എബോളയെ പ്രതിരോധിക്കാന്‍ മെര്‍ക്കിന്റെ വാക്സിന്‍ എത്തുന്നു

കുട്ടികളിലും രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലും എച്ച്ഐവി ബാധിതരിലും ഈ വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് ഇനിയും ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്.

എബോളയെ പ്രതിരോധിക്കാന്‍ മെര്‍ക്കിന്റെ വാക്സിന്‍ എത്തുന്നു

പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ച എബോള വാക്സിന്‍ ഫലപ്രദം എന്ന് ഗവേഷകര്‍. ഗ്വിനിയയിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകാരോഗ്യസംഘടന, ഗ്വിനിയ ആരോഗ്യമന്ത്രാലയം, ചില അന്താരാഷ്ട്ര ഏജന്‍സികള്‍ എന്നിവരാണ് ഈ പരീക്ഷണം നടത്തിയത്.

rVSV-ZEBOV എന്നാണ് വാക്സിന്റെ പേര്.

പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള ബാധയുണ്ടായ സമയത്താണ് ഈ വാക്സിന്‍ ഏകദേശം 12000 പേരില്‍ പരീക്ഷിച്ചത്. 5800 പേര്‍ക്ക് വാക്സിന്‍ എടുത്തതിനു ശേഷം രോഗബാധയുണ്ടായില്ല എന്ന് ഇവര്‍ വിവരിക്കുന്നു. എന്നാല്‍ ഇത് എടുക്കാത്തവരില്‍ 23 പേര്‍ക്ക് എബോള ബാധയുണ്ടാകുകയും ചെയ്തു.


ശരീര ദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. തുടക്കത്തില്‍ രോഗനിര്‍ണ്ണയം നടത്താനായാല്‍ രോഗിയെ രക്ഷിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം മുതല്‍ മൂന്നാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമാണ് പൊതുവായി രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക എന്നതാണ് ചികിത്സ ദുഷ്‌ക്കരമാക്കുന്നത്.

കുരങ്ങ് പോലുള്ള മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരില്‍ എത്തിയത്. മലേറിയ, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് സമാനമായ വൈറല്‍ രോഗമാണ് എബോളയും.
"എബോള ബാധിതരായി ഇതുവരെ മരണപ്പെട്ടവരെ ഓര്‍ത്തു ദുഖിക്കുന്നു. എന്നാല്‍ ഇനി അങ്ങനെയുണ്ടാകില്ല. എബോളയെ പ്രതിരോധിക്കാന്‍ നമുക്ക് ഇനിയും സാധിക്കും."

ലോകാരോഗ്യസംഘടനയുടെ അസ്സിസ്റ്റന്റ്റ് ഡയറക്ടര്‍ മേരി പോള്‍ കീന്‍ ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാക്സിന്‍ നിര്‍മ്മാതാക്കളായ മെര്‍ക്ക് 2017 അവസാനത്തോടെ ഈ വാക്സിന്‍ റെഗുലേറ്ററി അംഗീകാരത്തിനു നല്‍കും. ഇടക്കാലത്തേക്ക് അടിയന്തരസാഹചര്യം ഉണ്ടാകുന്ന അവസ്ഥയില്‍ ആവശ്യപ്പെടുമെങ്കില്‍ 300,000 ഡോസ് വാക്സിന്‍ തങ്ങള്‍ ലഭ്യമാകുന്നതാണ് എന്നും മെര്‍ക്ക് അറിയിച്ചു.

കുട്ടികളിലും രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലും എച്ച്ഐവി ബാധിതരിലും ഈ വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് ഇനിയും ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്.(ഡിസംബര്‍ 22 ന് പ്രസിദ്ധീകരിച്ച 'ദി ലാന്‍സറ്റില്‍' നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് ) 

Read More >>