അഭിപ്രായം രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല : പ്രമുഖര്‍ പ്രതികരിക്കുന്നു

ദേശീയഗാനത്തെ അനാദരിക്കുന്നതുമായി ബന്ധപ്പെട്ടു കേസെടുക്കുന്നത്, പൊലീസിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ്. 1947ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് റ്റു നാഷണല്‍ ഓണര്‍ ആക്റ്റ്, ഇന്ത്യന്‍ പീനല്‍ കോഡിലെ 124 (എ) (രാജ്യദ്രോഹം) നിയമപ്രകാരം കേസെടുത്താലും കേസ് കോടതിയില്‍ നിലനില്‍ക്കുമോയെന്നു പറയാനാകില്ല

അഭിപ്രായം രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല : പ്രമുഖര്‍ പ്രതികരിക്കുന്നു

കൊച്ചി: ദേശീയഗാനവുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ( 124 എ) ചുമത്തുന്നതിനെ വിമര്‍ശിച്ച് നിയമവിദഗ്ദ്ധര്‍ രംഗത്ത്. ദേശീയഗാനത്തെ അവഹേളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നു കമല്‍സിക്കെതിരെ ഐപിസി 124 എ പ്രകാരം കേസെടുത്ത സാഹചര്യത്തിലായിരുന്നു പ്രതികരണം. ഇത്തരം കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച പ്രമുഖരുടെ പ്രതികരണങ്ങളിലേയ്ക്ക്...

ഈ കേസ് കോടതിയില്‍ നിലനില്‍ക്കുമോയെന്നു പറയാനാകില്ല: ജസ്റ്റിസ് കെ.എന്‍ നാരായണക്കുറുപ്പ്
ദേശീയഗാനത്തെ അനാദരിക്കുന്നതുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത് പോലീസിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ്.

1947ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് റ്റു നാഷണല്‍ ഓണര്‍ ആക്റ്റ്, ഇന്ത്യന്‍ പീനല്‍ കോഡിലെ 124 (എ) (രാജ്യദ്രോഹം) നിയമപ്രകാരം കേസെടുത്താലും കേസ് കോടതിയില്‍ നിലനില്‍ക്കുമോയെന്ന് പറയാനാകില്ല.

ദേശീയഗാനത്തെ അവഹേളിക്കുന്നതിനോട് യോജിപ്പില്ല. കഴിഞ്ഞ ദിവസമുണ്ടായ അറസ്റ്റുകളെപ്പറ്റി (കമല്‍ സി ചാവറ, നദി) കൂടുതല്‍ പ്രതികരിക്കാനില്ല.

അഭിപ്രായം രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല :  സെബാസ്റ്റ്യൻ പോള്‍


ഐപിസി 124 എ രാജ്യദ്രോഹത്തിനു ചുമത്തുന്ന വകുപ്പാണ്. ഈ വകുപ്പ് വ്യാപകമായ രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ബ്രീട്ടിഷുകാരുടെ കാലത്തു രൂപം നല്‍കിയ ഈ വകുപ്പ് എടുത്തു മാറ്റണമെന്നു നിയമവിദഗ്ദ്ധര്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്. കമല്‍ സി ചവറയുടെ കാര്യത്തില്‍ ഇത്തരം വകുപ്പുകള്‍ ചുമത്തിയതിനോടു ശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിത്.

വാക്കുകളെ രാജ്യദ്രോഹമാക്കി മാറ്റി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. കമല്‍ സി ചവറയ്ക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പ് നിലനില്‍ക്കുന്നതല്ല. ദേശീയഗാനത്തോട് അനാദരവു കാണിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം എല്ലാവര്‍ക്കുമെതിരെ ചുമത്തുന്നതു ശരിയല്ല.

രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലെന്നു തന്നെയാണു സര്‍ക്കാര്‍ നിലപാട്. യുഎപിഎ ചുമത്തുന്നതു നിയമപരമായ കാര്യമായതു കൊണ്ടാണു ഡിജിപി വ്യക്തമായ നിലപാടു പറയാന്‍ മടിക്കുന്നതെന്നാണു കരുതുന്നത്. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രതയുണ്ടാകുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്.

പൊലീസുകാര്‍ക്ക് അക്ഷരഭ്യാസമില്ലാത്തതിന്റെ ഫലമാണ് ഇത്തരം കേസുകളെന്ന് അഡ്വ: ജയശങ്കര്‍


യുഎപിഎ ചുമത്തുന്നതു പൊലീസിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ്. വിവേചന ശക്തിയില്ലാത്തവന്‍ പൊലീസായാല്‍ ഇതിനപ്പുറവും നടക്കും.

പൊലീസുകാര്‍ക്ക് അക്ഷരാഭ്യാസമില്ലാത്തതിന്റെ കുഴപ്പങ്ങളാണ് ഇതൊക്കെ. റോഡിലൂടെ പോയ ഒരാള്‍ ചൂണ്ടിക്കാണിക്കുന്നവരെയൊക്കെ രാജ്യദ്രോഹം ചുമത്തി ജയിലില്‍ അടയ്ക്കുകയെന്നത് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്.

ഈ കേസ് കോടതിയില്‍ നിലനില്‍ക്കുന്നതല്ല. യുഎപിഎ ഏതൊക്കെ സാഹചര്യത്തിലാണു ചുമത്തേണ്ടതെന്ന പ്രാഥമിക ബോധ്യം പൊലീസിനു വേണം.

കഠിനമായ സാമുദായിക വിദ്വേഷം പടര്‍ത്തുന്നവര്‍ക്കും രാജ്യത്തെ അട്ടിമറിക്കുന്നവര്‍ക്കുമെതിരെ ചുമത്തേണ്ട വകുപ്പുകള്‍ അഭിപ്രായം പറഞ്ഞുവെന്ന കാരണത്താല്‍ ചുമത്തുന്നതു ശരിയല്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ രാജ്യദ്രോഹം ചുമത്തുന്നത് എങ്ങനെയാണു ന്യായീകരിക്കാന്‍ സാധിക്കുക.

Story by
Read More >>