?

സിനിമയ്ക്ക് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്നും ഭിന്നശേഷിയുള്ളവരൊഴികെ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ വിധിയ്ക്കു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ സര്‍ക്കാര്‍ ചലച്ചിത്ര മേളയായിരുന്നു തിരുവനന്തപുരത്തേത്.

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ എന്താകും ഇതിനോടുള്ള പ്രതികരണമെന്നറിയാന്‍ രാജ്യമാകെ ഉറ്റുനോക്കിയ നിമിഷങ്ങളാണ് കടന്നു പോയത്.
ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും തിയേറ്ററുകളെ പൊതുസ്ഥലം എന്ന ആശയത്തില്‍ നിന്നും പുറത്തു നിര്‍ത്തണമെന്നുമുള്ള വാദങ്ങളും നിലനില്‍ക്കുകയാണ്.സെന്‍സറിങ്ങ് എന്ന ഭരണകൂട എഡിറ്റിങ്ങിനു വിധേയമാകേണ്ടാത്തതാണ് ചലച്ചിത്രോത്സവത്തിലെ സിനിമകള്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലം. പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്ന ഒന്നിന് ഇത്തരം സെന്‍സറിങ്ങ് രാജ്യം നിഷ്‌കര്‍ഷിക്കുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനും മാനസികമായ ആഘാതങ്ങള്‍ ഒഴിവാക്കാനുമെല്ലാമായി വിദഗ്ദരുടെ പാനലാണ് സെന്‍സറിങ്ങ് ബോര്‍ഡിലുള്ളത്.

രാജ്യത്തെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന സംവിധാനമാണ് സെന്‍സറിങ്ങ് ബോര്‍ഡ്. അത്തരം സംവിധാനങ്ങളുടെ നിയന്ത്രണങ്ങളില്ലാതെ തന്നെ സിനിമകള്‍ പ്രദര്‍ശിപ്പുക്കുന്ന, പൂര്‍ണ്ണമായ കലാവിഷ്‌ക്കാരത്തിനുള്ള ഇടമാണല്ലോ ചലച്ചിത്ര മേളകള്‍. അവിടെ പൊതുസ്ഥലം എന്ന നിലയ്ക്ക് പ്രവേശിക്കുകയും വിധി നടപ്പാക്കുകയും ചെയ്തതിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ ചലച്ചിത്ര മേളയുടെ സംഘാടകര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ കഴിഞ്ഞില്ല എന്നതാണ് മേളയില്‍ ഏറ്റവുമധികം ചര്‍ച്ചയായത്.അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് മേളയിലെ ഓരോ സിനിമകളും. ആ ചോദ്യം ചെയ്യലിനു മുന്‍പ് എഴുന്നേറ്റ് നിന്ന് രാജ്യസ്‌നേഹം പ്രകടിപ്പിക്കേണ്ടി വരുന്നതിലൂടെ, അടി'ച്ചേല്‍പ്പിക്കുന്ന' ദേശീയത വിരുദ്ധ ഫലമാണുണ്ടാക്കുന്നതെന്ന് 'കിംകിഡുക്കിന്റെ ദി നെറ്റ്' എന്ന സിനിമയില്‍ ദക്ഷിണ- ഉത്തര കൊറിയകളുടെ ദേശീയഗാനത്തെ ചിത്രീകരിച്ച ഓരോ നിമിഷവും തിയറ്ററില്‍ മുഴങ്ങുന്ന കയ്യടി നല്‍കുന്ന സൂചനയെ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണം. അടിച്ചേല്‍പ്പിക്കുന്ന ദേശീയത എന്ന പേരില്‍ മേളയുടെ ഏഴാം ദിവസം നടന്ന പ്രതിഷേധ കൂട്ടായ്മയും പറഞ്ഞത് അതേ കാര്യമാണ്.

