സൈന്യം പിന്‍മാറി; 36 മണിക്കൂര്‍ നീണ്ട സമരത്തിനു ശേഷം സെക്രട്ടേറിയറ്റിനുള്ളില്‍ നിന്നു മമത പുറത്തിറങ്ങി

കേന്ദ്രം ബംഗാളിനെ ഭയപ്പെടുത്തി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും പുറത്തിറങ്ങിയ ശേഷം മമത വ്യക്തമാക്കി.

സൈന്യം പിന്‍മാറി; 36 മണിക്കൂര്‍ നീണ്ട സമരത്തിനു ശേഷം സെക്രട്ടേറിയറ്റിനുള്ളില്‍ നിന്നു മമത പുറത്തിറങ്ങി

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പശ്ചിമ ബംഗാള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിവന്ന സമരം അവസാനിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായി 36 മണിക്കൂര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കഴിഞ്ഞ മമത പുറത്തിറങ്ങി. കേന്ദ്രം ബംഗാളിനെ ഭയപ്പെടുത്തി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും പുറത്തിറങ്ങിയ ശേഷം മമത വ്യക്തമാക്കി.


സൈന്യം പിന്‍വാങ്ങുംവരെ ജനാധിപത്യത്തിന് കാവലായി താന്‍ സെക്രട്ടേറിയറ്റില്‍ തന്നെ കഴിയുമെന്നും പോലീസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സൈന്യം ടോള്‍ പ്ലാസകളില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും മമത വ്യക്തമാക്കിയിരുന്നു. ഇന്നലെ ട്വിറ്ററിലൂടെയാണ് മമത ഇക്കാര്യം അറിയിച്ചത്. മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ സെക്രട്ടേറിയറ്റിനടുത്തുള്ള ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം പിന്‍വലിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ഹൂഗ്ലിയിലെ ധാങ്കുനി, പാല്‍സിത് എന്നീ ടോള്‍ പ്ലാസകളിലാണ് ആദ്യം സൈന്യത്തെ വിന്യസിച്ചിരുന്നത്. ഇതില്‍ മമത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സൈന്യം അവഗണിച്ചു. തുടര്‍ന്ന്, അധികം വൈകാതെ ഹൂഗ്ലി ബ്രിഡ്ജ് ടോള്‍ പ്ലാസയിലും സൈന്യം നിലയുറപ്പിച്ചു. സംസ്ഥാന പോലീസുമായി കൂടിയാലോചിച്ചാണ് സൈന്യത്തെ വിന്യസിച്ചതെന്നായിരുന്നു ആര്‍മി കിഴക്കന്‍ മേഖലാ കമാന്‍ഡറിന്റെ വാദം. എന്നാല്‍ ഇക്കാര്യം തങ്ങള്‍ കത്തിലൂടെ എതിര്‍ത്തിരുന്നെന്ന് വ്യക്തമാക്കി പോലീസ് രംഗത്തെത്തിയിരുന്നു.

Read More >>