കുഞ്ഞു മാലാഖയ്ക്ക് മതാബദ്ധം പറ്റി; ഭദ്രകാളിയോടു ക്ഷമ ചോദിക്കാന്‍ തയ്യാര്‍

തീവ്രവാദികള്‍ വിരുദ്ധ പ്രചാരണത്തിനായി തിരഞ്ഞെടുത്ത ഒരു ചിത്രകഥയിലെ തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ വരച്ചു തന്നെ തിരുത്താൻ തയ്യാറായി പ്രസാധകര്‍

കുഞ്ഞു മാലാഖയ്ക്ക് മതാബദ്ധം പറ്റി; ഭദ്രകാളിയോടു ക്ഷമ ചോദിക്കാന്‍ തയ്യാര്‍
കുഞ്ഞുമാലാഖ എന്ന സ്വകാര്യപ്രസിദ്ധീകരണത്തില്‍ വന്ന മതാബദ്ധം പ്രചരിപ്പിച്ച് വര്‍ഗ്ഗീയത പരത്താന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഭദ്രകാളി ക്ഷേത്രത്തെ കുറിച്ച് കുഞ്ഞുമാലാഖയില്‍ വന്ന ചിത്രകഥ സംഭവിച്ചു പോയ കയ്യബദ്ധമെന്നും 'വരച്ച് തിരുത്താന്‍' തയ്യാറെന്നും പ്രസാധകര്‍ അറിയിക്കുന്നു. ഒരു നോട്ടപ്പിശകു കൊണ്ടു സംഭവിച്ചു പോയതാണ് അതെന്നും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡിസംബര്‍ ലക്കം വിപണിയില്‍ എത്തിപ്പോയതിനാല്‍ ജനുവരി ലക്കത്തില്‍ തിരുത്തു കൊടുക്കുമെന്നും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ലിഷ പറയുന്നു.

കുന്തേശപുരം ഗ്രാമത്തിലെ ദരിദ്രകര്‍ഷകന്റെ കഥയാണ് പറയുന്നത്. ദാരിദ്രം മാറാന്‍ അയാള്‍ ദിവസവും ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കും. (തൊഴുതു നില്‍ക്കുന്ന ക്ഷേത്രത്തിനുള്ളില്‍ ഭദ്രകാളി പ്രതിഷ്ഠ വരയ്ക്കാന്‍ വിഢിയായ ചിത്രകാരന്‍ മറന്നിട്ടില്ല) ക്ഷേത്രങ്ങളില്‍ മാറി മാറി പ്രാര്‍ത്ഥിച്ചിട്ടും ദാരിദ്രം മാറിയില്ല (പിന്നെ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ പട്ടിണി മാറാന്‍ പോവുകയല്ലേ. എന്തൊരു വിഢിയെന്ന് ഡിങ്കോയിസ്റ്റുകള്‍ ട്രോളി കൊല്ലേണ്ട കൂട്ടത്തിലാണ് പ്രസ്തുത കുന്തേശപുരംകാരന്‍). അങ്ങനെ ഒരു ദിവസം ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു മണിയടിയൊച്ച കേട്ടു. ചെന്നു നോക്കിയപ്പോള്‍ അതൊരു പള്ളിയായിരുന്നു. അകത്തു കയറി നോക്കിയപ്പോള്‍ അതാ കുരുശില്‍ ഞാന്നു കിടക്കുന്നു, കഥാനായകനായ യേശു. അയ്യോ കഷ്ടം തന്നെ ആരാണ് ഈ ദൈവത്തെ ഇങ്ങനെ കൊന്നതെന്ന് ദരിദ്രന് സങ്കടമായി. എന്തായാലും ദൈവമല്ലേ പ്രാര്‍ത്ഥിച്ചു കളയാം (ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ എന്നതാണ് ഭാവം). പ്രാര്‍ത്ഥിച്ചു മടങ്ങി കൃഷി ചെയ്തപ്പോള്‍ ഭയങ്കര വിളവ്. അത് യേശുവിന്റെ അനുഗ്രഹമാണെന്നു കരുതി ബാക്കി അന്ധവിശ്വാസികളെല്ലാം കൂടി പള്ളിയിലേയ്ക്ക് വന്നു എന്നാണ് കഥ.

