പശ്ചിമ ബംഗാളിലെ ദേശീയ പാതയിലും സെക്രട്ടേറിയറ്റിനു മുന്നിലും സൈനിക പരിശീലനം; പ്രതിഷേധിച്ച് മമത ബാനര്‍ജി

''പോലീസ് അനുമതി നിഷേധിച്ചിട്ടും സെക്രട്ടേറിയറ്റ് പരിസരത്ത് സൈന്യം നിലയുറപ്പിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഇതു സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ്'' മമത പറഞ്ഞു.

പശ്ചിമ ബംഗാളിലെ ദേശീയ പാതയിലും സെക്രട്ടേറിയറ്റിനു മുന്നിലും സൈനിക പരിശീലനം; പ്രതിഷേധിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ദേശീയ പാതയിലും ടോള്‍ ബൂത്തുകളിലും സെക്രട്ടേറിയറ്റു മുന്നിലും സൈന്യം പരിശീലനം നടത്തുന്നതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെയാണ് സൈനിക പരിശീലനം എന്നു മമത പറഞ്ഞു. സൈന്യത്തെ പിന്‍വലിക്കാതെ സെക്രട്ടേറിയറ്റില്‍ നിന്നും ഇറങ്ങില്ലെന്നും പറഞ്ഞായിരുന്ന മമതയുടെ പ്രതിഷേധം.
ഒരു മോക് ഡ്രില്‍ നടത്താന്‍ പോലും സംസ്ഥാനത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും മമത പറഞ്ഞു. പോലീസ് അനുമതി നിഷേധിച്ചിട്ടും സെക്രട്ടേറിയറ്റ് പരിസരത്ത് സൈന്യം നിലയുറപ്പിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. സൈനിക പരിശീലനം മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് താന്‍ ആരാഞ്ഞിരുന്നു എന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നും മമത പറഞ്ഞു. ഇതു സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്നും അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണെന്നും മമത പറഞ്ഞു.


എന്നാല്‍ മമതയുടെ ആരോപണങ്ങള്‍ സൈന്യം നിഷേധിച്ചു. സംസ്ഥാന പോലീസിന്റെ അറിവോടെ നടത്തിയ പതിവു സൈനിക പരിശീലനം മാത്രമാണ് നടന്നതെന്നു സൈന്യം പ്രതികരിച്ചു. ടോള്‍ പ്ലാസകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഗതാഗത കുരുക്കും മറ്റു തടസങ്ങളും ചൂണ്ടിക്കാട്ടി സൈനിക പരിശീലനത്തിന് അനുമതി നല്‍കിയിരുന്നില്ലന്നു പോലീസ് അറിയിച്ചു.

Read More >>