മാവോവാദികൾ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; പുതുതായി മൂന്ന് ആദിവാസികൾ പാർട്ടിയിൽ ചേർന്നു

നേതാവ് സംസാരിക്കുന്നതും കൂടെയുള്ളവര്‍ ഏറ്റുപറയുന്നതും മുദ്രാവാക്യം വിളിക്കുന്നതുമെല്ലാം തമിഴിലാണ്. ക്ലാസെടുക്കുന്ന നേതാവിനെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ലെങ്കിലും ഇത് കുപ്പുദേവരാജാണെന്ന നിഗമനത്തിലാണ് പൊലീസ്. പതാക ഉയര്‍ത്തിയ ശേഷം പ്രതിജ്ഞയെടുക്കുന്നതുള്‍പ്പെടെ തമിഴിലാണ്.

മാവോവാദികൾ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; പുതുതായി മൂന്ന് ആദിവാസികൾ പാർട്ടിയിൽ ചേർന്നു

കോഴിക്കോട്: കുപ്പുദേവരാജും അജിതയും വെടിയേറ്റ് മരിച്ച നിലമ്പൂര്‍ക്കാട്ടിലെ ടെന്റില്‍ നിന്ന് ലഭിച്ച പെന്‍ഡ്രൈവിലാണ് മാവോയിസ്റ്റ് പാര്‍ട്ടിയില്‍ മൂന്ന് ആദിവാസികള്‍ പുതുതായി ചേര്‍ന്നതായുള്ള വെളിപ്പെടുത്തല്‍. സിപിഐ മാവോയിസ്റ്റ് നേതാവ് തമിഴില്‍ കൂടെയുള്ളവര്‍ക്ക് ക്ലാസെടുക്കുന്നതിനിടെയാണ് പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.

യോഗത്തിനെത്തിയ ആദിവാസികളെ സ്വാഗതം ചെയ്തുകൊണ്ടാണ് നേതാവ് പ്രസംഗിക്കുന്നത്. മാവോയിസ്റ്റ് നേതാക്കള്‍ വെടിയേറ്റ് മരിച്ച പടുക്ക ഫോറസ്റ്റ് ഡിവിഷനിലെ വരയന്‍മലയുടെ താഴ് വാരത്തില്‍ ടെന്റില്‍ നിന്ന് നൂറോളം പെന്‍ഡ്രൈവുകളും ലാപ്പ് ടോപ്പും, ബാറ്ററിയും ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. ഈ പെന്‍ഡ്രൈവ് പരിശോധനയ്ക്കിടെയാണ് പുതിയ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ആയുധമേന്തിയുള്ള മാവോയിസ്റ്റുകളാണ് ദൃശ്യങ്ങളിലുള്ളത്.

നേതാവ് സംസാരിക്കുന്നതും കൂടെയുള്ളവര്‍ ഏറ്റുപറയുന്നതും മുദ്രാവാക്യം വിളിക്കുന്നതുമെല്ലാം തമിഴിലാണ്. ക്ലാസെടുക്കുന്ന നേതാവിനെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ലെങ്കിലും ഇത് കുപ്പുദേവരാജാണെന്ന നിഗമനത്തിലാണ് പൊലീസ്. പതാക ഉയര്‍ത്തിയ ശേഷം പ്രതിജ്ഞയെടുക്കുന്നതുള്‍പ്പെടെ തമിഴിലാണ്.

ദൃശ്യങ്ങളിലുള്ള സ്ഥലത്തിന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍ നിലമ്പൂര്‍ കാട് തന്നെയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ നാരദ ന്യൂസിനോട് പറഞ്ഞു. ആദിവാസികള്‍ എപ്പോഴാണ് മാവോയിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ദൃശ്യങ്ങളുടെ പഴക്കം സംബന്ധിച്ചും കൃത്യമായ നിഗമനത്തിലെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.

നവംബര്‍ 24നാണ് നിലമ്പൂര്‍ വനത്തില്‍ വച്ച് സിപിഐ മാവോയിസ്റ്റ് നേതാക്കളായ കുപ്പുസ്വാമി എന്ന ദേവരാജും അജിത എന്ന കാവേരിയും പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

https://www.youtube.com/watch?v=f6Ejq1V98Wg

വീഡിയോ കടപ്പാട്: ന്യൂസ് 18 കേരള