റിയാസ് കോമുവിന്റെ വിള്ളലുള്ള ശ്രീനാരായണഗുരു: കയ്യൊഴിഞ്ഞു മനോരമ; ഭീഷണിയിലും പുസ്തകം പിന്‍വലിക്കില്ലെന്നു ഡിസി ബുക്‌സ്

മലയാള കലാചരിത്രത്തിലെ അപമാനകരമായ സന്ദര്‍ഭമൊരുക്കി 125 വര്‍ഷം തികഞ്ഞ മനോരമ ഭാഷാപോഷണി. ഇതേ ചിത്രവും ആശയവുമുള്ള പുസ്തകം പിന്‍വലിച്ച് ഭാഷയ്ക്ക് ഭീഷണിയുയര്‍ത്താതെ ഡിസി ബുക്‌സ്. ഡിസിക്കും റിയാസ് കോമുവിനും ദിലീപ് രാജിനുമെതിരെ ഭീഷണി നിലനില്‍ക്കുന്നു.

റിയാസ് കോമുവിന്റെ വിള്ളലുള്ള ശ്രീനാരായണഗുരു: കയ്യൊഴിഞ്ഞു മനോരമ; ഭീഷണിയിലും പുസ്തകം പിന്‍വലിക്കില്ലെന്നു ഡിസി ബുക്‌സ്

കൊച്ചി മുസിരിസ് ബിനാലെയുടെ പ്രഥമ ക്യുറേറ്ററും സ്ഥാപകഡയറക്ടറുമായ റിയാസ് കോമു പതിനൊന്നു വര്‍ഷം മുന്‍പ് രൂപകല്പന ചെയ്ത ശില്പം കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ച ഭാഷാപോഷിണി കലാചരിത്രത്തിലെ ഏറ്റവും അപമാനകരമായ ക്ഷമാപണം നടത്തി. ഉടമയ്ക്ക് മതതീവ്രവാദികളുടെ ഭീഷണി വാട്ട്‌സപ്പ് മെസേജായി വന്നിട്ടും അതേ കവര്‍ ചിത്രമുള്ള പുസ്തകത്തില്‍ ഒരു മാറ്റവും വരുത്താനോ ക്ഷമപറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഡിസി ബുക്ക്‌സ്.മലയാള ഭാഷയും കലയും നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിക്ക് ഓശാന പാടുകയാണ് മനോരമ. എന്നാല്‍ ഡിസിബുക്ക്‌സ് പുസ്തകം പുന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ഔദ്യേഗികമായ നിലപാടെടുത്തു. ടോംവട്ടക്കുഴിയുടെ അന്ത്യാത്താഴ ചിത്രീകരണത്തെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച ഡിസംബര്‍ ലക്കം ഭാഷാപോഷണിയാണ് ശ്രീനാരായണ ഗുരുവിന്റെ കവര്‍ പ്രസിദ്ധീകരിച്ചതിന് മതപ്രീണനം ലക്ഷ്യം വെച്ച് ക്ഷമാപണം നടത്തിയിരിക്കുന്നത്. മനോരമയുടെ എല്ലാ എഡിഷനിലും ക്ഷമാപണം പ്രസിദ്ധീകരിച്ചുട്ടുണ്ട്.


ക്ഷമാപണത്തില്‍ പറയുന്നു: ഭാഷാപോഷണിയുടെ ഡിസംബര്‍ ലക്കത്തില്‍ വായനക്കാര്‍ക്ക് വേദനാജനകമായ ഒരു ചിത്രം കവര്‍പേജിലും മറ്റൊരു ചിത്രം ഉള്‍പ്പേജിലും പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുകയും തെറ്റുമനസിലാക്കി ക്ഷമാപണം നടത്തുകയും ചെയ്യുന്നു.

സംഭവം എന്താണെന്ന് വ്യക്തമാക്കാതെയാണ് ഈ ക്ഷമാപണം നടത്തിയിരുക്കുന്നത്.

