ചാമ്പ്യൻസ് ലീഗ്: റയൽ - ഡോർമുണ്ട് മത്സരം സമനിലയിൽ

ടോട്ടനം ഹോട്ട്‌സ്പുർ - സി.എസ്.കെ.എ മോസ്‌ക്വ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്റെ ജയം

ചാമ്പ്യൻസ് ലീഗ്: റയൽ - ഡോർമുണ്ട് മത്സരം സമനിലയിൽ

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് - ബറൂസിയ ഡോർമുണ്ട് മത്സരം സമനിലയിൽ. 28-ആം മിനുറ്റിൽ ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസമ റയലിനെ ആദ്യം മുന്നിലെത്തിച്ചതിന് ശേഷം പിന്നീട് ഒന്നാം പകുതിയിൽ ഗോളൊന്നും പിറന്നില്ല.

രണ്ടാം പകുതിയുടെ 53-ആം മിനുറ്റിൽ ഡബിൾ തികച്ച് നാട്ടുകാരനായ കോച്ച് സിദാന്റെ വിശ്വാസം ബെൻസമ കാത്തെങ്കിലും ഏഴുമിനുറ്റിനകം ജർമൻ ക്ലബ് തിരിച്ചടിച്ചു. ഓബമേയങായിരുന്നു 60-ആം മിനുറ്റിൽ റയലിന്റെ വല കുലുക്കിയത്. പിന്നീട് കളി നിറുത്താൻ രണ്ടു മിനുറ്റ് മാത്രം ശേഷിക്കെ റീസ് കൂടി പന്ത് റയലിന്റെ വലയ്ക്കുള്ളിൽ എത്തിച്ചതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.

മറ്റു മത്സരങ്ങളിൽ മൊണാകോയെ ബയേർ ലലെവർക്യൂസനും(3-0) ക്ലബ് ബ്രഗിനെ കോബെൻഹവനും (2-0) ഡയനാമോ സഗ്രെബിനെ യുവന്റസും(2-0) സ്‌പോർട്ടിങ് സി.പിയെ ലെഗിയ വാർസ്വാവയും (1-0) ലെസ്റ്റർ സിറ്റിയെ പോർട്ടോയും(5-0) സി.എസ്.കെ.എ മോസ്‌ക്വയെ ടോട്ടനം ഹോട്ട്‌സപുരും (3-1) തോൽപ്പിച്ചു. ഒളിമ്പിക് ലയോണൈസ് - സെവില്ല മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയെ പോർട്ടോ വലിയ മാർജിനിൽ തോൽപ്പിച്ചത് ചാമ്പ്യൻസ് ലീഗിലെ മറ്റൊരു പ്രത്യേകത. എതിരില്ലാത്ത അഞ്ചു ഗോളുകൾ വാങ്ങി നാണം കെട്ട തോൽവിയാണ് പ്രീമിയർ ലീഗിലെ അട്ടിമറി ചാമ്പ്യൻമാർക്ക് പിണഞ്ഞത്. പോർട്ടോയ്ക്ക് വേണ്ടി ആൻഡ്രെ സിൽവ രണ്ടു ഗോളും കൊറോണ, ബ്രഹിമി ഡിയഗോ ജോട്ട എന്നിവർ ഓരോ ഗോൾ വീതവും നേടി. യുവന്റസ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഡയനാമോ സഗ്രെബിനെ തകർത്തത്. ഹിഗ്വയിനും റുഗാനിയുമാണ് സ്‌കോറർമാർ. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

ടോട്ടനം ഹോട്ട്‌സ്പുർ - സി.എസ്.കെ.എ മോസ്‌ക്വ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്റെ ജയം. മത്സരത്തിന്റെ 33-ആം മിനുറ്റിൽ ഡഗോവിലൂടെ സി.എസ്.കെ.എ ആയിരുന്നു മുന്നിലെത്തിയത്. എന്നാൽ അഞ്ചു മിനുറ്റിനകം അലി ടോട്ടനത്തിനായി ഗോൾ മടക്കി. പിന്നീട് ഒന്നാം പകുതിക്ക് കളി നിറുത്തുന്നതിന് തൊട്ടു മുൻപുള്ള ഇൻജ്വറി ടൈമിൽ കെയിൻ ടോട്ടനം ലീഡ് നേടി. രണ്ടാം പകുതിയിൽ കളി ആരംഭിച്ച് ഇരുപക്ഷവും ആക്രമിച്ച് കളിച്ചെങ്കിലും സി.എസ്.കെ.എയുടെ അക്വിൻഫീവിന് പറ്റിയ അബദ്ധം സെൽഫ് ഗോളിൽ കലാശിച്ചു. ഇതോടെ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം സ്വന്തമാക്കി.

Read More >>