നോട്ടുനിരോധനം; രാജീവ് ചന്ദ്രശേഖറിനു മനസ്സിലായതും ഏഷ്യാനെറ്റിനു മനസ്സിലാകാത്തതുമായ ക്യാഷ്‌ലെസ്സ് ഇടപാട്

ഡിജിറ്റൽ പണമിടപാടുകൾക്ക് കേന്ദ്രസർക്കാരും റിസർവ്വ് ബാങ്കും വേണ്ടത്ര മുന്നൊരുക്കം നടത്തിയിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖർ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയ്ക്ക് അയച്ച കത്തിൽ പറയുന്നു. ഉടമയ്ക്ക് സംശയങ്ങൾ മാറുന്നില്ലെങ്കിലും ഡിജിറ്റൽ ഇടപാടുകളുടെ മേന്മ വിവരിക്കുകയാണ് 'ക്യാഷ്‌ലെസ്സ് കേരള' ക്യാംപെയ്നിംഗിലൂടെ ഏഷ്യാനെറ്റ് ന്യൂസ്.

നോട്ടുനിരോധനം; രാജീവ് ചന്ദ്രശേഖറിനു മനസ്സിലായതും ഏഷ്യാനെറ്റിനു മനസ്സിലാകാത്തതുമായ ക്യാഷ്‌ലെസ്സ് ഇടപാട്

'ക്യാഷ്‌ലെസ്സ് കേരള' ക്യാംപെയ്നിംഗിലൂടെ ഡിജിറ്റൽ ഇടപാടുകളുടെ മേന്മ പറയുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.  എന്നാൽ ചാനലുടമയും രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖറിന് ക്യാഷ്‌ലെസ്സ് ഇടപാടുകളിലത്ര വിശ്വാസം പോരാ. കള്ളപ്പണക്കാർ അതിന്റെ ഡിജിറ്റൽ വേർഷനായ ബിറ്റ്കോയിൻ ട്രേഡിംഗ് രാജ്യത്ത് തുടങ്ങിയെന്നാണ് രാജീവിന്റെ സംശയം. ഇതിനെ നേരിടാൻ സർക്കാരും റിസർവ്വ് ബാങ്കും മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ കരുതുന്നു.


അത്രയൊക്കെ മുന്നൊരുക്കം നടത്തിയാണോ രാജ്യത്ത്  നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന സംശയവും കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയ്ക് ഈ മാസം 21ന് അയച്ച കത്തിൽ രാജീവ് ചന്ദ്രശേഖർ ഉന്നയിക്കുന്നു. ബാങ്കിംഗ്, പേമെന്റ് സെക്ടർ, ഡിജിറ്റൽ ഇക്കണോമി എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് കാര്യങ്ങളാണ് കത്തിൽ പരാമാർശിക്കുന്നത്.

എന്നാൽ ഇതിനിടയിൽ 'ക്യാഷ്‌ലെസ്സ് കേരള' ക്യാംപെയ്നിംഗിലൂടെ ഡിജിറ്റൽ പണമിടപാടുകളുടെ മേന്മ പറയുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്.  കയ്യിൽ കാശില്ലെങ്കിലും അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ക്രിസ്മസ് കേക്ക് മേടിക്കാം, പേടിഎം അടക്കമുള്ള ഡിജിറ്റൽ ഇടാപടുകളിലൂടെ മുടിവെട്ടാനും, ഓട്ടോറിക്ഷയിൽ പോകാനും കഴിയും തുടങ്ങിയ കാര്യങ്ങളായിരുന്നു 'ക്യാഷ്‌ലെസ്സ് കേരള' യിൽ കഴിഞ്ഞ ദിവസങ്ങളിൽ സംപ്രേഷണം ചെയ്തത്.

