ഹിന്ദുത്വ രാഷ്ട്രീയത്തിനു പുതുവർഷ പ്രഹരമേകാൻ രണ്ടു ജ്ഞാന വൃദ്ധർ: എംജിഎസും എംടിയും

'ഇതുപോലൊരു ചരിത്ര സന്ദർഭത്തിൽ ഒരു ചരിത്രകാരൻ പറയേണ്ടതെല്ലാം' പറയാൻ പോകുന്നു അഞ്ചു വൈകുന്നേരങ്ങളിലായി എം ജി എസ്. എം ടി ഉയർത്തിയ വിമർശനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എഴുത്തുകാർ സംഗമിക്കുന്നു, പുതുവർഷ സായന്തനത്തിൽ. അങ്ങനെ, പുതുവർഷത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ സാംസ്കാരിക പ്രതിരോധത്തിൽ മുൻനിൽക്കാൻ പോകുന്നത് സവർണ്ണ എഴുത്തുകാരനെന്ന് വിളിക്കപ്പെടുന്ന എംടിയും, ഹിന്ദുത്വാനുകൂലിയെന്ന് അധിക്ഷേപിക്കപ്പെടുന്ന എംജിഎസുമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിനു പുതുവർഷ പ്രഹരമേകാൻ രണ്ടു ജ്ഞാന വൃദ്ധർ: എംജിഎസും എംടിയും

പുതുവത്സരത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ സാംസ്കാരിക പോരാട്ടത്തിൽ നായകരാവാൻ പോകുന്നത് സവർണ്ണതയുടെയും ഹിന്ദുത്വാഭിമുഖ്യത്തിന്റെയും പേരിൽ മതനിരപേക്ഷ പക്ഷത്തുനിന്ന് കാലങ്ങളായി അധിക്ഷേപിക്കപ്പെടുന്ന രണ്ടു സാംസ്കാരിക നായകരാണ് - എം ടി വാസുദേവൻ നായരും എംജിഎസ് നാരായണനും. ഇവർ മുന്നണിയിൽ നിരക്കുന്ന രണ്ടു സാംസ്കാരിക സദസ്സുകൾ ജനുവരിയിൽ കോഴിക്കോട്ട് നടക്കും. പുതുവർഷദിനത്തിൽ 'എം ടി ഐക്യദാർഢ്യസദസ്സും രണ്ടാം ആഴ്ചയിൽ എംജിഎസിന്റെ ദേശീയതാ പ്രഭാഷണ പരമ്പരയും.


എം ടിക്കും എം ജി എസിനുമെതിരായ സെക്കുലർ പക്ഷ വിമർശനങ്ങൾ ഇന്നും ഇടതുപക്ഷ- മതനിരപേക്ഷ ചർച്ചകളിൽ പ്രബലമായി നിലനിൽക്കുന്നവയാണ്. തുഞ്ചൻ പറമ്പിനെ മതനിരപേക്ഷ ഇടമാക്കി നിലനിർത്താൻ എം ടി വഹിച്ച പങ്കിനെ ഉയർത്തിപ്പിടിക്കുമ്പോഴും എം ടിയുടെ സാഹിത്യത്തെ മൃദുഹിന്ദുത്വത്തിന്റെ ഞാറ്റുപുരയായി കരുതുന്നവരാണ് വലിയൊരു പങ്ക് ഇടതുപക്ഷ സാംസ്കാരിക വിമർശകരും. എം ജി എസിന്റെ കാര്യത്തിലാണെങ്കിൽ, ആർഎസ്എസ്സുകാരനെന്നു പോലും തുറന്നധിക്ഷേപിക്കൽ മതനിരപേക്ഷ സംഘങ്ങൾക്ക് കാലങ്ങളായി ശീലമാണ്.
ഇതേ എഴുത്തുകാരാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പ്രതിരോധങ്ങൾക്ക് ഇടതുപക്ഷ- മതനിരപേക്ഷ സദസ്സുകൾക്ക് പുതുവർഷത്തുടക്കത്തിൽ ഊർജം പകരാൻ പോകുന്നത്.

'സാംസ്കാരിക കേരളം എം ടിക്കൊപ്പം'

ജനുവരി ഒന്നിനു കോഴിക്കോട് ടൗൺ ഹാളിൽ കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഒരുക്കുന്ന എം ടി ഐക്യദാർഢ്യസദസ്സാണിതിൽ ഒന്നാം വേദി. നോട്ടു പ്രശ്നത്തിലെ വിമർശനത്തെ പ്രകോപനമാക്കി എം ടിക്കെതിരെ സംഘപരിവാരനുകൂലികൾ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കെതിരെ വലിയൊരു നിര എഴുത്തുകാർ ഇതിൽ പങ്കെടുക്കും.

എം പി വീരേന്ദ്രകുമാർ, എം ജി എസ്, യു എ ഖാദർ, കമൽ, ഡോ. എം എം ബഷീർ, കെ പി രാമനുണ്ണി, ഖദീജ മുംതസ്, ടി പി രാജീവൻ, വി ആർ സുധീഷ്, ഡോ. എ അച്യുതൻ, പോൾ കല്ലാനോട്, കബിത മുഖോപാധ്യായ, കെ പി സി സി ജനറൽ സെക്രട്ടറി പി എം സുരേഷ് ബാബു, പി കെ ഗോപി, പി കെ പാറക്കടവ് തുടങ്ങി വിവിധ സാംസ്കാരിക മേഖലകളിൽ നിന്നുള്ളവർ 'സാംസ്കാരിക കേരളം എം ടിക്കൊപ്പം' എന്നു പേരിട്ട ഈ സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറയുന്നു. വൈകീട്ട് നാലിനാണ് പരിപാടി.

ജനഗണമന: എം ജി എസിന്റെ ദേശീയതാ പ്രഭാഷണ പരമ്പര

പാഠഭേദം ഇനിഷ്യേറ്റീവ് ഒരുക്കുന്ന ദേശീയതയെക്കുറിച്ചുള്ള എം ജി എസിന്റെ പ്രഭാഷണ പരമ്പരയാണ് രണ്ടാമത്തെ സദസ്സ്. 'ജനഗണമന' എന്ന പേരിൽ ജനുവരി 9, 1O, 11, 13, 14 എന്നിങ്ങനെ അഞ്ചു വൈകുന്നേരങ്ങളിൽ ഡോ. എം ജി എസ് കോഴിക്കോട് പൊലീസ് ക്ലബ് ഓഡിറ്റോറിയത്തിൽ സംസാരിക്കും - വൈകീട്ട് അഞ്ചു മുതൽ ഏഴുവരെ.

ദേശവും ദേശീയതയും അന്നും ഇന്നും, ദേശീയ ഗാനം, ദേശീയ പതാക, ഹിന്ദുവും ഹിന്ദുത്വവും, രാമായണം ഫിക്ഷനോ ചരിത്രമോ, ദേശീയതയുടെ പുനർ നിർവചനം എന്നീ അഞ്ചു വിഷയങ്ങളിലാണ് എം ജി എസ് പാഠഭേദം പരിപാടിയിൽ സംസാരിക്കുക. 'ഇതുപോലൊരു ചരിത്ര സന്ദർഭത്തിൽ ഒരു ചരിത്രകാരൻ പറയേണ്ടതെല്ലാം' എന്ന് പ്രഭാഷണ പരമ്പരക്ക് ആമുഖം പറയുന്നു, മുഖ്യ സംഘാടകൻ സിവിക് ചന്ദ്രൻ.

Read More >>