'സൗദിയില്‍ ആയിരുന്നെങ്കില്‍ ഇവരുടെ കാര്യത്തില്‍ തീരുമാനമായേനേ'; ദേശീയഗാന വിവാദത്തില്‍ പ്രതികരണവുമായി മണിയന്‍പിള്ള രാജു

അന്യനാട്ടില്‍ പോയാല്‍ പട്ടിയെപ്പോലെ എല്ലാം അനുസരിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ സ്വന്തം രാജ്യത്ത് ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്നതു ഗുരുതരമായ തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ദേശീയഗാന വിവാദത്തില്‍ പ്രതികരണവുമായി ചലച്ചിത്രനടന്‍ മണിയന്‍പിള്ള രാജു. ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരെ ജാമ്യത്തില്‍ വിട്ടതുപോലും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അന്യനാട്ടില്‍ പോയാല്‍ പട്ടിയെപ്പോലെ എല്ലാം അനുസരിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ സ്വന്തം രാജ്യത്ത് ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്നതു ഗുരുതരമായ തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുമ്പോള്‍ എമന്താനേടിയ അഹങ്കാരമാണ് ഇവര്‍ക്ക്. ഇവരെ ജാമ്യത്തില്‍ വിട്ടത് പൊറുക്കാനാകാത്ത തെറ്റാണ്- രാജു പറഞ്ഞു. കമലിന്റെ നേതൃത്വത്തില്‍ മികച്ച സംഘാടനമാണ് നടത്തുന്നതെന്നും താന്‍ എല്ലാവര്‍ഷവും ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.


തിയേറ്ററില്‍ പടം തുടങ്ങുമ്പോള്‍ ചോരതിളക്കുന്ന ഒരു കാര്യമുണ്ട്. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കുമ്പോഴും കുറച്ചുപേര്‍ സീറ്റില്‍ തന്നെയിരിക്കും എന്നുള്ളതാണ് അത്. സംസാരം പോലുമില്ലാത്ത ചില 'ഇഴച്ചില്‍' സിനിമകള്‍ രണ്ടുമണിക്കൂറോളം ആസ്വദിച്ചിരുന്നു കാണുന്നവരാണിവര്‍. എന്നാല്‍ 58 സെക്കന്റ് ഒന്ന് എഴുന്നേറ്റ് നില്‍ക്കാതെ പറ്റിയില്ലെങ്കില്‍ എന്തോ നേടിയെന്നുളള അഹങ്കാരമാണ് ഇത് കാണിക്കുന്നത്- രാജു പറഞ്ഞു.

ഇത്തരക്കാരെ ജാമ്യത്തില്‍പ്പോലും വിടരുതെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ ഒക്കെ ആയിരുന്നെങ്കില്‍ തീരുമാനമായേനെ. ഇവിടെ വിദേശികളടക്കം എഴുന്നേറ്റ് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.