ദേശീയഗാനത്തിന് കാണികളിലേറെപ്പേരും എഴുന്നേല്‍ക്കാതിരുന്ന ആദ്യ ദിനങ്ങള്‍ക്കു ശേഷമായിരുന്നു ജനം ടിവി റിപ്പോര്‍ട്ടര്‍ ശ്രീകാന്ത് ചൂണ്ടിക്കാണിച്ച മാധ്യമ പ്രവര്‍ത്തകരെ മ്യൂസിയം പോലീസ് നിശാഗന്ധിയില്‍ ക്ലാഷ് സിനിമ പ്രദര്‍ശനത്തിനിടെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തുമ്പോള്‍ അവരുടെ പേരില്‍ ഏത് വകുപ്പ് ചാര്‍ജ്ജ് ചെയ്യണം എന്ന് പൊലീസിനു ധാരണയില്ല. ദേശീയ ഗാനത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വകുപ്പില്‍ കേസെടുക്കാനാവുമെന്ന് ചില അഭിഭാഷകര്‍ അഭിപ്രായപ്പെടുമ്പോഴും ദേശീയഗാനം നടക്കുന്ന സമയത്ത് മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ, മറ്റു ശബ്ദങ്ങളോ പ്രവര്‍ത്തികളോ ചെയ്യാതെ ഭിന്നശേഷിക്കാര്‍ ചെയ്യുന്നതു പോലെ ഇരുന്നു കൊണ്ട് ദേശസ്‌നേഹം പ്രകടിപ്പിക്കുന്നവരെ ഏതു വകുപ്പില്‍പ്പെടുത്തി എഫ്‌ഐആര്‍ എഴുതും എന്ന് പൊലീസിന് സംശയമുണ്ടാവുക സ്വാഭാവികം. ഇരിക്കുന്നു എന്നതിലൂടെ ഭിന്നശേഷിക്കാരില്‍ ദേശസ്‌നേഹം ഉണ്ടാകാതിരിക്കുമോ എന്ന ചോദ്യം മേളയിലുണ്ടായി.ദേശീയതയുടെ വിത്തിടേണ്ട പ്രായത്തില്‍ സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്‌കൂളുകള്‍ പിരിയുന്ന സമയത്ത് ദേശീയ ഗാനം ആലപിക്കുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ ആരംഭിക്കുമ്പോഴുള്ള അസംബ്ലിയില്‍ മുഴക്കുന്നത് പലതരം പ്രാര്‍ത്ഥനകളാണ്. എസ്എന്‍ഡിപിയുടെ കോളേജുകളില്‍ ദൈവദശകമാണ്. സാധാരണ ചടങ്ങുകള്‍ പിരിയുമ്പോള്‍ പാടിയിരുന്ന ദേശീയഗാനം സിനിമയ്ക്ക് മുമ്പ് പ്രദര്‍ശിപ്പിക്കുന്നതിനു പകരം സിനിമ തീരുമ്പോഴല്ലേ പ്രദര്‍ശിപ്പിക്കേണ്ടതെന്ന മറ്റൊരു ചോദ്യവുമുണ്ടായി.

പ്രധാനമായും വിമര്‍ശിക്കപ്പെട്ടവര്‍ മാധ്യമങ്ങളിലെ ക്യാമറാമാന്മാരാണ്. ദേശീയഗാനം നടക്കുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കണം എന്ന ഉത്തരവ് ലംഘിച്ച് ഇവര്‍ ഫോട്ടോ പകര്‍ത്തി. അറ്റന്‍ഷനായി നിന്ന് ഫോട്ടോ എടുക്കാനോ വീഡിയോ പകര്‍ത്താനോ ആകില്ല. എന്നാല്‍ ഇവര്‍ പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുന്ന കുറ്റം ചെയ്തിട്ടും പോലീസ് എന്തുകൊണ്ട് കേസെടുക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തില്ലെന്നതും ചോദ്യം ചെയ്യപ്പെട്ടു.

ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കണമെന്നു പറഞ്ഞ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ടാഗോര്‍ തിയറ്ററില്‍ സിനിമ കാണാനെത്തിയപ്പോള്‍ കാണികള്‍ പ്രതിഷേധത്തിന് ദേശീയ ഗാനം ഉപയോഗിക്കുന്നതും മേളയില്‍ കണ്ടു. മന്ത്രിക്കും സ്റ്റാഫിനുമായി മൂന്ന് നിര കസേരകള്‍ ഒഴിച്ചിട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

