പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നു നരേന്ദ്ര മോദി

''ബാങ്കും വാലറ്റും എല്ലാവരുടേയും മൊബൈലില്‍ ലഭ്യമാണ്. ഇങ്ങനെയാണ് മാറ്റമുണ്ടാകുന്നത്. എല്ലാവരും ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറണം'' മോദി പറഞ്ഞു

പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നു നരേന്ദ്ര മോദി

ഗുജറാത്ത്: നോട്ടു നിരോധനത്തെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ലോക്‌സഭയില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ല. അതിനാല്‍ ജനസഭയില്‍ സംസാരിക്കുന്നു എന്നും മോദി പറഞ്ഞു.

അഹമ്മദാബാദിലെ ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പാവങ്ങളെ സഹായിക്കാനാണ് നോട്ടു പിന്‍വലിച്ചത്. നിങ്ങള്‍ക്കെന്നെ എതിര്‍ക്കാം. പണമിടപാടുകള്‍ക്ക് സാങ്കേതി വിദ്യ ഉപയോഗിക്കാന്‍ ആളുകളെ പഠിപ്പിക്കും. പാവങ്ങളെ കൊള്ളയടിക്കുക, മധ്യവര്‍ഗത്തിനെ ചൂഷണം ചെയ്യുക എന്നിവ ഇപ്പോള്‍ ചരിത്രമായിക്കഴിഞ്ഞു. ഇന്ത്യയ്ക്കാവശ്യം വളര്‍ച്ചയാണ്. കള്ളപ്പണവും അഴിമതിയും വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഈ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കണം. ഇന്ന് നിങ്ങളുടെ പേഴ്‌സും ബാങ്കും നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ചുരുങ്ങി. ഇങ്ങനെയാണ് മാറ്റം കൊണ്ടു വരേണ്ടത്.

പ്രതിപക്ഷാംഗങ്ങൾ പാർലമെന്റ് തടസപ്പെടുത്തുന്നതിനെതിരെ കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖർജിയും രംഗത്തെത്തിയിരുന്നു.

Read More >>