ഒന്നും അവസാനിച്ചിട്ടില്ല, ഇത് തുടക്കം മാത്രം; മന്‍ കി ബാത്തിലൂടെ മുന്നറിയിപ്പുമായി മോദി

രാജ്യത്ത് 30 കോടി ആളുകള്‍ റൂപെയ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ 20 കോടിപേര്‍ പാവപ്പെട്ട കുടുംബാഗങ്ങളാണെന്നും മോദി അവകാശപ്പെട്ടു. നോട്ടുനിരോധനത്തിനു ശേഷം ഇതുവരെ ഡിജിറ്റല്‍ ഇടപാടുകളില്‍ 200 മുതല്‍ 300 ശതമാനം വരെ വര്‍ധനവുണ്ടായെന്നതാണ് മന്‍ കി ബാത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ മറ്റൊരു അവകാശവാദം.

ഒന്നും അവസാനിച്ചിട്ടില്ല, ഇത് തുടക്കം മാത്രം; മന്‍ കി ബാത്തിലൂടെ മുന്നറിയിപ്പുമായി മോദി

ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തുണ്ടാക്കിയ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കു ശേഷം ഭാവി നടപടികള്‍ സംബന്ധിച്ച മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നും അവസാനിച്ചിട്ടില്ലെന്നും ഇത് തുടക്കം മാത്രമാണെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് മോദി വരുംകാല സാമ്പത്തിക നയങ്ങളെ കുറിച്ച് സൂചന നല്‍കിയത്.

കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ നീക്കത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ പലരും ശ്രമിച്ചെന്നും എന്നാല്‍ നോട്ടുനിരോധനത്തിന്റെ സുതാര്യതയെകുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും മോദി പറഞ്ഞു. വന്‍ ശക്തികള്‍ സര്‍ക്കാര്‍ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതു മറികടക്കാന്‍ പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും അത്തരത്തിലൊന്നാണ് നോട്ടുനിരോധനമെന്നും മോദി അഭിപ്രായപ്പെട്ടു.


ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി രണ്ട് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ചെറുകിട കച്ചവര്‍ക്കായി ഡിജി-ധന്‍ വ്യാപാര്‍ യോജന, ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന എന്നിവയാണവ. അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 വരെയാണ് ഈ പദ്ധതികളുടെ കാലാവധി. 15,000 പേര്‍ക്ക് 100 ദിവസത്തേക്ക് 1000 രൂപ വീതമുള്ള സമ്മാനപദ്ധതി നല്‍കുന്നതാണ് ലക്കി ഗ്രഹക് യോജന.

രാജ്യത്ത് 30 കോടി ആളുകള്‍ റൂപെയ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ 20 കോടിപേര്‍ പാവപ്പെട്ട കുടുംബാഗങ്ങളാണെന്നും മോദി അവകാശപ്പെട്ടു. നോട്ടുനിരോധനത്തിനു ശേഷം ഇതുവരെ ഡിജിറ്റല്‍ ഇടപാടുകളില്‍ 200 മുതല്‍ 300 ശതമാനം വരെ വര്‍ധനവുണ്ടായെന്നതാണ് മന്‍ കി ബാത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ മറ്റൊരു അവകാശവാദം. ഓണ്‍ലൈന്‍ പേയ്മെന്റുകളെ പറ്റി അവബോധം നല്‍കുന്ന പരിപാടികളും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

നോട്ട് അസാധുവാക്കിയതു മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സഹകരിച്ച ജനങ്ങള്‍ക്കു താന്‍ നന്ദി പറയുന്നു. ബുദ്ധിമുട്ടുകളെ പറ്റി പലരും അറിയിച്ചിരുന്നതായും എന്നാല്‍ വലിയൊരു മാറ്റത്തിനു വേണ്ടിയാണ് ഈ തീരുമാനമെന്നും മോദി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് സഹായമല്ല, അംഗീകാരമാണു വേണ്ടതെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചതെന്നും അവര്‍ക്കുള്ള പ്രവര്‍ത്തനങ്ങളുടെ മഹത്വമാണ് ക്രിസ്മസിലൂടെ ലോകത്തിനു ലഭിക്കേണ്ട സന്ദേശമെന്നും മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.

Read More >>