സംഭവം ഇതാണ്: റിയാസ് കോമുവിന്റെ കലാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകത്തിലെ നിര്‍ബാധ്യത എന്ന അധ്യായം ഭാഷാപോഷിണി പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനത്തിന്റെ കവര്‍ ചിത്രമായി റിയാസ് കോമു 11 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ശില്പത്തിന്റെ ഫോട്ടോഗ്രാഫ് ഉപയോഗിക്കുന്നു. കാലം പ്രതിഫലക്കുന്നതാണ് റിയാസിന്റെ ശില്‍പ്പം. വിള്ളലുകളും പൂപ്പലുമെല്ലാം ശില്പത്തിലുണ്ട്. ഈ വിള്ളല്‍ നാരായണ ഗുരുവിനെ അപമാനിക്കാനാണെന്ന് ഹൈന്ദവപാളയത്തിലകപ്പെട്ട ചിലര്‍ പ്രചാരണം ആരംഭിച്ചു.മറ്റൊന്ന് ഭാഷാപോഷണിയിലെ ഡിസംബര്‍ ലക്കത്തിലെ മറ്റൊരു പെയിന്റിങ്ങാണ്. നാടകകൃത്തും അധ്യാപകനും ഇയ്യോബിന്റെ പുസ്തകം സിനിമയുടെ തിരക്കഥാകൃത്തുമായ ഗോപന്‍ ചിദംബരത്തിന്റെ നാടകത്തിന് ടോംവട്ടക്കുഴി വരച്ച അന്ത്യ അത്താഴ ചിത്രമാണത്. നഗ്നയായ ഒരു സ്ത്രീ അന്ത്യത്താഴത്തിലെ യേശുവിന്റെ സ്ഥാനത്തും ഇരുവശത്തും കന്യാസ്ത്രീകളും പിന്നിലെ വാതിലില്‍ ഒരു പട്ടാളക്കാരന്റെ നിഴലുമുള്ളതാണ് ആ ചിത്രം. ഈ ചിത്രം നിരൂപകരുടെ പ്രശംസയും സോഷ്യല്‍ മീഡിയയുടെ അഭിനന്ദനവും ഏറ്റ് വൈറലായി തുടങ്ങുന്നതിനിടയില്‍ ദീപിക പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അച്ചനാണ് എന്ന് പരിചയപ്പെടുത്തി ഒരാളുടെ ഫോണ്‍ കോള്‍ ഭാഷാപോഷിണിയിലെത്തുന്നു. തിരുവത്താഴത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കലാബോധമില്ലാത്ത ആ തീവ്ര ക്രിസ്ത്യാനി മാത്രം പ്രതിഷേധിക്കുന്നു. ആ ഒറ്റ കോളിന്റെ പ്രതിഷേധനത്തെ തുടര്‍ന്ന് ഭാഷാപോഷിണിയുടെ അച്ചടിച്ച ലക്കം പിന്‍വലിക്കുകയും ആ ചിത്രം എഡിറ്റ് ചെയ്ത് വികൃതമാക്കി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.

എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി ഇന്നലെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്: മനോരമ പ്രസിദ്ധീകരണമായ ''ഭാഷപോഷിണി''യില്‍ ശ്രീനാരായണ ഗുരുദേവനെ വികൃതമാക്കി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചതില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ തോമസ് ജേക്കബ് എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തോട് നേരിട്ട് ഖേദം പ്രകടിപ്പിക്കുകയും, നാളെ തന്നെ വിഷയത്തില്‍ തിരുത്ത് നല്‍കാമെന്നും അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതിഷേധ പ്രക്ഷോഭ പരിപാടികളും നിറുത്തി വെക്കാന്‍ തീരുമാനിച്ചതായി അറിയിക്കുന്നു.

ഇന്ന് മനോരമ ക്ഷമാപണം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നടേശന്‍ വീണ്ടും പ്രസിദ്ധീകരിച്ച പോസ്റ്റില്‍ ശ്രീനാരായണ ഗുരു ദൈവമാണെന്ന വാദം കൂടി ഉന്നയിക്കുന്നു: തെറ്റു പറ്റിയാല്‍ അതു തെറ്റാണെന്നു തുറന്നു സമ്മതിക്കാനുള്ള മനസ്സുണ്ടാകുകയാണെങ്കില്‍, ചെയ്ത തെറ്റ് ക്ഷമിക്കാനുള്ള മനസ്സും ഉണ്ടാകണം. പ്രത്യേകിച്ചു ശ്രീനാരായണീയര്‍ക്ക്. മനോരമ അവരുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ നമ്മുടെ ഏവരുടെയും ദൈവമായ ഗുരുദേവനെ വികലമാക്കി പ്രസിദ്ധീകരിച്ചതില്‍ അവര്‍ ക്ഷമാപണം നടത്തുകയും ഇനിമേലില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്. ശ്രീനാരായണീയരായ നമുക്കുണ്ടായ മുറിവ് ചെറുതൊന്നുമല്ല. എങ്കിലും ക്ഷമാപണം ഗൗരവമായി കണ്ടുകൊണ്ട് നമുക്കേവര്‍ക്കും ഉണ്ടായ ധാര്‍മ്മിക രോഷം അടക്കി ക്ഷമിക്കാന്‍ തയ്യാറാകണം.

