അട്ടപ്പാടിയിലെ മാവോയിസ്റ്റുകൾ നാലാംഘട്ടത്തിലേക്ക്; തിരിച്ചടിക്കൊരുങ്ങി തണ്ടര്‍ബോള്‍ട്ടും പോലീസും

വരും ദിവസങ്ങളില്‍ അട്ടപ്പാടിയിലെ ചില കേന്ദ്രങ്ങളില്‍ നിന്നു മാവോയിസ്റ്റുകളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തണ്ടർബോൾട്ടിന്റെ സഹായത്തോടെ ചില നീക്കങ്ങൾ അവർ ആസൂത്രണം ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾ നിലയുറപ്പിച്ചു കഴിഞ്ഞാൽ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നാണ് പോലീസ് നിഗമനം.

അട്ടപ്പാടിയിലെ മാവോയിസ്റ്റുകൾ നാലാംഘട്ടത്തിലേക്ക്; തിരിച്ചടിക്കൊരുങ്ങി തണ്ടര്‍ബോള്‍ട്ടും പോലീസും

പാലക്കാട്: നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്ക് മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചു. പ്രതിരോധിക്കാനും  തിരിച്ചടിക്കാനാണ് തണ്ടര്‍ബോള്‍ട്ടിന്റേയും നീക്കം.

വരും ദിവസങ്ങളില്‍  അട്ടപ്പാടിയിലെ ചില കേന്ദ്രങ്ങളില്‍ നിന്നു  മാവോയിസ്റ്റുകളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തണ്ടർബോൾട്ടിന്റെ സഹായത്തോടെ ചില നീക്കങ്ങൾ അവർ ആസൂത്രണം ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾ നിലയുറപ്പിച്ചു കഴിഞ്ഞാൽ  കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നാണ് പോലീസ് നിഗമനം.


അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ പരസ്യമായി രംഗത്തിറങ്ങുന്നു

നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം അപ്രതീക്ഷിതമായ പിന്തുണ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നാണ് മാവോയിസ്റ്റുകൾ വിലയിരുത്തുന്നത്.  പൊതുസമൂഹവും ചില മാധ്യമങ്ങളും തങ്ങൾക്കൊപ്പമുണ്ടെന്ന് അവർ കരുതുന്നു. ഇതിനെത്തുടർന്നാണ് അട്ടപ്പാടിയിലെ ഊരുകളിൽ  മാവോയിസ്റ്റുകള്‍ പരസ്യമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. വീണ്ടും ആക്രമണം നടത്തുന്നത് പോലീസിനെ കൂടുതൽ പ്രതിരോധത്തിലാവും എന്ന് അവർ കണക്കുകൂട്ടുന്നു.

തങ്ങളുടെ രണ്ടു  നേതാക്കളെ പോലീസ് വെടിവെച്ചുകൊന്നുവെങ്കിലും ഉടനൊരു തിരിച്ചടിയ്ക്ക് മാവോയിസ്റ്റുകൾ തയ്യാറല്ല. അത്തരം തിരിച്ചടി പൊതുസമൂഹത്തില്‍ ഇപ്പോഴുള്ള പിന്തുണ ഇല്ലാതാകുമെന്നും അവർക്കിടയിൽ അഭിപ്രായമുണ്ട്. എന്നാല്‍ പ്രവർത്തകരുടെ ആത്മവീര്യം നിലനിർത്താൻ തിരിച്ചടി വേണമെന്ന അഭിപ്രായം നേരത്തെ ശക്തമായിരുന്നു.

അട്ടപ്പാടിയിലെ 192 ഊരുകളില്‍ 54 ഊരുകളിലും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം

അട്ടപ്പാടിയിലെ 192 ഊരുകളില്‍ 54 ഊരുകളിലും ഇപ്പോള്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ നാരദ ന്യൂസിനോട് പറഞ്ഞു. പുതൂര്‍ പഞ്ചായത്തിലെ ഗാലസി, തുടുക്കി, എടവാണി, ഭൂതാര്‍ ഊരുകള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകള്‍ താമസിക്കുന്നത്. അട്ടപ്പാടിയില്‍ ഇരുള, മുഡുക, കുറുമ്പ എന്നി ആദിവാസി വിഭാഗങ്ങളാണ് ഉള്ളത്.