ദേശീയ ഗാനത്തിന്റെ പേരില്‍ അറസ്റ്റ് നടന്നതിനു പിറ്റേന്ന്, എഴുന്നേറ്റു നില്‍ക്കണമെന്നതിലുറച്ചു നിന്ന ഫെസ്റ്റിവെല്‍ ഡയറക്ടര്‍ കമലും സംവിധായകന്‍ സിബി മലയിലും ഇറങ്ങി വന്നപ്പോള്‍ ദേശഭക്തി ഗാനങ്ങള്‍ പാടിക്കൊണ്ടിരുന്ന 'ഡിങ്കോയിസ്റ്റുകള്‍' പെട്ടെന്ന് ജനഗണമന പാടി. എന്തുചെയ്യണമെന്നറിയാതെ പെട്ടന്നൊന്നു പകച്ചെങ്കിലും സംവിധായകര്‍ അറ്റന്‍ഷനായി നിന്നു. ഗാനം അവസാനിച്ച് മുന്നോട്ട് നടന്നതും വീണ്ടും ദേശീയ ഗാനം പാടിയപ്പോള്‍ ആദ്യം നിന്നെങ്കിലും അവര്‍ നടന്നു പോയി.

പ്രിയ സുപ്രീം കോടതി ബലപ്രയോഗത്തിലൂടെ സ്‌നേഹം സാധ്യമല്ല- എന്ന ബാഡ്ജുകള്‍ പ്രതിനിധികളിലേറെപ്പേരും ധരിച്ചിരുന്നു.

ദേശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുയര്‍ത്തി മേള അവസാനിക്കുമ്പോള്‍, സ്‌ക്രീനില്‍ കണ്ടതില്‍ ഏറ്റവും ആഴത്തില്‍ പതിഞ്ഞത് ദേശീയ ഗാനം തന്നെ.എഴുന്നേറ്റു നില്‍ക്കണമെന്നു വകുപ്പ് മന്ത്രിയും ഫെസ്റ്റിവെല്‍ ഡയറക്ടറും കര്‍ശനമായി പറഞ്ഞതോടെ മേള ബഹിഷ്‌ക്കരിച്ചു പോയ പ്രതിനിധികളും ഏറെയാണ്.
കൊടുങ്ങല്ലൂരിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സുപ്രീം കോടതി ഉത്തരവിനെതിരെ കോടതിയില്‍ പോയതിന് കമലിന്റെ വീടിനു മുന്നില്‍ സമരം നടത്തി ബിജെപി തുടക്കമിട്ട വിവാദം സംവിധായകന്‍ കമലിനു നേരെ തിരിഞ്ഞതും അസഹനീയമായി. കമലിന്റെ നാടാണ് കൊടുങ്ങല്ലൂര്‍ എന്നതാണത്രേ വീടിനു നേരെ തിരിയാനായി ഉണ്ടാക്കിയ കാരണം. എന്നാല്‍ കമലിന്റെ, കമാലുദ്ദീന്‍ എന്ന പേരുയര്‍ത്തി പാക്കിസ്ഥാനിലേയ്ക്ക് പോകണം എന്നതിലേയ്ക്ക് വളര്‍ത്തി ബിജെപി.

മേള തീരുമ്പോള്‍, കമലങ്ങനെ കമാലുദ്ദീനും പാക്കിസ്ഥാന്‍ ചാരനുമായി ചിത്രീകരിക്കപ്പെട്ടു- ദേശീയ ഗാനം നടക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവരോട് വഴക്കിടുകയും ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നും പേരില്‍ ചോദ്യം ചെയ്യപ്പെട്ട അതേ കമല്‍.

ആകെ മൊത്തത്തില്‍ പറഞ്ഞാല്‍ മേളയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സിനിമയ്ക്കു മുമ്പുള്ള ദേശീയഗാനം തന്നെ. എഴുന്നേറ്റു നിന്നവരില്‍ പലരും പേടിച്ചിട്ടാണ് എഴുന്നേല്‍ക്കുന്നതെന്ന് പറയാതിരുന്നുമില്ല.

ചലച്ചിത്ര മേളവിട്ട് ദേശീയഗാനം കേരളത്തിലെ തിയേറ്ററുകളില്‍ മുഴങ്ങാനിരിക്കെ പുതിയ ചര്‍ച്ചകളും പ്രതിഷേധവുമുയര്‍ത്തും. ദേശീയഗാനം ദേശസ്‌നേഹം ഉയര്‍ത്തുമോയെന്ന് സര്‍ക്കാര്‍ ശാസ്ത്രീയമായി പരിശോധിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ ദേശീയഗാനത്തിലെ നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.