നാം കാഷ്‌ലെസ്സ് ആവുകയാണ്... അംബാനിക്കു വേണ്ടി!

കാശിന്റെ പരിപാടി ഇന്ത്യയിൽ ഉള്ള കാലത്തോളം പേയ്‌മെന്റ് ബാങ്കുകൾക്ക് ഒരു സ്‌കോപ്പും ഇന്ത്യയിൽ ഇല്ല. തലയ്ക്കു വെളിവുള്ള ആരെങ്കിലും ബാങ്കിനു കാശ് അങ്ങോട്ടു കൊടുത്തു കാർഡുകൾ ഉപയോഗിക്കുമോ? ഒരിക്കലുമില്ല. രോഗം വരുന്നത് വരെ മരുന്നുകൾ ആവശ്യമില്ലല്ലോ.

നാം കാഷ്‌ലെസ്സ് ആവുകയാണ്... അംബാനിക്കു വേണ്ടി!

നസറുദ്ദീൻ മണ്ണാർക്കാട്

പേയ്‌മെന്റ് ബാങ്കുകൾ സ്ഥാപിക്കുക എന്ന ആശയത്തിനു ചെറിയ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 2013 സെപ്റ്റംബറിലാണ് നചികേത് മോർ കമ്മിറ്റി ഈ ആശയം ശുപാർശ ചെയ്യുന്നത്. മോദി  സർക്കാർ അധികാരത്തിൽ വന്ന ശേഷം 2014 നവംബറിലാണ് റിസർവ് ബാങ്ക് ഈ ആശയത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കുന്നത്. 2015 ഫെബ്രുവരിയിൽ 41 അപേക്ഷകരുടെ ലിസ്റ്റ് പുറത്തു വിട്ടു. ആ വർഷം ആഗസ്തിൽ 11 കമ്പനികൾക്ക് ലൈസൻസ് നൽകി ഉത്തരവു പുറപ്പെടുവിച്ചു.


ആദിത്യ ബിർള മുതൽ അംബാനി വരെയാണ് ഈ ലിസ്റ്റിൽ ഉണ്ടായിരുന്ന 11 പേർ. പുതിയ ആശയമായതിനാൽ പല കമ്പനികൾക്കും ബിസിനസ്സിനെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലാതെ ഇരുട്ടിൽ തപ്പുകയായിരുന്നു. അതിനാൽ തന്നെ ചോലമണ്ഡലം ഗ്രൂപ് അടക്കം നാലു പേർ ഇതിൽ നിന്നു പിന്മാറുകയാണ് എന്നറിയിച്ചു.

ഇനിയാണ് കഥ ആരംഭിക്കുന്നത്. ഈ ബാങ്കുകൾ സീറോ റിസ്ക് ബിസിനസ്സാണ്. ആർക്കും ലോൺ നൽകുന്നില്ല എന്നതു തന്നെ കാരണം. ഒരു പൈസയും ഒരു ഘട്ടത്തിലും നഷ്ടപ്പെടാത്ത ചാകര ബിസിനസ്സാണിത്. ജനങ്ങൾ ചെലവിടുന്ന പണത്തിനു അവരിൽ നിന്നു തന്നെ പണം ഈടാക്കുന്ന എന്തു കൊണ്ടും ലാഭം മാത്രം കിട്ടുന്ന അക്ഷയ ഖനി. ഒരു തടസ്സം മാത്രമേയുള്ളൂ. ഇങ്ങനെ സ്വന്തം കാശ് സർചാർജ് കൊടുത്ത് ചിലവിടണം എന്നൊരു ആവശ്യം ജനങ്ങൾക്ക് ഉണ്ടാവണമല്ലോ. പരമ്പരാഗത ബാങ്കിംഗ് വഴി കാശ് പേയ്‌മെന്റ് നടത്തുന്ന കുറച്ചു പേർ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. അതും വലിയ കാശ് ചെലവൊന്നുമില്ലാത്ത സുരക്ഷിതമായ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ. പിന്നെയുള്ളതു കുറച്ചു ക്രെഡിറ്റ് കാർഡുകാർ . ബാക്കി ബഹുഭൂരിപക്ഷവും കാശ് പേയ്‌മെന്റ് നടത്തുന്ന നിർഗുണന്മാരാണ്. അവരെ കൊണ്ടു നിലവിൽ കാര്യമില്ല.