ഇതില്‍ സാധാരണ ജനങ്ങളോട് അധികം ബന്ധമില്ലാത്ത കാടുകളോട് അടുത്ത് താമസിക്കുന്ന വിഭാഗമാണ് കുറുമ്പ. കുറുമ്പ വിഭാഗത്തില്‍ ഏകദേശം പതിനായിരത്തോളം താഴെ മാത്രമാണ് ജനസംഖ്യയുള്ളത്. ശരിക്കും കാടിന്റെ മക്കളായ കുറുമ്പ വിഭാഗം താമസിക്കുന്ന ഊരുകള്‍ കേന്ദ്രീകരിച്ചാണ് എണ്‍പതു ശതമാനം മാവോയിസ്റ്റുകളും പ്രവര്‍ത്തിക്കുന്നത്. കുറുമ്പ കഴിഞ്ഞാല്‍ പിന്നെ കാടിനോട് ചേര്‍ന്ന് താമസിക്കുന്ന മുഡുക വിഭാഗത്തോട് ചേര്‍ന്നാണ് ബാക്കി 20 ശതമാനം പ്രവര്‍ത്തിക്കുന്നത്.

പ്രവര്‍ത്തനം അഞ്ചുഘട്ടത്തില്‍, അട്ടപ്പാടിയിലേതു നാലാം ഘട്ടത്തിലേക്കു കടക്കുന്നു.

അഞ്ചു ഘട്ടങ്ങളിലൂടെയാണ് മാവോയിസ്റ്റ്  പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നത്. ഒരു ഊരിലെത്തിലെത്തിയാല്‍ ആദ്യം അവിടത്തെ സര്‍വെ എടുക്കും.  രണ്ടാംഘട്ടമാണ് പരിചയപ്പെടല്‍.  മൂന്നാമത്തെ ഘട്ടം സ്വാധീനം ഉറപ്പിക്കലാണ്. അട്ടപ്പാടിയില്‍ മൂന്നുവര്‍ഷത്തിനകം തന്നെ മൂന്നാംഘട്ടമായ സ്വാധീനം ഉറപ്പിക്കല്‍ മാവോയിസ്റ്റുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നാലാഘട്ടമായി മനുഷ്യകവചം തീര്‍ക്കുകയാണ്.

പോലീസും മറ്റു സായുധസേനകള്‍ക്കുമെതിരെ സ്ഥലത്തെ ആദിവാസികളെ കൊണ്ടുതന്നെ മനുഷ്യകവചമൊരുക്കും.  സ്ഥിരമായി ആദിവാസികളില്‍ മാവോയിസ്റ്റുകള്‍ കുത്തിവെക്കുന്ന സര്‍ക്കാര്‍ വിരുദ്ധ,ഭരണഘടന വിരുദ്ധ വികാ കൊണ്ടു തന്നെ മാവോയിസ്റ്റുകള്‍ക്കായി തങ്ങളെ ഒരു മനുഷ്യകവചമാക്കി വെക്കാന്‍ ആദിവാസികള്‍ സമ്മതം നല്‍കുന്ന അവസ്ഥയുണ്ടാവും.

ഇതില്‍ അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ നാലാംഘട്ടത്തിലേക്ക് കടന്നതായി രഹസ്യന്വേഷണ വിഭാഗം കണക്കു കൂട്ടുന്നുണ്ട്. മനുഷ്യകവചം എന്ന അവസ്ഥ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഏത് സര്‍ക്കാര്‍ സംവിധാനം വന്നാലും ആക്രമിക്കാന്‍ തക്കവണ്ണം ഈ സംഘം വളരും. ഇക്കാര്യത്തിൽ തമിഴ് പുലികളുടെ ഈഴം മാതൃക മാവോയിസ്റ്റുകൾ പിന്തുടരുമെന്നാണ് പോലീസ് ഭയപ്പെടുന്നത്.

മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഊരിലെത്തണമെങ്കില്‍  പത്തു മണിക്കൂറെങ്കിലും നടക്കണം


കുറുമ്പ വിഭാഗം താമസിക്കുന്ന ഊരുകളിലേക്ക് വാഹന സൗകര്യം തീരെ കുറവാണ്. ചെറിയ വാഹനത്തില്‍ പോയാല്‍ പോലും പിന്നെ ഈ ഊരുകളില്‍ എത്തിപ്പെടണമെങ്കില്‍ എട്ടു പത്തു മണിക്കൂര്‍ നടക്കേണ്ടി വരും. പൂര്‍ണമായും മാവോയിസ്റ്റുകളുടെ നിരീക്ഷണത്തിലായ ഇത്തരം ഊരുകളിലേക്ക് അപരിചിതര്‍ കടന്നുചെല്ലുമ്പോള്‍ അത് ആദ്യം അറിയുക മാവോയിസ്റ്റുകള്‍ തന്നെയാണ്.

പോലീസിനോ തണ്ടര്‍ബോള്‍ട്ടിനോ സംഘബലത്തോടു കൂടി ഈ പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാന്‍ കഴിയില്ല. അഥവാ അതിനു കഴിഞ്ഞാലും മാവോയിസ്റ്റുകള്‍ക്ക് ഇവര്‍ എത്തുന്നതിനു മുമ്പ് തന്നെ സങ്കേതം മാറ്റാന്‍ കഴിയും.

ആലപ്പുഴയുടെ ജില്ലയുടെ വലിപ്പമുള്ള അട്ടപ്പാടിയിലെ പശ്ചിമഘട്ട മലനിരകളുടെ എണ്ണം ഏകദേശം അഞ്ഞൂറിനടുത്ത് വരും. ചെറുതും വലുതമായ ഈ മലയിടുക്കളിലാണ് ആദിവാസി ഊരുകളുള്ളത്. രാത്രി കാലങ്ങളില്‍ ഈ മലയിടുക്കളില്‍ കൂടി വരുന്ന ജീപ്പിന്റെ ശബ്ദം അഞ്ച് മലയിടുക്കള്‍ വരെ കേള്‍ക്കാം എന്നതിനാല്‍ രക്ഷപ്പെടാന്‍ മാവോയിസ്റ്റുകള്‍ക്കു കഴിയും എന്നതാണ് സ്ഥിതി.

ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ വന്നവരെന്ന നിലയിലാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതി. ആരേയും എന്തിനേയും സ്വീകരിക്കുകയെന്ന ആദിവാസികളുടെ രീതിയനുസരിച്ച് മാവോയിസ്റ്റുകള്‍ക്കും ചില ഊരുകളില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 2013 അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് ഇതിനകം 54 ഊരുകളില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞതായി പോലീസും സമ്മതിക്കുന്നുണ്ട്.

എന്നാല്‍ തോക്ക് പിടിച്ചു വരുന്ന മാവോയിസ്റ്റുകളെ കണ്ടു ഭയന്നാണ് ആദിവാസികള്‍ മാവോയിസ്റ്റുകളുമായി സഹകരിക്കുന്നതെന്നാണ് രഹസ്യന്വേഷണത്തിലെ ചിലര്‍ നാരദ ന്യൂസിനോട് പറഞ്ഞത്.

അട്ടപ്പാടിയിലെ നേതാവ് കാളിദാസ്

2013 ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിന്റെ പേര് മാത്രമേ പോലീസിന് അറിയു. കാളിദാസ് എന്ന പേരുള്ള ഇയാളാണ് അട്ടപ്പാടിയിലെ നാല്‍പ്പതോളം വരുന്ന സായുധ സംഘത്തിന്റെ നേതാവ്.

