കുത്തുകേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; ചേരാനെല്ലൂര്‍ പൊലീസിനെതിരെ പ്രതിഷേധം; പരാതിയില്ലെന്ന് മരിച്ചയാളുടെ ഭാര്യ

മദ്യപിച്ചെത്തുന്ന ഷഹീര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ഭാര്യ സജീനയും ഭാര്യാമാതാവ് സൈനബയും പറയുന്നു. ഷഹീറിനെതിരെ അഞ്ചു തവണ ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. മദ്യപിച്ച് പരസ്യമായി അസഭ്യം പറഞ്ഞതിനെ ചേദ്യം ചെയ്തതിനാണ് ഷഹീര്‍ അയല്‍വാസിയെ കുത്തിയത്. സംഭവത്തിന് ശേഷം ആരും ഷഹീറിനെ ഉപദ്രവിച്ചിട്ടില്ലെന്നും സജീന നാരദാന്യൂസിനോട് പറഞ്ഞു.

കുത്തുകേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; ചേരാനെല്ലൂര്‍ പൊലീസിനെതിരെ പ്രതിഷേധം; പരാതിയില്ലെന്ന് മരിച്ചയാളുടെ ഭാര്യ

കൊച്ചി: അയല്‍വാസിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കുന്നുംപുറം വലിയപറമ്പില്‍ ഷഹീര്‍(48) ആണ് ഇന്നലെ ചേരാനെല്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചത്. അയല്‍വാസിയായ കുന്നുംപുറം പീടിയേക്കല്‍ നദീറിനെ കുത്തിയ കേസില്‍ ബുധനാഴ്ച വൈകീട്ടാണ് ഷഹീറിനെ പൊലീസ് കസറ്റഡിയിലെടുത്തത്. ലോക്കപ്പില്‍ കിടന്നിരുന്ന ഷഹീറിനെ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ അനക്കമില്ലാതെ കാണുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവം അന്വേഷിക്കുന്നതിന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ ലാല്‍ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം

ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായ സാഹചര്യമുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. സ്റ്റേഷനിലെത്തിക്കും മുമ്പ് ഷഹീറിന് മര്‍ദ്ദമേറ്റിരുന്നതായി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ ഹരി പറയുന്നു.

ഷഹീറിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമീര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പരാതിയില്ലെന്നാണ് ഷഹീറിന്റെ ഭാര്യ സജീന നാരദാന്യൂസിനോട് പറഞ്ഞത്.

സംഭവത്തെക്കുറിച്ച് ഭാര്യ സജീന പറയുന്നത്
അയല്‍വാസിയുമായി തര്‍ക്കമുണ്ടാകുന്നതിന് തലേ ദിവസവും ഷഹീര്‍ വീട്ടിലെത്തി തന്നേയും ഉമ്മയേയും ഉപദ്രവിച്ചു. ഉമ്മ സൈനബയുടെ തലയും മുഖവും അടികൊണ്ട് വീര്‍ത്തിട്ടുണ്ട്. പുറത്തിറങ്ങി പരസ്യമായി ഷഹീര്‍ അസഭ്യം പറയാന്‍ തുടങ്ങിയപ്പോള്‍ അയല്‍ക്കാരനായ നദീര്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു.

അടുത്ത ദിവസം വൈകീട്ട് വീട്ടിലെത്തിയപ്പോഴും ഷഹീര്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നെന്ന് സജീന പറഞ്ഞു. ഷര്‍ട്ടിലൊക്കെ കല്ലിന്റെ പൊടിയുണ്ടായിരുന്നു. അന്നുച്ചയ്ക്ക് ബാറില്‍ പോയി വഴക്കുണ്ടാക്കിയതായി ഷഹീര്‍ പറഞ്ഞിരുന്നതായി സജീന ഓർക്കുന്നു.
വൈകിട്ട് ആറരയോടെയാണ് വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്ന നദീറിനെ കത്തികൊണ്ട് ഷഹീര്‍ കുത്തിയത്. നദീറിന്റെ വയറിനും നെഞ്ചിലും കൈയ്ക്കും മുറിവേറ്റു. ചുറ്റുമുള്ളവര്‍ ഓടിക്കൂടി നദീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പൊലീസ് എത്തിയപ്പോള്‍ നദീറിന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഷഹീര്‍ ഉറങ്ങിക്കിടക്കുകയിരുന്നുവെന്ന് നാട്ടുകാരനായ സിദ്ദിഖ് പറഞ്ഞു. നാട്ടുകാരിലൊരാളേയും കൂട്ടി പൊലീസ് ആശുപത്രിയിലെത്തുകയായിരുന്നു.

മര്‍ദ്ദിച്ചില്ലെന്ന് പൊലീസ്

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഷഹീറിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മനസ്സിലായതെന്ന് ചേരാനെല്ലൂര്‍ എസ്‌ഐ കെ എക്‌സ് സില്‍വസ്റ്റര്‍ പറഞ്ഞു. അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ പകുതി ബോധത്തിലായിരുന്നു. സ്‌റ്റേഷനിലെത്തിച്ച ശേഷം മൂന്ന് പൊലീസുകാര്‍ താങ്ങിയെടുത്ത് ലേക്കപ്പില്‍ കിടത്തുകയായിരുന്നു. അപ്പോള്‍ തന്നെ ഇയാള്‍ കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി. രാത്രിയിലും കൂര്‍ക്കം വലി കേള്‍ക്കാമായിരുന്നു.