ക്യാഷ്‌ലെസ്സ് കേരള- വീഡിയോ സ്റ്റോറി

https://www.youtube.com/watch?v=m4cqbo0-KMk

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റേയും റിസർവ്വ് ബാങ്കിന്റേയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കത്തിൽ പറയുന്നു.  ഇത് നടപ്പാക്കുന്നതിൽ വേണ്ടത്ര മുന്നൊരുക്കം നടത്തിയിട്ടില്ലെന്ന് കത്തിൽ വിമർശനമുണ്ട്.  കത്തിൽ പറയുന്നതിങ്ങനെ-

ജൻധൻ യോജനയിൽ സംശയം ഒഴിവാക്കണം- ജൻധൻ യോജന അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലവിധ അവ്യക്തതകളും ഇല്ലാതാക്കാൻ റിസർവ്വ് ബാങ്കിന് കഴിയണം. ജൻധൻ യോജന അക്കൗണ്ട് തുടങ്ങുന്നതും, അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളും നടപടിക്രമങ്ങളും ബാഹ്കുകളെ അറിയിച്ചിരിക്കണം. മറ്റ് ബാങ്കിംഗ് സംവിധാനങ്ങളിൽ നിന്നും സുരക്ഷിതമായിരിക്കണം ജൻധൻ യോജന

ഇടപാടുകൾക്ക് ആധാർ മാത്രം മതിയോ- വ്യാജ ആധാർ കാർഡുകൾ പലയിടത്തും ഉപയോഗിക്കപ്പെടുന്നുണ്ട്. ഈയടുത്ത് പിടിയിലായ പാകിസ്ഥാൻ ചാരനിൽ നിന്നും വ്യാജ പേരിലുള്ളതും ബയോമെട്രിക് വിവരങ്ങളുള്ളതുമായ ആധാർ കാർഡുകൾ പിടിച്ചെടുത്തിരുന്നു.  ആധാർ ഡാറ്റാബേസ് എത്രത്തോളം വിശ്വസനീയമാണെന്ന സംശങ്ങൾ ഇതുയർത്തുന്നു. അതിനാൽ ബാങ്കിംഗ് ഇടപാടുകൾക്ക് ആധാറിനൊപ്പം മറ്റ് ഐഡന്റിറ്റി പ്രൂഫുകളും നിർബന്ധമാക്കണം.

സുരക്ഷിതമാക്കാൻ തയ്യാറെടുപ്പുകൾ വേണം- ബാങ്കിംഗ് സംവധാനങ്ങൾക്ക് ഡാറ്റാ സെക്യൂരിറ്റി വലിയ വെല്ലുവിളിയാണ്.  അടിസ്ഥാന വികസനം, കുറ്റക്കാരെ ശിക്ഷിക്കുന്നതിനുള്ള നിയമനടപടികൾ തുടങ്ങിയ കാര്യങ്ങൾക്കുള്ള തയ്യാരെടുപ്പുകൾക്ക്  റിസർവ്വ് ബാങ്കും സർക്കാരും മുൻകൈയെടുക്കണം.

ഡിജിറ്റലാവാൻ ഇനിയുമേറെ ചെയ്യാനുണ്ട്-  ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമാക്കുന്നതിന് കൂടുതൽ നിക്ഷേപം നടത്താൻ ധനമന്ത്രാലയം തയ്യാറാകണം. ഇക്കാര്യത്തിൽ വിവരവിനിമയ മന്ത്രാലയവുമായുള്ള യോജിച്ച് ദിശാബോധമുള്ള പ്രവർത്തനമാണ് നടത്തേണ്ടത്.

ഡിജിറ്റലാവുന്ന കള്ളപ്പണത്തെ എങ്ങനെ തടയും-  കള്ളപ്പണലോബി ബിറ്റ്കോയിൽ ട്രേഡിംഗിലേക്ക് മാറുന്നുവെന്ന റിപ്പോർട്ടുകൾ വന്നു തുടങ്ങി. ഇതിനെ തടയാനുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സർക്കാരും റിസർവ്വ് ബാങ്കും എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തി എന്ന കാര്യത്തിലും സംശയമുണ്ട്.

Read More >>