മലബാര്‍ സിമന്റ്‌സിൽ ഉത്പാദനം നിർത്തിവച്ചിട്ടു മൂന്നു മാസം ; പ്രതിമാസം നഷ്ടം ആറരക്കോടി രൂപ

കമ്പനി സുഗമമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പത്തു കോടി രൂപയായിരുന്നു ലാഭം. ഇപ്പോൾ ആറരക്കോടിയുടെ പ്രതിമാസ നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തി.

മലബാര്‍ സിമന്റ്‌സിൽ ഉത്പാദനം നിർത്തിവച്ചിട്ടു മൂന്നു മാസം ; പ്രതിമാസം നഷ്ടം ആറരക്കോടി രൂപ

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവു മൂലം ഉത്പാദനം നിര്‍ത്തി വച്ച മലബാര്‍ സിമന്റ്‌സിലെ പ്രതിസന്ധി അനിശ്ചിതമായി നീളുന്നു. എന്തു ചെയ്യണമെന്ന് സർക്കാരിന് ഒരുരൂപവുമില്ല.  ഉത്പാദനം നിര്‍ത്തിവച്ചതു മൂലം 19 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെയുണ്ടായത്. കഴിഞ്ഞ മൂന്നു മാസവും ശമ്പളവും മറ്റാനുകൂല്യങ്ങളും കൃത്യമായി നല്‍കിയിരുന്നു. ഇതിലേയ്ക്ക് മാത്രമായി കോടികളാണ് പ്രതിമാസം ചെലവാക്കേണ്ടി വരുന്നത്.

കമ്പനി സുഗമമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പത്തു കോടി രൂപയായിരുന്നു ലാഭം. ഇപ്പോൾ ആറരക്കോടിയുടെ പ്രതിമാസ നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തി. പ്രതിസന്ധി രൂക്ഷമായ സഹചര്യത്തില്‍ മുൻ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ മലബാര്‍ സിമന്റ്‌സില്‍ എത്തുകയും സര്‍വകക്ഷി യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യോഗത്തിലുയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഫലവത്തായില്ല.


കരിന്തളത്തു നിന്നും ലാറ്ററൈറ്റും രാജസ്ഥാനിലെ പൊതു മേഖലാ സ്ഥാപനത്തില്‍ നിന്നും ചുണ്ണാമ്പു കല്ല് എത്തിക്കുമെന്നുമായിരുന്നു അന്ന് മന്ത്രി നൽകിയ വാഗ്ദാനം.

ഉത്പാദനം നിര്‍ത്തി വച്ചത് അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍

പ്രതിദിനം രണ്ടായിരം ടണ്ണോളം സിമന്റായിരുന്നു മലബാര്‍ സ്മന്റ്‌സ് ഉത്പാദിപ്പിച്ചിരുന്നത്. ഇതിനായി ലക്ഷക്കണക്കിനു ടണ്‍ അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമുണ്ട്. ലാറ്ററൈറ്റ്, കല്‍ക്കരി, ചുണ്ണാമ്പുകല്ല് തുടങ്ങിയവയാണ് പ്രധാന അസംസ്‌കൃത വസ്തുക്കള്‍. പുതിയ എംഡിയായി വി ബി രാമചന്ദ്രന്‍ നായര്‍ ചുമതലയേറ്റതോടെ കല്‍ക്കരി എത്തിച്ചിരുന്നു.

കരിന്തളത്തു നിന്നും ലൈറ്ററൈറ്റ് എത്തിക്കാനുള്ള ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. കെസിസിപിഎല്ലിന്റെ ലാറ്ററൈറ്റ് ഖനനത്തിനെതിരെ കരിന്തളത്ത് ജനകീയ സമര സമിതി പ്രതിഷേധത്തിലാണ്. സമരം ഒത്തു തീര്‍ക്കാന്‍ ഇ പി ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെട്ടു.

മറ്റിടങ്ങളില്‍ നിന്നും ലാറ്ററൈറ്റ് എത്തിക്കാനുള്ള ശ്രമവും പൂര്‍ണമായും വിജയിച്ചില്ല. ആന്ധ്രയില്‍ നിന്നും 2000 ടണ്‍ ലാറ്ററൈറ്റാണ് എത്തിച്ചത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇത് അപര്യാപ്തമാണ്.