രാവിലെ 7.20ന് സ്‌റ്റേഷനിലെത്തി ലോക്കപ്പില്‍ പോയി നോക്കിയപ്പോഴും ഇയാള്‍ ഉറങ്ങുകയായിരുന്നെന്ന് സില്‍വസ്റ്റര്‍ പറഞ്ഞു. പിന്നീട് പത്തുമണിയോടെ ഷഹീറിന് അനക്കമൊന്നുമില്ലാത്തതിനാല്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് ഷഹീറിന്റെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യയേയും ബന്ധുക്കളേയും സ്റ്റേഷനില്‍ വിളിപ്പിച്ച് വിവരം ധരിപ്പിച്ചു. മൃതദേഹം ആര്‍ഡിഒ പരിശോധിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കയയ്ക്കുകയായിരുന്നു.

സ്‌റ്റേഷനിലെത്തിച്ച ഷഹീറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്‌ഐ കെ എക്‌സ് സില്‍വസ്റ്റര്‍ പറഞ്ഞു. ഷഹീറിന് നേരെ നില്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ലെന്നും അയാളുടെ അവസ്ഥ കണ്ടതിനാലാണ് ആശുപത്രിയിലേക്ക് നാട്ടുകാരിലൊരാളേയും കൂടെ കൂട്ടിയതെന്നും എസ്‌ഐ പറയുന്നു.

പരാതിയില്ല, മദ്യപിച്ചുള്ള മര്‍ദ്ദനം പതിവ്

ഗള്‍ഫിലായിരുന്ന ഷഹീര്‍ ആറു വര്‍ഷമായി നാട്ടിലെത്തിയിട്ട്. തിരികെയെത്തിയ ശേഷം ചെറിയ ജോലികള്‍ക്ക് പോയിരുന്നെങ്കിലും മൂന്ന് വര്‍ഷമായി പറയത്തക്ക ജോലിയൊന്നും ഷഹീറിനുണ്ടായില്ലെന്ന് ഭാര്യ സജീന പറയുന്നു. മിക്ക ദിവസവും മദ്യപിച്ചാണ് ഷഹീര്‍ വീട്ടിലെത്തുക. മദ്യപിച്ചാല്‍ അരയില്‍ കത്തിയുമുണ്ടാകും. തന്നേയും ഉമ്മയേയും മര്‍ദ്ദിക്കുക പതിവാണെന്ന് സജീന നാരദാന്യൂസിനോട് പറഞ്ഞു.

കള്ളുഷാപ്പിലും ബാറിലും പോയി ഷഹീര്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്. വീട്ടിലെത്തിയും മദ്യപിക്കുമായിരുന്നു. എന്നാല്‍ ഇതിനുള്ള വരുമാനം എവിടെ നിന്നെന്ന് തനിക്കറിയില്ലെന്ന് സജീന പറയുന്നു. തൊട്ടടുത്ത നഴ്‌സറിയിലാണ് സജീന ജോലി ചെയ്യുന്നത്. സജീനയുടെ മാതാവ് വീട്ടുജോലിക്ക് പോയാണ് വരുമാനം കണ്ടെത്തുന്നത്. മദ്യപിക്കുന്നതിന് പണം ആവശ്യപ്പെട്ടാണ് തന്നേയും ഉമ്മയേയും ഇയാള്‍ മര്‍ദ്ദിക്കുന്നതെന്നും സജീനയുടെ മാതാവ് സൈനബ പറയുന്നു.

ഷഹീറിനെതിരെ അഞ്ച് തവണ സജീന പൊലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് തവണ പൊലീസ് പിടിച്ചുകൊണ്ട് പോയിരുന്നെങ്കിലും വെരിക്കോസ് വെയിനിന്റെ അസുഖമുള്ള ഷഹീര്‍ കാലൊക്കെ നഖം കൊണ്ട് മാന്തി മുറിവേല്‍പ്പിക്കും. അത് കണ്ട് പൊലീസ് വീട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു. അയല്‍ക്കാരനുമായി തര്‍ക്കമുണ്ടായതിന്റെ തലേന്നും ഷഹീറിനെതിരെ ഭാര്യ പരാതി നല്‍കിയിരുന്നു. എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.

വെരിക്കോസ് വെയിനിന് പുറമെ കരള്‍ സംബന്ധമായ അസുഖവും ഷഹീറിനുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട ഷഹീര്‍ ഭാര്യയേയും മക്കളേയും വീടിന് പുറത്താക്കി വാതില്‍ അടച്ചിട്ട സംഭവമുണ്ടായിരുന്നു. നാട്ടുകാരോട് വലിയ സൗഹൃദം കാണിക്കാത്ത ഇയാള്‍ പലരോടും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.

Read More >>