നീ കബനീദളത്തിലായിരുന്നോ പ്രവർത്തിച്ചത്? നദീറിനോടു പൊലീസ്

2016 മാര്‍ച്ച്‌ മൂന്നിന്‌ ആറളത്ത്‌ സിപിഐ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകരായ ആറുപേര്‍ക്കൊപ്പം താനും 'കാട്ടുതീ' പ്രസിദ്ധീകരണം വിതരണം ചെയ്യാനുണ്ടായിരുന്നതായി തെളിവുണ്ടെന്നാണ്‌ നദീറിനെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ്‌ പറഞ്ഞത്‌.

നീ കബനീദളത്തിലായിരുന്നോ പ്രവർത്തിച്ചത്? നദീറിനോടു പൊലീസ്

കോഴിക്കോട്‌: യുഎപിഎ ചുമത്തി എട്ടോളം വകുപ്പുകള്‍ ചേര്‍ത്ത്‌ കേസെടുത്തെന്നു പൊലീസ്‌ തന്നോടു പറഞ്ഞതായി കസ്റ്റഡിയില്‍ നിന്നു മോചിതനായ നദീര്‍. പരിശോധനയ്‌ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു തയ്യാറാക്കിയ രേഖയിലും യുഎപിഎ എന്നു തന്നെയാണു പൊലീസ്‌ രേഖപ്പെടുത്തിയിരുന്നത്‌. നദീർ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പാണെന്നു സര്‍ക്കാര്‍ അഭിഭാഷകനും പറയുകയുണ്ടായി. 2016 മാര്‍ച്ച്‌ മൂന്നിന്‌ ആറളത്ത്‌ സിപിഐ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകരായ ആറുപേര്‍ക്കൊപ്പം താനും 'കാട്ടുതീ' പ്രസിദ്ധീകരണം വിതരണം ചെയ്യാനുണ്ടായിരുന്നതായി തെളിവുണ്ടെന്നാണ്‌ തന്നെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ്‌ പറഞ്ഞത്‌. ചൊവാഴ്‌ച്ച രണ്ടരയോടെ തലശ്ശേരി സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകരാരെങ്കിലും ഉണ്ടോയെന്നും ഇരിട്ടി ഡിവൈഎസ്‌പി പ്രജീഷ്‌ ചോദിച്ചതായും നദീര്‍ വ്യക്തമാക്കി.


കമല്‍ സി ചവറയെ പരിചരിക്കാന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നില്‍ക്കെ തിങ്കളാഴ്‌ച്ച ഉച്ചയോടെയാണ്‌ മെഡിക്കല്‍ കോളജ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്ത ശേഷം നദീറിനെ ലോക്കപ്പ്‌ ചെയ്‌തത്‌. പിന്നീട്‌ ഇരിട്ടി പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയ ശേഷം അര്‍ധരാത്രി ഒന്നരവരെ സ്‌പെഷ്യല്‍ബ്രാഞ്ച്‌, സംസ്ഥാന ഇന്റലിജന്‍സ്‌, പൊലീസ്‌ എന്നിവര്‍ മാറിമാറി ചോദ്യം ചെയ്‌തു. അതിനു ശേഷം വീണ്ടും ലോക്കപ്പ്‌ ചെയ്‌തു. മാവോയിസ്‌റ്റിലെ ഏത്‌ ദളത്തിലാണു നീ പ്രവര്‍ത്തിക്കുന്നത്‌? കബനീ ദളത്തിലായിരുന്നോ? തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചത്‌. നദീര്‍ പറയുന്നു.നിനക്കു വേണ്ടി സംസാരിച്ച ഗ്രോ വാസു ഉള്‍പ്പെടെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ മാവോയിസ്‌റ്റ്‌ അനുഭാവമുള്ളവരാണ്‌. അതുകൊണ്ടു നിനക്കും ബന്ധമില്ലാതിരിക്കാന്‍ വഴിയില്ലെന്നും പൊലീസ്‌ പറഞ്ഞതായി നദീര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പിന്നീടു മണിക്കൂറുകള്‍ക്കകമാണു ചിത്രങ്ങള്‍ മാറിമറിഞ്ഞത്‌. നിന്നെ റിമാന്‍ഡ്‌ ചെയ്യാന്‍ കഴിയും, പക്ഷേ തല്‍ക്കാന്‍ വിടുകയാണെന്നു പൊലീസ്‌ അറിയിക്കുകയായിരുന്നു. എപ്പോള്‍ വിളിച്ചാലും സ്‌റ്റേഷനില്‍ ഹാജരാകണം. മാത്രമല്ല 2017 ജനുവരി നാലിന്‌ ഇരിട്ടി പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശമുണ്ടെന്നും നദീര്‍ പറഞ്ഞു.

ഖത്തറില്‍ നിന്നു വന്നശേഷം ഈ മാസം വീണ്ടും പോകാനിരിക്കെയാണ്‌ തന്നെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. തന്നെ വിട്ടശേഷമാണ്‌ എകരൂലിലുള്ള വീട്ടില്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. രണ്ടു പൊലീസുകാര്‍ ഇപ്പോഴും വീടിനു പരിസരത്തുണ്ട്‌.

മാവോയിസ്‌റ്റുകള്‍ക്കൊപ്പം കണ്ടെന്നു പറയുന്ന ദിവസം താന്‍ കോഴിക്കോടു നഗരത്തില്‍ തന്നെയുണ്ടായിരുന്നു. ഒരുകാര്യങ്ങളും മാധ്യമങ്ങളോടു പറയരുതെന്നും പൊലീസ്‌ നിര്‍ദേശമുണ്ടായിരുന്നു. ഞാന്‍ പറയുമെന്ന്‌ ഉറപ്പിച്ചു പറഞ്ഞിരുന്നു. ഞാന്‍ കുറ്റക്കാരനല്ലെന്നു കണ്ണൂര്‍ എസ്‌പി നേരിട്ടു പറയുകയും ഇക്കാര്യം മാധ്യമങ്ങളോടു പറയാമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ ഇതുവരെ അതൊന്നുമുണ്ടായില്ലെന്നും തന്നെ കസ്‌റ്റഡിയിലെടുത്തതിലൂടെ പൊലീസ്‌ എന്താണ്‌ ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ അറിയുന്നില്ലെന്നും നദീര്‍ കൂട്ടിച്ചേര്‍ത്തു.

Read More >>