കുടിയിറക്കപ്പെടുന്നവരേ... അടുത്ത ജന്മത്തില്‍ ക്രിസ്മസ് ദ്വീപിലെ ഞണ്ടുകളായി ജനിക്കൂ!

വികസനത്തിനു വേണ്ടി ആരെയും കുടിയിറക്കാന്‍ മടിയില്ലാത്ത ഭരണാധികാരികള്‍ ക്രിസ്മസ് ദ്വീപിലെ ഞണ്ടുകളോടു ഭരണകൂടം പുലര്‍ത്തുന്ന മമത കണ്ടു പഠിക്കണം- ദ്വീപിലെ ജനങ്ങള്‍ ഞണ്ടുകള്‍ക്കായി ഗതാഗതം തിരിച്ചു വിടും. നിരത്തിലൂടെ ആരുടേയും ശല്യമില്ലാതെ ഞണ്ടുകള്‍ കടലില്‍ നിന്നു കാട്ടിലേയ്ക്ക് പോകും. ഇതിലും വലിയ എന്തു വികസനമാതൃകയാണ് ഒരു രാജ്യത്തിന് അവതരിപ്പിക്കാനാവുക?

കുടിയിറക്കപ്പെടുന്നവരേ... അടുത്ത ജന്മത്തില്‍ ക്രിസ്മസ് ദ്വീപിലെ ഞണ്ടുകളായി ജനിക്കൂ!

മനുഷ്യരേക്കാള്‍ അധികം ഞണ്ടുകളുള്ള ഒരു ദ്വീപ്. ജനവാസ മേഖലകളിലൂടെ ചുവന്ന പരവതാനി തീര്‍ത്തു നീങ്ങുന്ന ഞണ്ടുകളെ കാണാന്‍ ദ്വീപിലേയ്ക്കു ഒഴുകുന്ന വിനോദ സഞ്ചാരികള്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്മസ് ദ്വീപ് ഓസ്ട്രേലിയയുടെ അധികാര പരിധിയിലുളളതാണ്. ഈ ദ്വീപിലെ ജനസംഖ്യ 2500 മാത്രമാണെങ്കിലും ഇവിടെയുള്ള ചുവന്ന ഞണ്ടുകളുടെ എണ്ണം ലക്ഷക്കണക്കിനാണ്. 135 കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ദ്വീപിനെ പ്രശസ്തമാക്കുന്നത് അവിടുത്തെ ബീച്ചുകളും പിന്നെ ചുവന്ന ഞണ്ടുകളുമാണ്. 80 കി.മീറ്റര്‍ കടല്‍ത്തീരമുള്ള ദ്വീപില്‍ ഒമ്പത് ബീച്ചുകളാണുള്ളത്.


കാടുകളില്‍ നിന്ന് ഇണചേരാന്‍ കടല്‍ത്തീരത്തേയ്ക്കു നിരനിരയായി നീങ്ങുന്ന ലക്ഷക്കണക്കിനു ഞണ്ടുകളാണ് ഈ ദ്വീപിന്റെ സവിശേഷത. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് അതീജീവനത്തിനു വേണ്ടിയുളള ഈ കാടിറക്കം. ചുവപ്പു പരവതാനിയുടെ കാഴ്ച എന്ന പേരില്‍ അറിയപ്പെടുന്ന ഈ കാടിറക്കം കാണുന്നതിനു വേണ്ടിയാണ് പ്രധാനമായും ടൂറിസ്റ്റുകള്‍ ഈ ദ്വീപില്‍ എത്തുന്നതും.

ആണും പെണ്ണും ഒരുമിച്ചാണു കാടിറങ്ങുന്നതെങ്കിലും കടല്‍ത്തീരത്ത് ആദ്യമെത്തുക ആണ്‍ ഞണ്ടായിരിക്കും. കുടുംബത്തിനു വേണ്ടി മാളങ്ങള്‍ ഒരുക്കുക ആണിന്റെ പണിയാണ്. കടല്‍ത്തീരത്ത് ഇണചേര്‍ന്നതിനു ശേഷം പെണ്‍ ഞണ്ടുകള്‍ മുട്ടയിടുന്നതും അടയിരിക്കുന്നതും ഈ മാളത്തിലാണ്. ഇണ ചേര്‍ന്ന ശേഷം ഉടന്‍ തന്നെ ആണ്‍ ഞണ്ടുകള്‍ കാടു കയറും. രണ്ടാഴ്ചയോളം അടയിരുന്നതിനു ശേഷമാകും പെണ്‍ ഞണ്ടുകള്‍ മടങ്ങുക.