[caption id="" align="alignright" width="384"]Related image റിയാസ് കോമു[/caption]

ഈ ചിത്രങ്ങള്‍ക്കെതിരെ വാട്ട്‌സാപ്പില്‍ കെ.ആര്‍ മഹേഷെന്നയാള്‍ ഫോണ്‍ നമ്പര്‍ സഹിതം പ്രചരിപ്പിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡിസി ബുക്‌സ് പൊലീസില്‍ പരാതി നല്‍കി.

പരാതിക്ക് ഇടയാക്കിയതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ സന്ദേശം ഇതാണ്: മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയുടെ മുഖചിത്രമായി വന്ന റിയാസ് കോമു വരച്ച ഗുരുദേവനെ മോശമായി ചിത്രീകരിച്ച ചിത്രം ആദ്യം വന്നത് ഡിസി ബുക്ക്‌സ് ഇറക്കിയ ഗുരുചിന്ദന - ഒരു മുഖവുര എന്ന ബുക്കിന്റെ കവര്‍ ചിത്രമായാണ്. കഴിഞ്ഞ മാസം മട്ടാഞ്ചേരിയില്‍ ഉരു എന്ന പേരില്‍ ഒരു ആര്‍ട്ട് ഗാലറി ഉദ്ഘാടനം ചെയ്യുകയുണ്ടായി . അവിടെ വച്ചാണ് ഈ പുസ്തകം പ്രകാശനം നടത്തിയതെന്നാണ് അറിയാന്‍ സാധിക്കുന്നത്. അവിടെ ഈ ഫോട്ടോകൂടാതെ ഗുരുദേവനെ വികൃതമായി ചിത്രീകരിച്ച മറ്റൊരു ഫോട്ടോയും വില്‍പ്പനയ്ക്കായി വച്ചിരുന്നു. എന്തായാലും ഭാഷാപോഷിണിക്കെതിരെ നമ്മള്‍ പോരാടിയ പോരാട്ടം ഇനി തുടരേണ്ടത് ഡിസി ബുക്ക് ഇറക്കിയ ഈ പുസ്തകത്തിനെതിരെയാണ്. ദിലീപ് രാജെന്ന വ്യക്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രം വരച്ചിരിക്കുന്നത് റിയാസ് കോമുവും. ഇവര്‍ക്കെതിരെയാവട്ടെ നമ്മുടെ അടുത്ത പോരാട്ടം. ഈ പുസ്തകം വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതുവരെ നമ്മുക്ക് പോരാടാം. ഒപ്പം ചിത്രം വരച്ച റിയാസ് കോമുവിനെതിരെയും.

ഗുരുനിന്ദ ഉമിത്തീയില്‍ വെന്ത് വെണ്ണീറായാലും തീരാത്ത മഹാ പാപമാണ്. നമ്മുടെ കണ്‍കണ്ട ദൈവമായ ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച, അവഹേളിച്ച ഈ ചെറ്റകളെ അത് എന്ത് ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും വെറുതെ വിടരരുത്...? പ്രതികരിക്കാം ഒത്തൊരുമിച്ച് ഒരേ മനസായി- സന്ദേശം ആഹ്വാനം ചെയ്യുന്നു.

