കേരളാ പൊലീസിനെ തിരുത്തി കമലിന്റെ ഫിലിം സൊസൈറ്റി; ദേശീയഗാന കേസിൽ നിയമപോരാട്ടം തുടരും

സിവിൽ നിയമലംഘനത്തിന്റെ വകുപ്പിൽ വരുന്ന കുറ്റത്തിന്റെ പേരിൽ അനാവശ്യഭീതിയുണ്ടാക്കുന്ന കേരള പൊലീസ് ആർഎസ്സെസ്സു കളിക്കുകയാണോ? സുപ്രീംകോടതിയിലെ ദേശീയഗാന കേസില്‍ എന്തിന് കക്ഷിചേര്‍ന്നുവെന്ന് കമൽ രക്ഷാധികാരിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി വ്യക്തമാക്കുമ്പോൾ വെളിവാകുന്നത് വേറെന്താണ്?

കേരളാ പൊലീസിനെ തിരുത്തി കമലിന്റെ ഫിലിം സൊസൈറ്റി; ദേശീയഗാന കേസിൽ നിയമപോരാട്ടം തുടരും

ദേശീയഗാന കേസിൽ കക്ഷി ചേർന്നത് വ്യത്യസ്തതകൾക്കും ബഹുസ്വരതയ്ക്കും സമൂഹത്തിൽ ഇടമുണ്ടെന്ന് തെളിയിക്കാനാണെന്ന് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി വ്യക്തമാക്കി. സൊസൈറ്റിയെയും സൊസൈറ്റിയുടെ രക്ഷാധികാരിയായ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമലിനെയും സംഘപരിവാർ സംഘടനകൾ 'ദേശദ്രോഹി'കളെന്ന് പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സൊസൈറ്റിയുടെ വിശദീകരണം. ഫലത്തിൽ, സംഘപരിവാർ പ്രവർത്തകരുടെ പരാതിയുടെ മറവിൽ അനാവശ്യധൃതിയോടെ അറസ്റ്റിനു മുതിർന്ന സംസ്ഥാന പൊലീസിനുകൂടിയുള്ള വിശദീകരണമാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ കുറിപ്പ്.


ശല്യമുണ്ടാക്കാത്തവർക്ക് നിയമം ബാധകമാവില്ല

ദേശീയഗാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമത്തിൽ (The Prevention of Insults to National Honor Act, 1971) ദേശീയഗാനാലാപന സമയത്ത് എണീറ്റു നിൽക്കാത്തവരെ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് സൊസൈറ്റി ചൂണ്ടിക്കാട്ടി. നിയമത്തിലെ മൂന്നാം വകുപ്പ് "ഏതെങ്കിലും വ്യക്തി ദേശീയഗാനം ആലപിക്കുന്നതിനു തടസ്സം സൃഷ്ടിക്കുകയോ ശല്യംചെയ്യുകയോ ചെയ്താല്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കു"മെന്നേ വ്യവസ്ഥചെയ്യുന്നുള്ളൂ. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കാത്തവർ ഇങ്ങനെയാർക്കും തടസ്സമോ ശല്യമോ ഉണ്ടാക്കുന്നില്ലെങ്കിൽ നിയമം ബാധകമാവില്ല - സൊസൈറ്റി ഫെയ്സ് ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 188 വകുപ്പുപ്രകാരം (Disobedience to order duly promulgated by public servant) കേസെടുത്താൽത്തന്നെ ജാമ്യത്തിൽ വിടാൻ പൊലീസ് ബാദ്ധ്യസ്ഥരാണ്. ഒരു മാസം വരെ തടവോ ഇരുനൂറ് രൂപ വരെ പിഴയോ, രണ്ടും കൂടിയോ, ആണ് ഇതിനു ലഭിക്കാവുന്ന പരമാവധി ശിക്ഷ. അതുതന്നെ, കുറ്റാരോപിതൻ സമൂഹത്തിനു ശല്യമോ ബുദ്ധിമുട്ടോ ഉണ്ടാക്കിയെന്നു തെളിയിച്ചാൽ മാത്രം.