https://www.youtube.com/watch?v=SLoXDFDeD9E

മുട്ട വിരിഞ്ഞതിനു ശേഷം കുറച്ചു നാള്‍ കുഞ്ഞുങ്ങള്‍ കടലില്‍ തങ്ങിയതിനു ശേഷം കാടു കയറാന്‍ തുടങ്ങും. ചന്ദ്രന്റെ വളര്‍ച്ചക്കും ക്ഷയത്തിനും അനുസരിച്ചു കൃത്യമായിട്ടാണ് ഈ ഞണ്ടുകള്‍ കാടിറങ്ങുന്നതെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇണച്ചേരുന്നതും മുട്ട കടലില്‍ തളളുന്നതുമെല്ലാം കൃത്യമായ ഇടവേളകളിലാണ്. വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങള്‍ വഴി തെറ്റാതെ കാടു കയറുകയും ചെയ്യും.

ഈ ഞണ്ടുകളെ വളരെയധികം ശ്രദ്ധയോടെയാണ് ഭരണകൂടവും ജനങ്ങളും സംരക്ഷിക്കുന്നത്. ഞണ്ടുകള്‍ക്കു വേണ്ടി പ്രത്യേകം നടപ്പാത തന്നെ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടത്തെ മിതശീതോഷ്ണ കാലാവസ്ഥ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി ക്രിസ്മസ് ദ്വീപിനെ മാറ്റുന്നു. ജൂലൈ മുതല്‍ നവംബര്‍ വരെയാണ് ഇവിടുത്തെ ടൂറിസം സീസണ്‍. ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്നും 2,600 കി.മീറ്റര്‍ ദൂരത്തായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ഒരു കാലത്തു നാലരകോടിയോളം ചുവന്ന ഞണ്ടുകള്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് കണക്ക്. മനുഷ്യന്റെ അധിനിവേശവും ഈ ദ്വീപുകളില്‍ കാണപ്പെടുന്ന മഞ്ഞ നിറത്തില്‍ വലുപ്പമുളള ഉറുമ്പുകളും ഞണ്ടുകളുടെ എണ്ണത്തില്‍ ക്രമാതീതമായി കുറവുണ്ടാകുവാനുളള കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

https://www.youtube.com/watch?v=TpK4M41QEog&t=2335s

ഭ്രാന്തന്‍ ഉറുമ്പുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നതു തന്നെ. ഇവ പുറപ്പെടുവിക്കുന്ന ഫോമിക് ആസിഡ് ഞണ്ടുകളുടെ കണ്ണുകളിലും കാലുകളിലും സ്പ്രേ ചെയ്തതിനു ശേഷം ഇവയെ ചലനരഹിതമാക്കി സാവധാനം ഭക്ഷണമാക്കുകയാണ് ചെയ്യുന്നത്. 1.5 കോടിയോളം ഞണ്ടുകളെ ഈ ഭീമാകരന്‍ ഉറുമ്പുകള്‍ കൊലപ്പെടുത്തിയുണ്ടെന്നാണ് കണക്ക്.


https://www.youtube.com/watch?v=2Wiv4ioArnM

ഞണ്ടിന്റെ പ്രജനന കാലത്തു മനുഷ്യവാസ പ്രദേശങ്ങളിലും ഇവ സാന്നിധ്യമറിയിക്കും. റോഡിലൂടെ കൂട്ടമായി കടല്‍ത്തീരത്തേക്ക് പോകുന്ന ഞണ്ടുകളുടെ കാഴ്ച കാണാം. ഗതാഗതം പോലും ഞണ്ടുകള്‍ക്കായി വഴി തിരിച്ചു വിടും.

ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ജനവിഭാഗങ്ങളില്‍ 75 ശതമാനവും ബുദ്ധ മതക്കാരാണ്. 12 ശതമാനം ക്രിസ്ത്യാനികളും 10 ശതമാനം മുസ്ലിംകളുമാണ് ഇവിടെയുള്ളത്. സങ്കര ജനവിഭാഗമായതിനാല്‍ ചൈനീസും മലായും സംസാരിക്കുന്നവരും ഇവിടെയുണ്ട്. ഒരു ഫെഡറല്‍ ഭരണഘടനയാണ് ഇവിടെയുള്ളത്.- വികസനത്തിനു വേണ്ടി ആരെയും കുടിയിറക്കാന്‍ മടിയില്ലാത്ത ഭരണാധികാരികള്‍ ക്രിസ്മസ് ദ്വീപിലെ ഞണ്ടുകളോട് ഭരണകൂടം പുലര്‍ത്തുന്ന മമത കണ്ടു പഠിക്കണം.