തീവ്രവാദികളായ ചിലരുടെ ബുദ്ധിശൂന്യതയോടു മാധ്യമ പ്രവര്‍ത്തനത്തിന്റെ നൈതികതയില്ലാതെ മനോരമ ക്ഷമാപണം നടത്തിയതു പ്രതിഷേധമുയര്‍ത്തുകയാണ്. വായനക്കാര്‍ക്കു വേദനയുണ്ടാക്കി എന്ന മനോരമയുടെ വാദം തന്നെ പച്ചക്കള്ളമാണ്. അക്കാദമിക്ക് പ്രസിദ്ധീകരണമായ ഭാഷാപോഷിണിയുടെ വായനക്കാര്‍ക്ക് വേദനാജനകമല്ല രണ്ടു ചിത്രങ്ങളും എന്നതാണു സത്യം. മതപ്രീണനമല്ലാതെ മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്ത ക്ഷമാപണം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മനോരമ ഇളിഭ്യ നിലപാടെടുത്തപ്പോള്‍, ഡിസിബുക്‌സിന്റേതു മറ്റൊരു നിലപാടാണ് - ക്ഷമ പറയില്ല. പുസ്തകം പിന്‍വലിക്കുകയുമില്ല. റിയാസ് കോമുവിന്റെ 'ഗുരുചിന്തന ഒരു മുഖവുര' ഡിസിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ കവറിലും അതേ ചിത്രമാണ്. മനോരമ ക്ഷമാപണം നടത്തിയതിനു പിന്നാലെ ഡിസിയുടെ നിലപാടു പുറത്തു വന്നു:

[caption id="attachment_66999" align="alignleft" width="291"] ഡിസി ബുക്സ് പുസ്തകം.[/caption]

ഡിസിബുക്‌സിന്റെ നിലപാട്: ആധുനികകേരളത്തിന്റെ ശില്പിയായ നാരായണഗുരുവിനെക്കുറിച്ചാണു മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകമെഴുതപ്പെട്ടിട്ടുള്ളത്. ഗുരുചിന്തകളെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും അതാതുകാലത്തിനുവേണ്ടിയുള്ള പുനരാഖ്യാനങ്ങളാണ് അവയെല്ലാം. ചിത്രകലയിലും ശില്പകലയിലും മറ്റു കലാരൂപങ്ങളിലും ഇത്തരത്തിലുള്ള ആഖ്യാന നവീകരണങ്ങള്‍ തുടരുന്നുണ്ട്. ഇത്തരത്തിലുള്ള പുനരാവിഷ്‌കാരങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുമാണ് ഓരോ മഹാപുരുഷന്മാരും കാലത്തെ അതിജീവിക്കുന്നത്. സാല്‍വദോര്‍ ദാലിയും ലിയാണോര്‍ഡ് ഡാവിഞ്ചിയും മാത്രമല്ല പില്‍ക്കാലത്ത് അനേകം കലാകാരന്മാര്‍ ചരിത്രപുരുഷന്മാരെയും വിശ്വാസങ്ങളെയും പുനരാഖ്യാനം ചെയ്തിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനാലെയുടെ പ്രഥമ ക്യുറേറ്ററും സ്ഥാപകഡയറക്ടറുമായ റിയാസ് കോമു പതിനൊന്നു വര്‍ഷം മുന്‍പു രൂപകല്പന ചെയ്ത ശില്പം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വെങ്കലത്തില്‍ തീര്‍ത്ത ശില്പത്തിന്റെ ചിത്രം അദ്ദേഹം തന്നെ രൂപകല്പന ചെയ്ത 'ഗുരുചിന്തന ഒരു മുഖവുര' എന്ന പുസ്തകകത്തിന്റെ കവര്‍ച്ചിത്രമായപ്പോഴാണു പുതിയ തര്‍ക്കങ്ങള്‍. ശില്പിയും പ്രസാധകനും ഗുരുനിന്ദ ചെയ്യുന്നുവെന്നാണു തര്‍ക്കത്തിന്റെ പ്രധാന വിഷയം. ഇതോടൊപ്പം പ്രസാധകര്‍ക്കുനേരെ ഭീഷണിസ്വരത്തിലുള്ള വാട്സ് ആപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു വിഭാഗീതയത സൃഷ്ടിക്കുന്നതുവരെയെത്തിരിക്കുന്നു തര്‍ക്കത്തിന്റെ വ്യാപ്തി.

