കോടതികളിലും ദേശീയഗാനം വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ഹരജിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. ദേശീയ ഗാനം സംബന്ധിച്ച കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് ദിവസവും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

കോടതികളിലും ദേശീയഗാനം വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ദേശീയ ഗാനം കോടതികളിലും നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി. ഹരജിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. ദേശീയ ഗാനം സംബന്ധിച്ച കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് ദിവസവും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഒരു അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചത്.


എല്ലാ തീയേറ്ററുകളിലും സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുകയും ആ സമയത്ത് സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കുകയും വേണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്തു സമര്‍പ്പിക്കപ്പെട്ട ഹരജിയാണ് കോടതി തള്ളിയത്. തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ദിപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തന്നെയാണ് ഈ ഹരജി പരിഗണിക്കാതിരുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും ഹരജി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഹരജിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു.

ശ്യാം നാരായണ്‍ എന്ന വ്യക്തിയാണ് സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതു സംബന്ധിച്ച് പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ശ്യം നാരായണന് വേണ്ടി അഭിഭാഷകനായ അഭിനവ് ശ്രീവാസ്തവയിലൂടെ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് തീയേറ്ററുകള്‍ പാലിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Read More >>