തനിക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍ ഭൂകമ്പമുണ്ടാകുന്നത് കാണാമെന്ന് രാഹുല്‍ ഗാന്ധി

നോട്ടുനിരോധന വിഷയത്തില്‍ തന്റെ പ്രസംഗം കേന്ദ്രസര്‍ക്കാരിന് വെല്ലുവിളിയാവുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നോട്ടുനിരോധനത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

തനിക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍ ഭൂകമ്പമുണ്ടാകുന്നത് കാണാമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ടുനിരോധനം സംബന്ധിച്ച് തനിക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍ അതിലൂടെ ഒരു ഭൂകമ്പം ഉണ്ടാവുന്നത് കാണാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ടുനിരോധന വിഷയത്തില്‍ തന്റെ പ്രസംഗം കേന്ദ്രസര്‍ക്കാരിന് വെല്ലുവിളിയാവുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

നോട്ടുനിരോധനത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ നിരന്തരം ചര്‍ച്ചയ്ക്കു ശ്രമിച്ചിട്ടും ഭരണപക്ഷം തയ്യാറാവുന്നില്ലെന്നും രാജ്യത്തിനകത്തും പുറത്തും ചുറ്റിനടന്നു പ്രസംഗിക്കുന്ന പ്രധാനമന്ത്രി ലോക്‌സഭയില്‍ വരാന്‍ ഭയക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


അതേസമയം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാന്‍ നാലുദിവസം മാത്രം ബാക്കിനില്‍ക്കെ നോട്ടുനിരോധന വിഷയം എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന കാര്യത്തില്‍ ധാരണിലെത്താന്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും കഴിഞ്ഞിട്ടില്ല. നിലവില്‍ ഏതെങ്കിലും ഒരു പ്രത്യേക ചട്ടം അനുസരിച്ചുള്ള ചര്‍ച്ചയ്ക്ക് നിര്‍ദേശമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. എന്നാല്‍ ചട്ടം 184 പ്രകാരം വോട്ടിങ്ങോടു കൂടിയുള്ള ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.