ഗുരുചിന്തയുടെ തീക്ഷ്ണതയെയും ആഴത്തെയും ധ്വനിപ്പിക്കുന്നതാണു റിയാസ് കോമുവിന്റെ ശില്പം. നാരായണഗുരുവിന്റെ പുരോഗമനാശയങ്ങളില്‍ ആകൃഷ്ടനായ ശില്പി തന്റേതായ ഗുരുസങ്കല്പത്തെ ആദരപൂര്‍വമാണു ശില്പത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പതിറ്റാണ്ടു മുന്‍പ് ഈ ശില്പം ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രബുദ്ധമായ സമൂഹവും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും മികച്ച പ്രതികരണമാണു നല്‍കിയത്. എല്ലാത്തരം കലാവ്യാഖ്യാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ വിശാലമായ ജനാധിപത്യബോധം നമ്മുടെ സമൂഹത്തിനുണ്ടായിരുന്നു.

ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകം ഗുരുവിമര്‍ശനഗ്രന്ഥമല്ല. ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള ആധുനിക വ്യാഖ്യാനവും മലയാളിയുടെ യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്താനുള്ള മഹത്തായ ശ്രമവുമാണ്. നിത്യചൈതന്യയതിയും നടരാജഗുരുവും മുനി നാരായണപ്രസാദും ചെയ്തിരുന്നതുപോലെ ഗുരുവിന്റെ അറിവിനെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണം.

[caption id="attachment_67001" align="alignright" width="420"] പുസ്തകത്തിലെ അധ്യായം ഭാഷാപോഷിണി പ്രസിദ്ധീകരിച്ചത്[/caption]

എല്ലാവിധ ആശയവൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രസാധന ശാലയായ ഡി സി ബുക്സ് നാരായണഗുരുവിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ പിന്‍ഗാമികളായ സന്യാസിശ്രേഷ്ഠരുടെ പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ശ്രീനാരായണ പ്രസ്ഥാനത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങളേറെയുള്ള ആത്മകഥയും ഡി സി ബുക്സ് തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്രീനാരായണഗുരുവിനെ ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ച് ലാഭേഛയില്ലാതെയാണ് 'ഗുരുചിന്തന ഒരു മുഖവുര' ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തിയത്. ആയിരം കോപ്പിമാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്.

ഗുരുവിനെക്കുറിച്ചുള്ള ഈ പുസ്തകം വായിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങളും ദര്‍ശനവും കര്‍മ്മമാര്‍ഗവും അടുത്തറിയാനാവും. ഈ ചിന്തയുടെ തീക്ഷ്ണതയേയും ആഴത്തെയും ദ്യോതിപ്പിക്കുന്നതാണു റിയാസ് കോമുവിന്റെ ശില്പം- ഡിസി പറയുന്നു.

രണ്ടു കലാകാരന്മാരോടും അവരുടെ കലയോടും അപമര്യാദ പ്രകടപ്പിക്കുന്ന ക്ഷമാപണം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു മതാധ്യക്ഷന്മാരോടുള്ള പൂര്‍ണ്ണ വിധേയത്വം പ്രകടിപ്പിച്ച മനോരമയുടെ മാദ്ധ്യമ പ്രവര്‍ത്തനം കലാപ്രവര്‍ത്തനങ്ങളെ മുഴുവനായി അപമാനിച്ചുവെന്ന വിമര്‍ശനം ഉയരുകയാണ്. പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് സാധ്യമായ എഡിറ്റിങ് നടത്താതെ പ്രസിദ്ധീകരിച്ച ശേഷം നടത്തിയ പിന്‍വലിക്കല്‍ മനോരമയുടെ ചരിത്രത്തിലും മുന്‍പുണ്ടാകാത്ത സംഭവമാണ്.

പ്രസിദ്ധീകരണത്തിന്റെ 125 വര്‍ഷം ആഘോഷിച്ച് സാഹിത്യപത്രപ്രവര്‍ത്തനത്തിന്റെ തലതൊട്ടപ്പന്മാരാണ് തങ്ങളെന്നു സ്ഥാപിക്കാന്‍ എം.ടി വാസുദേവന്‍ നായര്‍, എസ്. ജയചന്ദ്രന്‍ നായര്‍, സി.രാധാകൃഷ്ണന്‍, സാറാജോസഫ് തുടങ്ങിയവരെ അണിനിരത്തിയ നവംബര്‍ ലക്കത്തിനു ശേഷം പ്രസിദ്ധീകരിച്ച ലക്കമാണു ഭാഷാപോഷിണിയുടെ ചരമക്കുറിപ്പെഴുതി ഭാഷാഭീഷണിയായത്.

Read More >>