കുപ്പുദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് പൊലീസ് തടഞ്ഞു

പോരാട്ടം, ജനാധിപത്യ മനുഷ്യാവകാശ വേദി എന്നിവ കൂടാതെ തമിഴ്‌നാട്ടിലുള്ള കുപ്പുരാജിന്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. തമിഴിലും മലയാളത്തിലുമുള്ള മുദ്രാവാക്യം വിളികളോടെയാണ് മൃതദേഹം ചിതയിലേക്കെടുത്തത്.

കുപ്പുദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് പൊലീസ് തടഞ്ഞു

കോഴിക്കോട്: നിലമ്പൂര്‍ കാട്ടില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കുപ്പുദേവരാജിന്റെ മൃതദേഹം മാവൂര്‍ റോഡിലെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.


മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും കുപ്പുരാജിന്റെ ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങിയ ശേഷം മുതലക്കുളം മൈതിനിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ നീക്കം തുടങ്ങിയതോടെ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പറഞ്ഞ് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ പൊറ്റമ്മലിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകന്‍ തടയുമെന്ന് പ്രഖ്യാപിച്ചതോടെ ഇവിടെയും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറോളം നേരം വൈദ്യുതി ശ്മശാനത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്‌കരിച്ചത്. 

പോരാട്ടം, ജനാധിപത്യ മനുഷ്യാവകാശ വേദി എന്നിവ കൂടാതെ തമിഴ്‌നാട്ടിലുള്ള കുപ്പുരാജിന്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. തമിഴിലും മലയാളത്തിലുമുള്ള മുദ്രാവാക്യം വിളികളോടെയാണ് മൃതദേഹം ചിതയിലേക്കെടുത്തത്.


അതേസമയം വെടിയേറ്റ് മരിച്ച അജിത എന്ന കാവേരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അജിതയുടെ ഭര്‍ത്താവെന്ന് പറഞ്ഞ് ചെന്നൈയില്‍ നിന്നുള്ള വിനായകനും സുഹൃത്ത് ഭഗത്സിംഗും സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടസ്സവാദം ഉന്നയിച്ചു. അജിതയുടെ ഭര്‍ത്താണ് വിനായകനെന്ന് തെളിയിക്കുന്ന രേഖകളൊന്നുംതന്നെ ഇയാളുടെ കയ്യിലില്ലാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ തയ്യാറാവാത്തത് എന്ന് പോലീസ് അറിയിച്ചു.


അജിതയുടെ മൃതദേഹം ഈ മാസം 13വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

നവംബര്‍ 24ന് കരുളായി റെയ്ഞ്ചിലെ പടുക്ക വനത്തിലാണ് സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുദേവരാജും അജിതയും പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. 

Read More >>