സ്റ്റോക് സിറ്റിയെ തറപറ്റിച്ച് ലിവർപൂൾ

പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. 18 കളികളിൽ നിന്നും 40 പോയിന്റാണ് ലിവർപൂളിന്റെ സമ്പാദ്യം. 18 കളികളിൽ നിന്നും 46 പോയിന്റുള്ള ചെൽസി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 39 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും 37 പോയിന്റുള്ള ആഴ്‌സനൽ നാലാമതും 33 പോയിന്റ് വീതമുള്ള ടോട്ടനം അഞ്ചാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാമതുമാണ്.

സ്റ്റോക് സിറ്റിയെ തറപറ്റിച്ച് ലിവർപൂൾ

ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ സ്‌റ്റോക് സിറ്റിക്കെതിരെ ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെമ്പട നീലക്കുപ്പായക്കാരെ തോൽപ്പിച്ചത്. ജോൺ വാൾട്ടേഴ്‌സാണ് സ്‌റ്റോക് സിറ്റിക്ക് വേണ്ടി ആൻഫീൽഡിൽ ആദ്യം വല കുലുക്കിയതെങ്കിലും ജർഗൻ ക്ലോപ്പിന്റെ ലിവർപൂൾ ആഡം ലല്ലന, റോബെർട്ടോ ഫിർമിനോ, ഡാനിയേൽ സ്റ്ററിഡ്ജ് എന്നിവരിലൂടെ തിരിച്ചടിക്കുകയായിരുന്നു. ഇതിനിടെ ജിയാനെല്ലി ഇംബുലയുടെ സെൽഫ് ഗോൾ കൂടി പിറന്നതോടെ സ്‌റ്റോക് സിറ്റിയുടെ പതനം പൂർണ്ണമായി.


12-ആം മിനുറ്റിലാണ് വാൾട്ടേഴ്‌സിന്റെ ഗോൾ ആതിഥേയരുടെ വലയിൽ കയറിയത്. പിന്നീട് 34-ആം മിനുറ്റിൽ ലല്ലനയും 44-ആം മിനുറ്റിൽ ഫിർമിനോയും സ്‌റ്റോക് സിറ്റിയുടെ വലയിൽ പന്ത് എത്തിച്ചതോടെ ഇടവേളയ്ക്ക് കളി നിറുത്തുമ്പോൾ 2-1 എന്ന നിലയിൽ ലിവർപൂൾ മുന്നിൽ. പിന്നീട് രണ്ടാം പകുതിയിൽ കളി ആരംഭിച്ച് 59-ആം മിനുറ്റിലായിരുന്നു സ്റ്റോക് സിറ്റിക്ക് മേൽ ഇംബുലയുടെ സെൽഫ് ഗോൾ വീണത്. മൈതാനത്തിന്റെ ഇടതുഭാഗത്തു നിന്നും ഡിവോക് ഒറിജി നൽകിയ ലോ ക്രോസ് മാനെയുടെ കാലുകളിൽ എത്താതെ തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സെൽഫ് ഗോൾ പിറന്നത്. ഒടുവിൽ 70-ആം മിനുറ്റിൽ ഡാനിയേൽ സ്റ്ററിഡ്ജ് കൂടി അതിഥികളുടെ മേൽ പ്രഹരിച്ചതോടെ ഗോൾ പട്ടിക പൂർണ്ണം.

വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. 18 കളികളിൽ നിന്നും 40 പോയിന്റാണ് ലിവർപൂളിന്റെ സമ്പാദ്യം. 18 കളികളിൽ നിന്നും 46 പോയിന്റുള്ള ചെൽസി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 39 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും 37 പോയിന്റുള്ള ആഴ്‌സനൽ നാലാമതും 33 പോയിന്റ് വീതമുള്ള ടോട്ടനം അഞ്ചാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാമതുമാണ്.