കാശിന്റെ പരിപാടി ഇന്ത്യയിൽ ഉള്ള കാലത്തോളം ഈ പേയ്‌മെന്റ് ബാങ്കുകൾക്ക് ഒരു സ്‌കോപ്പും ഇന്ത്യയിൽ ഇല്ല. തലയ്ക്ക് വെളിവുള്ള ആരെങ്കിലും ബാങ്കിനു കാശ് അങ്ങോട്ടു കൊടുത്തു കാർഡുകൾ ഉപയോഗിക്കുമോ? ഒരിക്കലുമില്ല. രോഗം വരുന്നത് വരെ മരുന്നുകൾ ആവശ്യമില്ലല്ലോ.

റിസർവ് ബാങ്ക് ഈ പേയ്‌മെന്റ് ബാങ്കുകൾക്ക് നൽകിയ സമയപരിധി മെഴുകു തിരിപോലെ തീർന്നു കൊണ്ടിരിക്കുകയാണ്. പെട്ടന്നു വല്ലതും ചെയ്തില്ലെങ്കിൽ പണി പാളും. കോർപറേറ്റ് ഭഗവാന്മാരെ പെരുവഴിയിൽ ഉപേക്ഷിക്കാൻ സർക്കാരിനു കഴിയുമോ ? ഇല്ല. പ്രത്യേകിച്ച് അംബാനിയെ.

ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കണം. കയ്യിലിരിക്കുന്ന കാശു കൊണ്ട് ഇനിയൊരു പണിയും നടക്കില്ല എന്നുവരെ തോന്നിക്കണം. അതിനു കാഷ് ലെസ് എകണോമി നടപ്പാക്കണം. 70% ആളുകൾക്ക് ഇന്റർനെറ്റ് എന്താണെന്നു പോലും അറിയില്ല. 50 % ആളുകൾക്ക് ബാങ്ക് അക്കൗണ്ട് പോലുമില്ല. 20 % ആളുകൾക്ക് സ്വന്തം പേര് എഴുതാൻ പോലും കഴിയില്ല. പക്ഷെ ഒരുകാര്യം വ്യക്തമാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ മാർക്കറ്റാണ്. അത് എക്സ്പ്ലോയിറ്റ് ചെയ്യാതെ കിടക്കുന്നത് ശരിയല്ല.

അംബാനിമാർക്ക് വേണ്ടി 'അതീവ രഹസ്യമായി' മോദി  ആ തീരുമാനം എടുത്തു. കള്ളപ്പണത്തിന്റെ പേരു  പറഞ്ഞു കൊണ്ട് കറൻസി പിൻവലിക്കുക. രാജ്യ സ്നേഹത്തിന്റെ ലേബൽ ഒട്ടിച്ചാൽ ഇന്ത്യയിൽ എന്തും അമൃതാണ് എന്ന് മോദിക്ക് അറിയാം. റിസർവ് ബാങ്കിന്റെ സമയപരിധി അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മോഡി ആ തീരുമാനം പ്രഖ്യാപിച്ചു. നവംബർ 8 ന് !!
അംബാനി ഈ തീരുമാനത്തെ അഭിനന്ദിച്ചു.
കൃത്യം രണ്ടു ദിവസം കഴിഞ്ഞു 10 ആം തീയതി അംബാനിയുടെ എസ്ബിഐ - ജിയോ പേയ്‌മെന്റ് ബാങ്ക് നിലവിൽ വന്നു. . റിലയൻസ് മൈക്രോ എ ടി എമ്മുകൾ സജ്ജമാക്കി. എല്ലാവരും ഹാപ്പി.

Paytm പരസ്യത്തിൽ തന്റെ ഫുൾ ഫിഗർ കാണിച്ചു മോഡി ചിരിച്ചു കാണിച്ചു.

മറുവശത്ത് കഥകൾ അറിയാതെ രാജ്യസ്നേഹത്തിന്റെ ഉജ്ജ്വലമായ വികാരം പേറി കുറേ ഈ പേറ്റു നോവ് ഉൾക്കൊണ്ടു കിടന്നു. രാജ്യത്തെ വമ്പൻ മുതലാളിമാർക്ക് വേണ്ടി പാവപ്പെട്ടവർ ക്യൂവിൽ നിന്ന് രാജ്യത്തിന് വേണ്ടി വീരമൃത്യു പുൽകി.

ഇത് കൊണ്ടെന്താണ് കുഴപ്പമെന്നു ചോദിച്ചാൽ ഉത്തരം ലളിതമാണ് .ഇനി ഒരു ചായ വാങ്ങിയാൽ 10 രൂപ ചായക്കടക്കാരനും 1 രൂപ അംബാനിക്കും പോകും. വേറെ കുഴപ്പമൊന്നുമില്ല.