നോട്ട് നിരോധനം; അമ്പതു ദിവസം കൊണ്ട് അറുപതു ശതമാനം എടിഎമ്മുകളും ഇല്ലാതാക്കി

രാജ്യത്തെ രണ്ടുലക്ഷത്തി ഇരുപതിനായിരം എടിഎമ്മുകളില്‍ നാല്‍പതു ശതമാനത്തില്‍ താഴെയുള്ളവയില്‍ മാത്രമേ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് പണം നിറയ്ക്കുന്ന ഏജന്‍സികള്‍ പറയുന്നു. സ്വകാര്യ ബാങ്കുകളുടേയും വിദേശബാങ്കുകളുടേയും എടിഎമ്മുകളിലാണു കൂടുതല്‍ തവണ പണം നിറയ്ക്കുന്നത്. ദക്ഷിണേന്ത്യയിലെ എടിഎമ്മുകളിലാണ് ഏറ്റവും കുറവു തവണ പണമെത്തുന്നതെന്നും കണക്കുകള്‍ പറയുന്നു.

നോട്ട് നിരോധനം; അമ്പതു ദിവസം കൊണ്ട് അറുപതു ശതമാനം എടിഎമ്മുകളും ഇല്ലാതാക്കി

നോട്ട് നിരോധനം പ്രഖ്യാപിച്ച് അമ്പതു ദിവസം തികയുമ്പോള്‍ രാജ്യത്തെ എടിഎമ്മുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതം. രാജ്യത്തെ 220,000 എടിഎമ്മുകളില്‍ 35 - 40 ശതമാനത്തില്‍ മാത്രമാണ് പണമുള്ളത്. പത്തു ശതമാനത്തില്‍ താഴെ എടിഎമ്മുകളിലാണു ദിവസവും പണം നിറയ്ക്കാനാകുന്നതെന്നു സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

നവംബര്‍ എട്ടിനു മുമ്പ് ഒരു ലക്ഷം എടിഎമ്മുകളിലാണു ദിവസവും പണം നിറച്ചിരുന്നത്. ഓരോ എടിഎമ്മിലും ശരാശരി 50 ലക്ഷം വീതം. എന്നാല്‍ ഇപ്പോള്‍ ദിവസവും പണം നിറയ്ക്കുന്ന എടിഎമ്മുകളുടെ എണ്ണം 25000 ആയി കുറഞ്ഞു. ഓരോ എടിഎമ്മിലും ശരാശരി അഞ്ചു ലക്ഷം രൂപയും. മുമ്പ് രാജ്യത്തെ എടിഎമ്മുകള്‍ക്കു ബാങ്കുകള്‍ അനുവദിച്ചിരുന്നതു 12000 കോടി രൂപയെങ്കില്‍ ഇപ്പോഴത് 2500 കോടി രൂപയായും കുറഞ്ഞെന്നാണു കണക്കുകള്‍.


നോട്ട് നിരോധനത്തിനു മുമ്പു രാജ്യത്തെ മുപ്പതിനായിരം എടിഎമ്മുകളില്‍ ദിവസവും പണം നിറച്ചിരുന്നെന്നു സിഎംഎസ് ഇന്‍ഫോസിസ്റ്റം അധികൃതര്‍ വ്യക്തമാക്കുന്നു. നവംബര്‍ എട്ടിനു ശേഷം 13000 എടിഎമ്മുകളില്‍ താഴെയാണ് ദിവസവും പണം നിറയ്ക്കാനാകുന്നത്. രാജ്യത്തെ 55000 എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയാണു സിഎംഎസ് ഇന്‍ഫോസിസ്റ്റം.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളിലാണ് ദിവസേന പണം നിക്ഷേപിക്കാന്‍ കഴിയാത്തത്. സ്വകാര്യബാങ്കുകളുടേയും വിദേശബാങ്കുകളുടേയും എടിഎമ്മുകളില്‍ പെതുമേഖലാബാങ്കുകളുടേതിനെക്കാള്‍ കൃത്യമായ ഇടവേളകളില്‍ പണം നിറക്കാന്‍ കഴിഞ്ഞെന്നും സിഎംഎസിന്റെ കണക്കുകളിലുണ്ട്. നവംബര്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ ഏഴു ശതമാനം എടിഎമ്മുകളില്‍ പണം നിറക്കാനായില്ല. ഡിസംബര്‍ ഇരുപത് ആയപ്പോഴേക്കും 46 ശതമാനം എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ കഴിയാതെ വന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ എട്ടു വരെ സിഎംഎസ് ഇന്‍ഫോസിസ്റ്റംസിന്റെ ചുമതലയിലുള്ള എടിഎമ്മുകളില്‍ ശരാശരി 1582.8 കോടി രൂപയായിരുന്നു നിറച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 20 ആയപ്പോഴേക്കും എടിഎമ്മുകളില്‍ നിറയ്ക്കുന്ന പണം 455 കോടി രൂപയായി കുറഞ്ഞു. രാജ്യത്ത് ദക്ഷിണേന്ത്യയിലെ എടിഎമ്മുകളിലാണ് ഏറ്റവും കുറവു തവണ പണം നിറയ്ക്കുന്നത്. മദ്ധ്യേന്ത്യയിലെ എടിഎമ്മുകളിലാണ് ഏറ്റവും കൂടുതലെന്നും സിഎംഎസ് വ്യക്തമാക്കുന്നു.

എടിഎമ്മുകള്‍ക്കു പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പണം നല്‍കാന്‍ ബാങ്കുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നു ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് മാനേജിംഗ് ഡയറക്ടറും ബാങ്കിംഗ് ആന്റ് പേയ്‌മെന്റ് ടെക്‌നോളജി പ്രൊവൈഡറുമായ രാമസ്വാമി വെങ്കിടാചലം ' ദ ഇന്ത്യന്‍ എക്‌സ്പ്രസി'നോടു വ്യക്തമാക്കി. എഫ്‌ഐഎസിന്റെ 12000 എടിഎമ്മുകളില്‍ 37 ശതമാനത്തില്‍ മാത്രമാണു പണമുള്ളത്. സാധാരണഗതിയില്‍ മൊത്തം എടിഎമ്മുകളുടെ പത്തു ശതമാനം വരെ പ്രവര്‍ത്തനരഹിതമാകാറുണ്ട്, എന്നാല്‍ ഇപ്പോള്‍ എടിഎമ്മുകളില്‍ 40 ശതമാനം വരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും വെങ്കിടാചലം പറയുന്നു.

ഒരു എടിഎമ്മില്‍ പണം നിറയ്ക്കാന്‍ നാല് കസെറ്റുകളാണുള്ളത്. ഒരു കസെറ്റില്‍ ഏതെങ്കിലും ഒരു കറന്‍സിയുടെ 2500 നോട്ടുകള്‍ നിറയ്ക്കാം. ഇങ്ങനെ പരമാവധി ഒരു എടിഎമ്മില്‍ പതിനായിരം നോട്ട് നിറയ്ക്കാന്‍ കഴിയും. ഇപ്പോള്‍ ഒട്ടുമിക്ക എടിഎമ്മുകളും പുതിയ 2000, 500 നോട്ടുകളുടെ വിതരണത്തിനായി പുനഃക്രമീകരിച്ചിരിക്കുകയാണ്.

Read More >>