കെഎസ്ആര്‍ടിസി ഒാര്‍ഡിനറി മിനിമം ചാര്‍ജ് കൂട്ടി; ഇനിമുതല്‍ ഏഴുരൂപ തന്നെ

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2017 ജനുവരി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്നാണ് സൂചന. നിരക്ക് പഴയ പടിയാക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് ആറേകാല്‍ കോടിയുടെ വരുമാന വര്‍ധന പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ഒാര്‍ഡിനറി മിനിമം ചാര്‍ജ് കൂട്ടി; ഇനിമുതല്‍ ഏഴുരൂപ തന്നെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സിന്റെ മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചു. ആറു രൂപയില്‍ നിന്ന് ഏഴാക്കിയാണ് വര്‍ധിപ്പിച്ചത്. 2016 ഫെബ്രുവരിയിലാണ് ഓര്‍ഡിനറിയുടെ നിരക്ക് ഏഴില്‍ നിന്ന് ഒരു രൂപ കുറച്ച് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2017 ജനുവരി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്നാണ് സൂചന. നിരക്ക് പഴയ പടിയാക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് ആറേകാല്‍ കോടിയുടെ വരുമാന വര്‍ധന പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.


ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയ്ക്കു വിരുദ്ധമായായിരുന്നു അന്നത്തെ തീരുമാനമെന്നും ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചിരിക്കുന്നതെന്നും മന്ത്രി നാരദാ ന്യൂസിനോടു പറഞ്ഞു. ഒരു മേഖലയ്ക്കു മാത്രം നിരക്കു വര്‍ധനയോ കുറവോ പാടില്ലെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. എല്ലാ ബസ്സുകള്‍ക്കും ഏകീകൃത നിരക്ക് വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനു മുമ്പെടുത്ത വിവിധ തീരുമാനങ്ങളില്‍പ്പെട്ടതായിരുന്നു ഓര്‍ഡിനറി ബസ്സിന്റെ മിനിമം നിരക്ക് ഒരു രൂപ കുറച്ച് ആറാക്കാനുള്ളത്. എന്നാല്‍ ഇതുമൂലം പ്രതിമാസം ആറുകോടിയോളം രൂപയുടെ വരുമാനക്കുറവാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ നില തുടരുന്നത് കൂടുതല്‍ തിരിച്ചടിയാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുംകൂടിയാണ് സര്‍ക്കാര്‍ തീരുമാനം.

2014 മെയ് 20നാണ് അവസാനമായി നിരക്കു കൂട്ടിയത്. അന്ന് ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയില്‍ നിന്നും ഏഴു രൂപയായാണ് വര്‍ധിപ്പിച്ചത്. പിന്നീട് ഡീസല്‍ വില കുറഞ്ഞതിനെത്തുടന്ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറിയുടെ മിനിമം ചാര്‍ജ് ആറു രൂപയായി കുറയ്ക്കുകയായിരുന്നു.

അതേസമയം, മിനിമം ചാര്‍ജ് 9 രൂപയാക്കി ഉയര്‍ത്തണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യം മന്ത്രിസഭാ യോഗം തള്ളി. ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസ്സുടമകള്‍ നിരക്കു വര്‍ധന ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധിപ്പിക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Read More >>