മലമ്പുഴയിൽ അണക്കെട്ടും വരളുന്നു; വെള്ളംകിട്ടാൻ വൃഷ്ടിപ്രദേശത്തു കുഴികുത്തി ആദിവാസികൾ

ആദിവാസികളുടെ കുടിവെള്ളത്തിനായി പലതവണയായി കോടികളുടെ പദ്ധതികളാണ് ഈ പ്രദേശത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. എല്ലാം തവണയും പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും നടപ്പാക്കാറില്ല. കുടിവെള്ള പദ്ധതിക്കായി ഒരു പൈപ്പു പോലും പ്രദേശത്ത് ഇട്ടിട്ടില്ല. കുഴല്‍ കിണറുകള്‍ ഇല്ലെന്നു തന്നെ പറയാം. ആദിവാസി ഊരുകളില്‍ കിണറുകളും ഇല്ല. പിന്നെ ആകെ ചെയ്യാനാകുന്നതു ഡാമിനകത്തു കുഴിയെടുത്ത് വെള്ളം എടുക്കുക എന്നതു മാത്രമാണ്

മലമ്പുഴയിൽ അണക്കെട്ടും വരളുന്നു; വെള്ളംകിട്ടാൻ വൃഷ്ടിപ്രദേശത്തു കുഴികുത്തി ആദിവാസികൾ

പാലക്കാട്: മലമ്പുഴ അകമലവാരത്തെ ആദിവാസികള്‍ക്ക് ഒരു കുടം വെള്ളത്തിനു നടക്കേണ്ടത് ഏകദേശം ഒരു കിലോമീറ്റര്‍. ഇത്രയും ദൂരം നടക്കുന്നത് ഏതെങ്കിലും കുടിവെള്ള പദ്ധതിയില്‍ നിന്നു വെള്ളമെടുക്കാനല്ല, മലമ്പുഴ ഡാമിനകത്തു കുഴിയുണ്ടാക്കി വെള്ളം ശേഖരിക്കാനാണ്. കുടിക്കാനും കുളിക്കാനും മറ്റെല്ലാ കാര്യത്തിനും ആദിവാസികള്‍ക്ക് ഈ വെള്ളം മാത്രമാണ് ആശ്രയം

ഡാമിനകത്ത് ആദിവാസികള്‍ കുഴിച്ച നിരവധി കുഴികള്‍ കാണാം. ചില കുഴികള്‍ വറ്റിക്കിടക്കുന്നു. വേനല്‍ കനക്കും തോറും കുഴികളില്‍ വെള്ളമില്ലാതാകും. അപ്പോള്‍ കുഴിക്കു പിന്നേയും ആഴം കൂട്ടണം. കടുത്ത വേനലാകുന്നതോടെ ഡാമിനകത്തെ കുഴികളില്‍ കിട്ടുന്ന ഈ വെള്ളവും ഇല്ലാതാകും. പിന്നെ ഓട്ടോയിലും ബൈക്കിലുമൊക്കെയായി വെള്ളം കിട്ടുന്ന സ്ഥലത്തെത്തി വാങ്ങി കൊണ്ടു പോകണം. വേനലായാല്‍ ഒരു കുടം വെള്ളത്തിനു പോലും പണം നല്‍കേണ്ടി വരുമെന്ന് അകമലവാരം നിവാസിയും ആദിവാസിയുമായ വേലായുധന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസിന്റെ മണ്ഡലത്തിലെ സ്ഥിതിയാണിത്. ആദിവാസികളുടെ കുടിവെള്ളത്തിനായി പലതവണയായി കോടികളുടെ പദ്ധതികളാണ് ഈ പ്രദേശത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. എല്ലാം തവണയും പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും നടപ്പിലാക്കാറില്ല. കുടിവെള്ള പദ്ധതിക്കായി ഒരു പൈപ്പു പോലും പ്രദേശത്തു സ്ഥാപിച്ചിട്ടില്ല. കുഴല്‍ക്കിണറുകള്‍ ഇല്ലെന്നു തന്നെ പറയാം. ആദിവാസി ഊരുകളില്‍ കിണറുകളും ഇല്ല. പിന്നെ ആകെ ചെയ്യാനാകുന്നതു ഡാമിനകത്തു കുഴി കുത്തി വെള്ളമെടുക്കുക മാത്രമാണ്

അകമല വാരത്തെ അടപ്പു കോളനിയില്‍ നാല്‍പ്പതോളം വരുന്ന ആദിവാസി കുടുംബങ്ങള്‍ക്കായി ഒരു കിണറുണ്ട്. കിണര്‍ ഇപ്പോള്‍ തന്നെ വറ്റാറായി. അടുത്ത മാസത്തോടെ ഇതില്‍ നിന്നു കുടിവെളളം പോലും കിട്ടാതാകും. ഡാമിനകത്തെ കുഴിയില്‍ നിന്നു പോലും വെള്ളം കിട്ടാതാകുന്നതോടെ പിന്നെ ഓട്ടോയിലും മറ്റും വെള്ളം തേടി അലയേണ്ടി വരും.

മേലെ അടപ്പ് കോളനിയില്‍ കടുത്ത വേനലില്‍ ലോറിയില്‍ കൊണ്ടു വരുന്ന വെള്ളത്തിനായി ആദിവാസികള്‍ കാത്തിരിക്കേണ്ടി വരും. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഈ വെള്ളം വരിക. മലമ്പുഴയുടെ ഉള്‍ഭാഗത്തോട് ചേര്‍ന്നുള്ള ആദിവാസി ഗ്രാമങ്ങളിലെല്ലാം വേനലില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. ഇവര്‍ക്കെല്ലാം ആശ്രയം ഡാമിനകത്തെ കുഴികള്‍ മാത്രമാണ്.

Read More >>