നോട്ട് അസാധുവാക്കലിലൂടെ ജനാധിപത്യത്തെയാണ് മോദി അസാധുവാക്കിയതെന്നു മേധാ പട്കർ

അധ്വാനിക്കുന്നവന്‍ അവന്റെ പണത്തിനായി യാചിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ രാജ്യത്തെ എത്തിച്ചത് അപമാനകരമാണെന്ന് മേധാപട്കര്‍ .

നോട്ട് അസാധുവാക്കലിലൂടെ ജനാധിപത്യത്തെയാണ് മോദി അസാധുവാക്കിയതെന്നു മേധാ പട്കർ

പാലക്കാട്: കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ചു പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. അധ്വാനിക്കുന്നവന്‍ അവന്റെ പണത്തിനായി യാചിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ രാജ്യത്തെ എത്തിച്ചത് അപമാനകരമാണെന്ന് മേധാപട്കര്‍ പറഞ്ഞു. കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെ പറ്റി പറയുമ്പോള്‍ അതിലേയ്ക്ക് മാറാന്‍ തക്കവണ്ണം രാജ്യം വളര്‍ന്നിട്ടുണ്ടോ എന്നു കൂടി ചിന്തിക്കേണ്ടതായിരുന്നു എന്നും മേധാ പട്കർ പറഞ്ഞു.

സത്യത്തില്‍ നോട്ട് അസാധുവാക്കലിലൂടെ ജനാധിപത്യത്തെയാണ് മോദി അസാധുവാക്കിയിരിക്കുന്നതെന്ന് മേധാ പട്കർ കുറ്റപ്പെടുത്തി. ചെര്‍പ്പുളശ്ശേരി അടയ്ക്കാപുത്തൂരില്‍ ഇന്ത്യനൂര്‍ ഗോപി സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.


ഭാരതപ്പുഴയുടെ തീരങ്ങളിലും മേധാ പട്കർ സന്ദര്‍ശനം നടത്തി. പരിസ്ഥിതി വിഷയത്തില്‍ ഇടതുപക്ഷത്തെ പ്രതീക്ഷയോടെ കണ്ടിരുന്നെങ്കിലും ഇപ്പോഴതു നഷ്ടമായതായി അവര്‍ പറഞ്ഞു. ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പ്രഖ്യാപിച്ചത്. പ്രകൃതിയും സംസ്‌കാരവും ഉള്‍ക്കൊണ്ടുള്ള വികസന പദ്ധതികളാണ് വേണ്ടെതന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ പുഴകളെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. ഭാരതപ്പുഴയും അതിവേഗം നശിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പുഴകളും സഹ്യപര്‍വതവും നശിപ്പിക്കപ്പെട്ടു തുടങ്ങി. എങ്കിലും ഇവിടെ പ്രതീക്ഷയുണ്ട്. ശക്തമായ സര്‍ക്കാര്‍ സംവിധാനം ഇടപ്പെട്ടാല്‍ ഇവയെ സംരക്ഷിക്കാന്‍ കഴിയുമെന്നും മേധാ പട്കര്‍ പറഞ്ഞു.

Read More >>