എഴുന്നേറ്റു നിൽക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ അടക്കമുള്ള മൂന്നംഗ ബഞ്ച് വിധിയും (Karan Johar v Union of India) ദേശീയഗാനാലാപനത്തിന് എഴുന്നേറ്റുനിൽപ്പ് നിർബന്ധമാക്കിയ രണ്ടംഗബഞ്ചിന്‍റെ ഇടക്കാല ഉത്തരവിനോടൊപ്പം ബാധകമാണെന്നും കോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് സൊസൈറ്റി വ്യക്തമാക്കി. "ചലച്ചിത്ര പ്രദർശനത്തിന് തടസ്സമുണ്ടാക്കി എഴുന്നേറ്റുനിൽക്കുന്നത് ദേശീയഗാനത്തിന്റെ ആദരപദവി കൂട്ടുന്നതിനെക്കാൾ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുകയെന്ന്'' ആ കേസിൽ മൂന്നംഗ ബഞ്ച് പരാമർശിച്ചതാണ് സൊസൈറ്റി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

മൗലിക കടമകളുടെ നടത്തിപ്പ് നിയമസഭകളുടെ ചുമതല


ദേശീയഗാനം ഉള്‍പ്പെടുന്ന ഭാഗം ഭരണഘടനയുടെ 'മൗലികകടമ'കളിലാണ് വരികയെന്നും, അതിന്‍റെ ലംഘനമോ പരിപാലനമോ സുപ്രീംകോടതിയില്‍ ഹര്‍ജി വഴി ചോദ്യംചെയ്യാന്‍ സാധ്യമല്ലെന്നും കോടതിയെ സൊസൈറ്റി ധരിപ്പിച്ചു. 'മൗലികകടമ'കളുടെ പ്രയോഗവല്‍ക്കരണം നിയമനിര്‍മ്മാണസഭയുടെ അധികാരമാണെന്നും അവർ ചൂണ്ടിക്കാട്ടി. തിയേറ്റര്‍ അടച്ചുപൂട്ടരുതെന്ന ഉപഹാര്‍ കേസിലെ ബഹു.സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ദേശീയഗാന ഉത്തരവ് നടപ്പാക്കുമ്പോൾ ഫലത്തിലുണ്ടാവുകയെന്നും സൊസൈറ്റി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എണീറ്റുനില്‍ക്കാന്‍ സാധിക്കാത്ത വികലാംഗർക്കുണ്ടാവുന്ന പ്രയാസവും കൂടെ ഉന്നയിച്ചു.

ഈ പശ്ചാത്തലത്തിൽ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്ന പുതിയ ഉത്തരവ്, ദേശീയഗാനത്തെ അപഹാസ്യമാക്കാനും സിനിമാ തിയറ്ററുകളിൽ നിർഭാഗ്യകരമായ സംഭവവികാസങ്ങളുണ്ടാക്കാനുമേ ഉപകരിക്കൂ എന്ന് ബോധ്യമുള്ളതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചത് - കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി വ്യക്തമാക്കി.

ഫിലിം സൊസൈറ്റിയെ കേസിൽ കക്ഷിചേർത്തു

അഡ്വ. പി വി ദിനേശ് മുഖേന സമര്‍പ്പിച്ച ഹര്‍ജി കേട്ട കോടതി, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെ നിലവിലുള്ള കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ടെന്നും സൊസൈറ്റി അറിയിച്ചു. കൂടാതെ വികലാംഗര്‍ക്ക് അനുകൂലമായും, തിയറ്റര്‍ വാതിലുകള്‍ ലോക്ക്ചെയ്യേണ്ടതില്ലെന്നും പഴയ ഉത്തരവിനെ തിരുത്തി സുപ്രീംകോടതി പുതിയ ഇടക്കാല ഉത്തരവിറക്കിയിട്ടുണ്ട്. ഫെബ്രുവരി 14ന് കേസിൽ സുപ്രീം കോടതി വിശദമായി വാദം കേൾക്കും.

തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിക്കും കമലിനുമെതിരായ പ്രചാരണം. രാജ്യദ്രോഹിയെന്നാരോപിച്ച് കമലിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിനു മുന്നിൽ ദേശീയഗാനം പാടി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

Read More >>