പ്രീപെയ്ഡ് യാത്രാ കാർഡുമായി കെഎസ്ആർടിസി

അടുത്തയാഴ്ചയോടെ സ്മാർട്ട് കാർഡുകൾ പുറത്തിറക്കാനാണ് തീരുമാനം. ഓരോ കാർഡുകളും ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന പരിധി മുൻകൂട്ടി നിശ്ചയിച്ചിട്ടുമുണ്ട്. ബ്രോൺസ്. സിൽവർ, ഗോൾഡ് പ്രീമിയം കാർഡുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രീപെയ്ഡ് യാത്രാ കാർഡുമായി കെഎസ്ആർടിസി

തിരുവനന്തപുരം:  കെഎസ്ആർടിസി ഹൈട്ടെക്കാകുന്നു. യാത്രക്കാർക്കായി അൺലിമിറ്റഡ് യാത്രാ ഓഫറുകളുമായി പ്രീപെയ്ഡ് കാർഡുകൾ ഇറക്കാനാണ് കെഎസ്ആർടിസി തീരുമാനം. 1000, 1500, 3000, 5000 എന്നീ വിലവരുന്ന സ്മാര്‍ട്ട്‌ കാർഡുകളാണ് കെഎസ്ആർടിസി പുറത്തിറക്കുന്നത്. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ എംജി രാജമാണിക്യമാണ് ഇക്കാര്യം അറിയിച്ചത്.

കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന്‌ രാജമാണിക്യം പറഞ്ഞു. അടുത്തയാഴ്ചയോടെ സ്മാർട്ട് കാർഡുകൾ പുറത്തിറക്കാനാണ് തീരുമാനം. ഓരോ കാർഡുകളും ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന പരിധി മുൻകൂട്ടി നിശ്ചയിച്ചിട്ടുമുണ്ട്. ബ്രോൺസ്. സിൽവർ, ഗോൾഡ് പ്രീമിയം കാർഡുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

1000 രൂപയുടെ ബ്രോൺസ് കാർഡുപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസ്സുകളിൽ ജില്ലയ്ക്കുള്ളിലെവിടെയും സഞ്ചരിക്കാം. എന്നാൽ ജില്ലയ്ക്ക് പുറത്തേയ്ക്കുള്ള യാത്രയ്ക്കായി ഈ കാർഡ് ഉപയോഗിക്കാനാവില്ല. എന്നാൽ ഒരു ജില്ലയിൽനിന്നും മറ്റൊരു ജില്ലയിലെത്തിയാൽ ആ ജില്ലയ്ക്കുള്ളിൽ ബ്രോൺസ് കാർഡുപയോഗിച്ച് സഞ്ചരിക്കുകയുമാകാം. 1500 രൂപയുടെ സിൽവർ കാർഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസ്സുകളിലും യാത്രയാവാം.

3000 രൂപയുടെ ഗോൾഡ് കാർഡ് പ്രയോജനപ്പെടുത്തുന്നവർക്ക് സംസ്ഥാനത്തെവിടെയും ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സുകളിൽ യാത്ര ചെയ്യാം. 5000 രൂപയുടെ പ്രീമിയം കാർഡ് പ്രയോജനപ്പെടുത്തിയാൽ കെയുആർടിസിയുടെ എസി ബസ്സുകളിലും മറ്റെല്ലാ ബസ്സുകളിലും യാത്ര ചെയ്യാം. എന്നാൽ പ്രീമിയം കാർഡ് ഉപയോഗിക്കുന്നവർക്ക് സ്കാനിയ, വോൾവോ ബസ്സുകളിൽ യാത്ര ചെയ്യാനാവില്ല. എല്ലാ കാർഡുകൾക്കും ഒരുമാസം മാത്രമാണ് കാലാവധി. തുടര്‍ന്ന് ഇവ പുതുക്കാനുള്ള അവസരമുണ്ട്.