ഞെരളത്ത് കലാശ്രമം സംഘടിപ്പിക്കുന്ന പാട്ടോളത്തിനു ഭാരതപ്പുഴയിൽ തുടക്കമായി

ഈ മാസം 30 വരെ നീണ്ടു നില്‍ക്കുന്ന പാട്ടോളത്തില്‍ 100ലേറെ ഗ്രാമീണ ഗായകര്‍ പാട്ടുകള്‍ അവതരിപ്പിയ്ക്കും.

ഞെരളത്ത് കലാശ്രമം സംഘടിപ്പിക്കുന്ന പാട്ടോളത്തിനു ഭാരതപ്പുഴയിൽ  തുടക്കമായി

പാലക്കാട്: ഞെരളത്ത് കലാശ്രമം സംഘടിപ്പിക്കുന്ന പാട്ടോളത്തിനു ഭാരതപ്പുഴയിൽ  തുടക്കമായി. ലളിതകലാ അക്കാദമി അംഗം ചിത്രകാരി ശ്രീജ പളളം  ചിത്രം വരച്ച് ഉല്‍ഘാടനം ചെയ്തു. ഭാരതപ്പുഴയില്‍ നൂറുമീറ്റര്‍ തുണിയില്‍ ചിത്രം വരച്ച് 'ചിത്രപ്പുഴ' ഒരുക്കിയാണ് ബുധനാഴ്ച പാട്ടോളത്തിന് തുടക്കം കുറിച്ചത്.  200 ഓളം ചിത്രകാരന്‍മാര്‍ ചിത്രവരയില്‍ പങ്കു ചേര്‍ന്നു.

ഈ മാസം 30 വരെ നീണ്ടു നില്‍ക്കുന്ന പാട്ടോളത്തില്‍ 100ലേറെ ഗ്രാമീണ ഗായകര്‍ പാട്ടുകള്‍ അവതരിപ്പിയ്ക്കും. വട്ടപ്പാട്ട്, ഖിസ്സപാട്ട്, കരടികളിപ്പാട്ട്, ഇരവിക്കുട്ടിപ്പാട്ട്, ബലിക്കളപ്പാട്ട് , നായാടിപ്പാട്ട് , മാപ്പിളപ്പാട്ട് , പൊറാട്ടുക്കളിപ്പാട്ട് , കണ്യാര്‍ക്കളിപ്പാട്ട് തുടങ്ങി കേരളത്തിന്റെ തനത്‌ പാട്ടുകള്‍ വിവിധ ഗായകര്‍ അവതരിപ്പിയ്ക്കും. മിഴാവ്, ഇടയ്ക്ക, നന്തുണി തുടങ്ങിയ കൊട്ടുവാദ്യങ്ങളും ഉണ്ടാകും.


കേരളത്തിലെ എല്ലാ ഗ്രാമീണ ഗാനങ്ങളും കൊട്ടുരൂപങ്ങളും കലാകാരൻന്മാർ പാട്ടോളത്തിൽ അവതരിപ്പിക്കും.

പരിപാടിയുടെ രണ്ടാം ദിനമായ ഇന്ന്  പുഴ ശുചീച്ചു. പെറുക്കി കൂട്ടിയ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ശില്പം നിർമ്മിച്ചു. ' പാഴാവില്ല പുഴ' എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍  മോഹന്‍ ചവറ ശില്‍പ്പ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. കുടുംബശ്രീ പ്രവര്‍ത്തർ ശിൽപ്പ നിർമ്മാണത്തിൽ പങ്കുചേർന്നു.

23- വെള്ളിയാഴ്ച്ച 'പാട്ടു തെളിച്ചോര്‍'  എന്ന പരിപാടിയില്‍  കേരളത്തിലെ പ്രസിദ്ധമായ നാടന്‍പാട്ടു സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ അപൂര്‍വ്വ സംഗമവും ലൈവ് ചാറ്റും പാട്ടും നടക്കും. തുടര്‍ന്ന്   പാവക്കൂത്ത് വിദഗ്ദന്‍ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ  പാവ കളി അരങ്ങേറും.

24- ശനിയാഴ്ച്ച തായമ്പക, സോപാന സംഗീതം, നന്തുണിപ്പാട്ട് എന്നിവ ആസ്വാദകരുടെ കാതിലെത്തും. മന്ത്രി എ.കെ ബാലന്‍, ചലചിത്ര നടന്‍ മാമുക്കോയ, യുആര്‍ പ്രദീപ് എം എല്‍ എ തുടങ്ങിയവര്‍ അതിഥികളായി എത്തും.

25- ഞായറാഴ്ച്ച കാവ്യാലാപനം, വട്ടപ്പാട്ട്, ഖിസ്സപാട്ട്, കരടികളിപ്പാട്ട്, ഇരവിക്കുട്ടിപ്പാട്ട്, ബലിക്കളപ്പാട്ട്, നായാടിപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവ അരങ്ങേറും. മന്ത്രി  വി എസ് സുനില്‍കുമാര്‍, പി ഉണ്ണി എംഎല്‍എ, ഇഎം രാധ എന്നിവര്‍ അതിഥികളാവും.

26- തിങ്കളാഴ്ച്ച കാവ്യാലാപനം, കുറുമ്പര്‍പ്പാട്ട്, കോതാമൂരിപ്പാട്ട്, തെയ്യം, തോറ്റം, ചവിട്ടുകളിപ്പാട്ട്,, വില്ലു തായമ്പക, അട്ടപ്പാടിപ്പാട്ടുകളും പാട്ടോളത്തില്‍ അരങ്ങേറും. എം ബി രാജേഷ് എംപി അതിഥിയാകും.

27- ചൊവ്വാഴ്ച്ച തിറയാട്ടുപ്പാട്ടുകള്‍, പൊറാട്ടുകളിപ്പാട്ട്, കണ്യാര്‍ക്കളിപ്പാട്ട്,  തുടങ്ങിയവ അരങ്ങേറും. വി.ടി ബല്‍റാം എംഎല്‍എ അന്നേ ദിവസം അതിഥിയായെത്തും

28 - ബുധനാഴ്ച്ച വയനാട്ടുപാട്ടുകള്‍, മരംകൊട്ടുപാട്ട്, കുടുക്കവീണ കാവ്യാലാപാനം എന്നിവയാണ് പാട്ടോളത്തിലെ ഇനങ്ങള്‍.

29- വ്യാഴാഴ്ച്ച ചുറ്റുപാട്ട്, കുത്തിയോട്ടപ്പാട്ട്, തുയിലുണര്‍ത്തുപ്പാട്ട്, പടയണിത്തോറ്റം, വഞ്ചിപ്പാട്ട്, അയ്യപ്പന്‍പ്പാട്ട് എന്നിവയാണ് നടക്കുന്നത്. മുന്‍ സ്പീക്കര്‍ കെ രാധാക്യഷ്ണന്‍ അതിഥിയായെത്തും.

സമാപന ദിവസമായ  30ന്  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അതിഥിയായെത്തും.കൊട്ടിപ്പാടി സേവ, കൊയ്ത്തുപ്പാട്ട്,  വാദ്യകൈരളി എന്നിവയാണ് സമാപന ദിവസത്തെ പരിപാടികള്‍.

Story by
Read More >>