മലബാര്‍ സിമന്റ്‌സില്‍ ഒരാഴ്ച്ചക്കുള്ളില്‍ ഉത്പാദനം തുടങ്ങും

സിമന്റ് നിർമ്മാണത്തിനാവശ്യമായ ക്ലിങ്കറിന്റെെ ഉത്പാദനം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

മലബാര്‍ സിമന്റ്‌സില്‍ ഒരാഴ്ച്ചക്കുള്ളില്‍ ഉത്പാദനം തുടങ്ങും

പാലക്കാട്: മലബാര്‍ സിമന്റ്‌സില്‍ ഒരാഴ്ച്ചക്കുള്ളില്‍ ഉത്പാദനം തുടങ്ങാനാവും. സിമന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ക്ലിങ്കര്‍ ഉത്പാദനം ആരംഭിച്ചു. ചുണ്ണാമ്പുകല്ലും ലാറ്ററൈറ്റും പൊടിച്ച് ചൂളയിലിട്ട് കല്‍ക്കരി ഉപയോഗിച്ച് ചൂടാക്കിയാണ് ക്ലിങ്കര്‍ നിര്‍മ്മിക്കുന്നത്. ക്ലിങ്കറും ഫ്ലൈ ആഷും ജിപ്‌സവും ചേര്‍ത്തു പൊടിച്ചാല്‍ സിമന്റാവും. ഈ പ്രക്രിയ ഒരാഴ്ച്ചക്കുള്ളില്‍ തുടങ്ങാനാവും എന്നാണ് കരുതുന്നത്.

കഴിഞ്ഞ സെപ്തംബര്‍ അഞ്ചു മുതലാണ് മലബാര്‍ സിമന്റില്‍ ഉത്പാദനം പൂര്‍ണമായി നിലച്ചത്. അസംസ്‌കൃത വസ്തുക്കളായ കല്‍ക്കരി, ലാറ്ററൈറ്റ് എന്നിവയുടെ ലഭ്യതക്കുറവു കാരണമാണ് ഉത്പാദനം നിർത്തിയത്.

പത്തു ദിവസം ഉത്പാദനം നടത്താനുള്ള ലാറ്ററൈറ്റ്  സ്റ്റോക്ക് എത്തിച്ചിട്ടുണ്ട്.  ആന്ധ്രയില്‍ നിന്നു ലോറി വഴിയാണ് ലാറ്ററൈറ്റ് എത്തിച്ചത്. രണ്ടു ദിവസത്തിനകം 40,000 ടണ്‍ ലാറ്ററൈറ്റ് തീവണ്ടി മാർഗം എത്തിക്കും.

20 ദിവസത്തേയ്ക്കുള്ള കല്‍ക്കരിയും കമ്പനിയിലുണ്ട്. 3800 ടണ്‍ ഇറക്കുമതി ചെയ്ത കല്‍ക്കരിയും ഉണ്ട്. ആന്ധ്രയില്‍ നിന്ന് എത്തിച്ച കല്‍ക്കരി കൊണ്ടാണ് ഇപ്പോള്‍ ഉത്പാദനം തുടങ്ങുന്നത്. കല്‍ക്കരി കൂടുതല്‍ എത്തിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ച് വരുന്നുണ്ട്. ചുണ്ണാമ്പുകല്ല് മലബാര്‍ സിമന്റ്‌സിന്റെ തന്നെ ഖനിയില്‍ നിന്നാണ് എടുക്കുന്നത്.

നേരത്തെ അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാത്തതിനാല്‍ ക്ലിങ്കര്‍ ഇറക്കുമതി ചെയ്തും ഉത്പാദനം നടത്തി നോക്കിയിരുന്നു. അന്നു പേരിനു മാത്രം പ്രതിദിനം 300 ടണ്‍ സിമന്റാണ് ഉത്പാദിപ്പിച്ചിരുന്നത്.

പ്രതിദിനം 1500 ടണ്ണിലധികം ഉത്പാദന ശേഷി കമ്പനിക്കുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം തീര്‍ന്നാല്‍ ഉത്പാദനം പൂര്‍ണ തോതിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മൂന്നു മാസത്തോളം കമ്പനിയില്‍ ഉത്പാദനം നിലച്ചപ്പോള്‍ 19 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.