കൊച്ചിയില്‍ പെട്രോള്‍ പമ്പില്‍ കാര്‍ഡ് ഉരച്ച ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നു 4886 രൂപ നഷ്ടപ്പെട്ടു

നോട്ടുക്ഷാമം മൂലം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ. കൊച്ചിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പതിവാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കാക്കനാട് സ്വദേശി അനില്‍ കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് 1,60,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴതാ മുരളീധരിനും പണം നഷ്ടപ്പെട്ടു.

കൊച്ചിയില്‍ പെട്രോള്‍ പമ്പില്‍ കാര്‍ഡ് ഉരച്ച ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നു 4886 രൂപ നഷ്ടപ്പെട്ടു

കൊച്ചി: നോട്ടു ക്ഷാമത്തെ തുടര്‍ന്ന് എംടിഎം കാര്‍ഡ് ഉപയോഗിച്ചു പെട്രോള്‍ അടിച്ച കൊച്ചി സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 4886 രൂപ നഷ്ടപ്പെട്ടു. കൊച്ചി സ്വദേശി മുരളീധരിന്റെ പണമാണു നഷ്ടപ്പെട്ടത്. ഒരു സുഹൃത്തിന്റെ കൈയില്‍ നിന്നു കടം വാങ്ങിയ 10000 രൂപ മുരളീധരിൻ തന്റെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.42നു ചമ്പക്കരയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പില്‍ നിന്ന് ഇദ്ദേഹം 200 രൂപയ്ക്കു പെട്രോളടിച്ചു. കാര്‍ഡ് സ്വൈപ്പ് ചെയ്ത ശേഷം മുരളീധരിന്‍ തന്നെയാണ് OTP (വണ്‍ടൈം പാസ്‌വേര്‍ഡ്) ടൈപ്പ് ചെയ്തു നല്‍കിയത്. തുടര്‍ന്നു തൂപ്പുണിത്തുറയ്ക്കു പോകുന്ന വഴി എടിഎമ്മില്‍ കയറി 2500 രൂപ കാശായിട്ട് എടുത്തു. തൃപ്പൂണിത്തുറയില്‍ നിന്ന് അത്യാവശ്യം വേണ്ട സാധനങ്ങളും വാങ്ങി പനമ്പള്ളി നഗറിലെ ഓഫീസിലെത്തി മൊബൈല്‍ പരിശോധിച്ചപ്പോള്‍ മുരളീധരന്‍ ഞെട്ടി.
രണ്ടു തവണയായി തന്റെ അക്കൗണ്ടില്‍ നിന്ന് 4886.43 രൂപ നഷ്ടപ്പെട്ടിരിക്കുന്നു. പെട്രോള്‍ പമ്പില്‍ കാര്‍ഡ് ഉപയോഗിച്ചതിന്റെ 38 മിനിട്ടില്‍ അക്കൗണ്ടില്‍ നിന്ന് 350 രൂപയും അതിനു ശേഷം 4536.43 രൂപയും നഷ്ടപ്പെട്ടു. പെട്രോള്‍ അടിച്ചതിനും എടിഎമ്മില്‍ കാര്‍ഡ് ഉപയോഗിച്ചതിനു ശേഷവും ബാലന്‍സ് വിവരങ്ങള്‍ കാണിച്ച എസ്എംഎസുകള്‍ മുരളീധരിന്‍ പരിശോധിച്ചിരുന്നില്ല. ഉടന്‍ തന്നെ ബാക്കിയുണ്ടായിരുന്ന രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയ ശേഷം പരാതിപ്പെടുന്നതനായി ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ ടോള്‍ഫ്രീ നമ്പരിലേക്കു വിളിച്ച മുരളീധരിനോടു ബാങ്കുകാരും പ്രതികരിച്ചില്ല. 10 മിനിട്ടോളം കാത്തിരിക്കാന്‍ പറഞ്ഞതല്ലാതെ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥനും ലൈനിലെത്തിയില്ല.

പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലും മുരളീധരിന്‍ വിളിച്ചു. നാളെ ബാങ്കു തുറന്നശേഷം ബാങ്കില്‍ പോയി അക്കൗണ്ട് ഡീറ്റെയ്ല്‍സ് എടുത്തുകൊണ്ടുവരാനായിരുന്നു അവിടെ നിന്നും ലഭിച്ച മറുപടി. തന്റെ അക്കൗണ്ടില്‍ നിന്നു നഷ്ടപ്പെട്ട പണത്തിന് ആർ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അറിയാത്ത അവസ്ഥയിലാണു മുരളീധരിന്‍. എടിഎം കാര്‍ഡും മൊബൈലുമൊക്കെ കൈവശം ഇരുന്നിട്ടും പണം നഷ്ടപ്പെട്ടതെങ്ങനെയെന്ന് അറിയില്ലെന്നു മുരളീധരിന്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചു.

സ്വന്തം ബാങ്ക് അക്കൗണ്ടിലെ പണം പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ച ഇതേപോലൊരു അനുഭവം ഉണ്ടായി. നെറ്റിന്റെ ബില്ലടയ്ക്കാന്‍ വേണ്ടി 3000 രൂപ എയര്‍ടെല്‍ ബ്രോഡ്ബാന്റിന്റെ അക്കൗണ്ടിലേക്കു ട്രാന്‍സ്‌ഫര്‍ ചെയ്തു. സാങ്കേതിക കാരണങ്ങളാൽ ഈ പണം എയര്‍ടെല്ലിന്റെ അക്കൗണ്ടിലേക്കു കയറിയില്ലെന്നു മാത്രമല്ല തന്റെ അക്കൗണ്ടില്‍ നിന്നു പോകുകയും ചെയ്തു. ഈ പണം തിരികെ കിട്ടാനായി രണ്ടു മെയിലുകള്‍ അയ്‌ക്കേണ്ടി വന്നു. സാങ്കേതിക കാരണങ്ങളാലാണ് ഇടപാട് രേഖപ്പെടുത്താന്‍ കഴിയാത്തതെന്നും ഏഴെട്ടു പ്രവൃത്തി ദിനത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടിലെത്തുമെന്നുമാണ് എയര്‍ടെല്ലിന്റെ മറുപടിയെന്നും മുരളീധരിന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

കഴിഞ്ഞ മാസം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി കാക്കനാട് സ്വദേശി അനില്‍കുമാറിന് 1,60,000 രൂപ നഷ്ടപ്പെട്ടിരുന്നു. അനില്‍ കുമാറിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണു പണം നഷ്ടപ്പെട്ടത്. പണം നഷ്ടമായി എന്നറിഞ്ഞയുടനെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ അനില്‍ ചെയ്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൊച്ചിയില്‍ ഇതിന് മുമ്പും സമാന രീതിയില്‍ തട്ടിപ്പു നടന്നിട്ടുണ്ട്.

Read More >>