മൂന്നു മാസത്തേയ്ക്ക് ഉത്പാദനം നടത്താനുള്ള അസംസ്‌കൃത വസ്തുക്കള്‍ നേരത്തെ ശേഖരിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മുൻ എംഡി പത്മകുമാര്‍ ഇതിനായി  ചെറുവിരൽപോലും അനക്കിയില്ല എന്ന് ആരോപണമുയരുന്നു. പ്രതിസന്ധി ഇത്രയും രൂക്ഷമാകാൻ കാരണം ഇതാണെന്നാണ് ചിലരുടെ വാദം.

ഇല്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഏഴു ലക്ഷം


കൊച്ചിന്‍ പോര്‍ട് ട്രസ്റ്റിന്റെ ഭൂമി പാട്ടത്തിനെടുത്താണ് അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്നത്. ഇതിനായി 58 കോടി രൂപയാണു ബാങ്ക് വായ്പ എടുത്തിട്ടുണ്ട്. ഇതിന്റെ പലിശ മാത്രം 6.7 ലക്ഷം രൂപ അടയ്ക്കണം. നിലവിലെ സാഹചര്യത്തില്‍ ഇത് അനാവശ്യ ചെലവാണ്.

 മലബാര്‍ സിമന്റ്‌സിന്റെ തലപ്പത്ത് വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍


വിജിലന്‍സ് കേസി പ്രതികളായ  നാല് ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴും മലബാര്‍ സിമന്റ്സിന്റെ തലപ്പത്തു തുടരുന്നുന്നുണ്ട്. ഡപ്യൂട്ടി മാര്‍ക്കറ്റിങ്ങ് മാനേജര്‍ വേണുഗോപാല്‍, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, മെറ്റീരിയല്‍ മാനേജര്‍ നമ ശിവായം, ഫിനാന്‍സ് മാനേജര്‍ നരേന്ദ്രനാഥ്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മുരളീധരന്‍, എന്നിവരാണ് തുടരുന്നത്. ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സിന്റെ ആവശ്യം സര്‍ക്കാര്‍ അന്നു തന്നെ തള്ളിയിരുന്നു. ഇവരെ സസ്പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യാന്‍ വേണ്ട നടപടിയെടുക്കണമെന്ന് വി. എസ് അച്യുതാനന്ദനും മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനും കത്തെഴുതിയിരുന്നതാണ്. എന്നാല്‍ നടപടിയുണ്ടായില്ല.

പത്മകുമാറിന്റെ അറസ്റ്റിനു ശേഷം ഇവരെ അവിടെ തുടരാന്‍ അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ പ്രതികളാക്കിയവരെ നീക്കണമെന്ന വിജിലൻസ് ശുപാർശ കിട്ടിയിട്ടില്ലെന്നും കുറ്റമാരോപിച്ചാൽ ഉടൻ തന്നെ സർക്കാറിന് നടപടിയെടുക്കാൻ കഴിയില്ലെന്നുമാണ് ഇത് സംബന്ധിച്ച് അന്ന് വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ പ്രതികരിച്ചത്. അതെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ പുതിയ വ്യവസായ മന്ത്രി എ. സി മൊയ്തീനും തുടരുന്നതെന്നാണ് ഇതുവരെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പത്മകുമാര്‍ ഇപ്പോഴും റിയാബ് സെക്രട്ടറി

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ മുന്‍ എംഡി പത്മകുമാറിനെ അറസ്റ്റു ചെയ്തിരുന്നു. നാലു കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിയമിക്കുന്ന സമിതിയായി റിയാബിന്റെ സെക്രട്ടറിയായി ഇപ്പോഴും പത്മകുമാര്‍ തുടരുന്നുണ്ട്. നിയമ നടപടി നേരിടുന്ന പത്മകുമാറാണ് റിയാബിന്റെ റിപ്പോര്‍ട്ടില്‍ ഒപ്പു വെക്കേണ്ടത്.

Read More >>