2015 -16 വര്‍ഷങ്ങളിലായി 100 ലേറെ സ്ഥലത്ത് മാവോയിസ്റ്റുകളെ പൊതുജനം നേരിട്ടു കണ്ടിട്ടുണ്ട്. 2015 ല്‍ കടുകയെണ്ണ വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായി വെടിവെപ്പ് നടന്നിരുന്നു. കൊടും വനമായതിനാല്‍ മാവോയിസ്റ്റുകളെ പരിക്കേല്‍പ്പിക്കാനോ പിടികൂടാനോ കഴിഞ്ഞില്ല.

ഭക്ഷണം നല്‍കുന്നത് ആദിവാസികള്‍ തന്നെ


കുറുമ്പ വിഭാഗം താമസിക്കുന്ന ഊരുകളിലെ ആദിവാസി വീടുകളിലേക്ക് രാത്രി ഏഴുമണിക്ക് ശേഷം മാവോയിസ്റ്റുകള്‍ ഭക്ഷണത്തിനായി സ്ഥിരമായി വരാറുണ്ട്. പത്ത് മണിക്കകം തിരിച്ചു പോകുകയും ചെയ്യും. മിക്ക ആദിവാസി വീടുകളും മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട അവസ്ഥയുണ്ട്.

നല്ല മഴക്കാലത്ത് മാത്രമേ ഇതിന് മാറ്റമുണ്ടാകു. ആ സമയത്ത് ഇവര്‍ കാടുകളില്‍ തന്നെ കേന്ദ്രീകരിക്കുന്നില്ലെന്നാണ് സൂചന. ആഴ്ച്ചയില്‍ രണ്ട് ദിവസം ഇവര്‍ കാടുവിട്ട് പുറത്തിറങ്ങി സാധാരണ ജീവിതം നയിക്കും. സങ്കേതത്തിലേക്ക് വേണ്ട സാധനങ്ങളും ഈ സമയത്ത് സമാഹരിക്കും. നിലമ്പൂര്‍ വെടിവെപ്പ് നടന്ന പശ്ചാത്തലത്തില്‍ ഇവരില്‍ പലരും നാട്ടിലേക്ക് ഇറങ്ങിയിട്ടുണ്ട്.

തിരിച്ചറിയാന്‍ ഡ്രസ്സ് കോഡ്

പുറമെ നിന്നു വരുന്ന മാവോയിസ്റ്റുകളല്ലാത്തവരെ തിരിച്ചറിയാന്‍ ചില ഡ്രസ്സ് കോഡുകളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. തൊപ്പി കണ്ണിനു താഴെയായി വെക്കല്‍, വെളിച്ചത്തോട് പുറം തിരിഞ്ഞു നിന്നു മുഖം വ്യക്തമാവാത്ത വിധത്തില്‍ സംസാരിക്കല്‍ തുടങ്ങിയ കോഡുകളാണ് ഇവയില്‍ ചിലത്.

ആശങ്കയോടെ പോലീസ്

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന മേഖല മൂന്നാംഘട്ടത്തിലേക്ക് കടന്നതു കൊണ്ടു തന്നെ ഒരു തിരിച്ചടി ഉണ്ടായില്ലെങ്കില്‍ കൂടി ഉടന്‍ മാവോയിസ്റ്റ് മേഖലകളില്‍ ശക്തമായ ആക്രമണത്തിന് തന്നെയാണ് തണ്ടര്‍ബോള്‍ട്ടും പോലീസും ഒരുങ്ങുന്നത്.ആദിവാസി സമൂഹത്തില്‍ മാത്രം മാവോയിസ്റ്റുകള്‍ക്കുണ്ടായ സ്വീകാര്യത പത്രമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിലേക്കും വളരുന്നത് ആശങ്കയോടെയാണ് പോലീസ് കാണുന്നത്