ദേശിയഗാനത്തെ അപമാനിച്ചെന്ന് ആരോപണം; കമല്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് യുവമോര്‍ച്ച

പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ കോലം കത്തിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയഗാനത്തോടുള്ള അവഹേളനം തുടര്‍ന്നാല്‍ കമലിനെ തെരുവില്‍ നേരിടുമെന്ന് ഭീഷണിപ്പെടുത്തിയാണു മടങ്ങിയത്.

ദേശിയഗാനത്തെ അപമാനിച്ചെന്ന് ആരോപണം; കമല്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് യുവമോര്‍ച്ച

തിരുവനന്തപുരം: ദേശിയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണികള്‍ തുടരുന്നു. കമല്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച രംഗത്തുവന്നു. കമല്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും ഹിന്ദുവിരുദ്ധ സിനിമകള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചെന്നും ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഐഎഫ്എഫ്‌കെ പ്രധാന വേദിയായ ടാഗോര്‍ തീയേറ്ററിനു മുന്നിലേക്കു മാര്‍ച്ച് നടത്തി.

പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ കോലം കത്തിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയഗാനത്തോടുള്ള അവഹേളനം തുടര്‍ന്നാല്‍ കമലിനെ തെരുവില്‍ നേരിടുമെന്ന് ഭീഷണിപ്പെടുത്തിയാണു മടങ്ങിയത്.

അതേസമയം, ദേശീയഗാനത്തെ അനാദരിക്കാന്‍ കൂട്ടുനിന്നെന്നു ആരോപിച്ച് രാവിലെ തൃശൂര്‍ കൊടുങ്ങല്ലൂരിലുള്ള കമലിന്റെ വീട്ടിലേക്കു ദേശീയഗാനം പാടിക്കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. വഴിവക്കിലിരുന്നു ദേശീയഗാനം പാടിയ ബിജെപി പ്രവര്‍ത്തകര്‍ കമലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതോടെ, പ്രതിഷേധത്തിനായി നടന്നും വഴിവക്കിലിരുന്നും ദേശീയഗാനം ആലപിച്ചവരാണ് ദേശീയതയെ അപമാനിച്ചതെന്ന് വ്യക്തമാക്കി കമല്‍ രംഗത്തെത്തിയിരുന്നു.

ചലച്ചിത്രമേളയില്‍ സിനിമാ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്ന നിയമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്. ദേശീയഗാനത്തെ അവഹേളിക്കുന്നവര്‍ക്ക് കമല്‍ കൂട്ടുനിന്നെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.

Read More >>