പള്ളിയുടെ മഹത്വം പറയാനുണ്ടാക്കിയ കഥ തിരിഞ്ഞു കെണിയായതു പിന്നീടാണ്. തീവ്രവാദികള്‍ ഈ കഥാഭാഗമെടുത്ത് വാട്‌സപ്പുകളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ക്രൈസ്തവ സഭാപ്രസിദ്ധീകരണത്തിലാണ് കഥ വന്നതെന്നു വരെ പറഞ്ഞു. എന്നാല്‍ സഭകളുമായി നേരിട്ട് ബന്ധമില്ലാത്ത സ്വകാര്യ കൂട്ടായ്മയാണിത്. ഇത് മറച്ചുവെച്ചാണ് വാട്സാപ്പിൽ പ്രചാരണമുയര്‍ന്നത്. കുഞ്ഞുങ്ങള്‍ക്ക് യേശുവിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിസ്റ്റീന്‍ ധ്യാനം, വ്യക്തിത്വ പരിശീലനം, പ്രസാധനം, കൗണ്‍സിലിങ്ങ് തുടങ്ങിയ മേഖലകളിലാണ്. എഡിറ്റോറിയലിന്റെ നോട്ടപ്പിശക്, അറിയാതെ സംഭവിച്ചത്, മത്സരത്തിനു കിട്ടിയ കയ്യെഴുത്തു മാസികയില്‍ നിന്നു കിട്ടിയത് തുടങ്ങിയ ക്ഷമാപണം കുഞ്ഞുമാലാഖ ഉയര്‍ത്തുന്നുവെങ്കിലും കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കമായ കയ്യബദ്ധമായി മാത്രം അതിനെ വിലയിരുത്താനാവില്ല.

മറ്റു മതങ്ങളെ ഇകഴ്ത്തുകയും തങ്ങളുടെ മതമാണ് കേമമെന്നു കുട്ടികളുടെ മനസില്‍ മതം കയറ്റുകയും ചെയ്യാന്‍ പാഠപുസ്തകങ്ങള്‍ വരെ ഉപയോഗിക്കുന്നവരുടെ കാലമാണിത്. മതം എന്ന അപകടം പിടിച്ച ഉള്ളടക്കത്തെ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ജാഗ്രത പാലിക്കാത്തതാണ് നിഷ്‌കളങ്കമല്ലാത്ത അബദ്ധത്തിലേയ്ക്ക് കുഞ്ഞുമാലാഖയെ കൊണ്ടു ചെന്നിട്ടത്.

1999 മുതല്‍ പ്രസിദ്ധീകരിക്കുന്നതാണ്. സ്‌നേഹത്തെക്കുറിച്ചും യേശുവിനെ കുറിച്ചുമാണ് പറയാറുള്ളത്. മുന്‍ ലക്കങ്ങളെല്ലാം ഇവിടെയുണ്ട്. ആദ്യത്തെ അബദ്ധമാണെന്ന് ആര്‍ക്കു വേണമെങ്കിലും ബോധ്യപ്പടാവുന്നതേയുള്ളു. ആ ചിത്രകഥ മൂലം കുട്ടികളുടെ മനസില്‍ തെറ്റായ എന്തെങ്കിലും പരന്നിട്ടുണ്ടെങ്കില്‍ മറ്റൊരു ചിത്രകഥയിലൂടെ അത് തിരുത്തും ലിഷ പറഞ്ഞു. വരച്ചും എഴുതിയും സംഭവിച്ച തെറ്റ് വരച്ചു തന്നെ തിരുത്താന്‍ തയ്യാറാകുന്നത് മാതൃകാപരം തന്നെ. ജനുവരിയിലാകും വ്യത്യസ്തമായ ഈ ക്ഷമാപണം പ്രസിദ്ധീകരിക്കുക.


Read More >>