സന്തോഷ് ട്രോഫി മത്സരങ്ങൾക്കായി കോഴിക്കോടൊരുങ്ങി; ആദ്യ മത്സരം ജനുവരി അഞ്ചിന്

ആദ്യ മത്സരത്തതില്‍ കേരളവും പുതുച്ചേരിയും കൊമ്പു കോര്‍ക്കും. കോർപ്പറേഷൻ സ്റ്റേഡിയമാണ് മത്സര വേദി.

സന്തോഷ് ട്രോഫി മത്സരങ്ങൾക്കായി കോഴിക്കോടൊരുങ്ങി; ആദ്യ മത്സരം ജനുവരി അഞ്ചിന്

കോഴിക്കോട്‌: പതിമൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സന്തോഷ്‌ ട്രാഫി ഫുട്‌ബോള്‍ മാമാങ്കത്തിന്‌ കോഴിക്കോട്‌ വീണ്ടും വേദിയാകുന്നു. നാഗ്‌ജിക്ക്‌ ശേഷം മധുരത്തരങ്ങളുടെ നാട്ടില്‍ പന്തുരുളുമ്പോള്‍ സംഗീതത്തെപ്പോലെ ഫുട്‌ബോളിനെയും പ്രണയിക്കുന്ന മലബാറുകര്‍ക്ക്‌ ആവേശഭരിതമായ ദിനങ്ങള്‍. ജനുവരി അഞ്ചു മുതലാണ് മത്സരം ആരംഭിക്കുക.   ഒരു ദിവസം രണ്ടു കളിയായാണ്‌ നടക്കുക. പത്താം തിയ്യതി വരെയാണ്‌ മത്സരങ്ങള്‍.

ആദ്യ മത്സരത്തതില്‍ കേരളവും പുതുച്ചേരിയും കൊമ്പു കോര്‍ക്കും. കോർപ്പറേഷൻ സ്റ്റേഡിയമാണ് മത്സര വേദി. 1961ലാണ്‌ ആദ്യമായി കോഴിക്കോട്‌ സന്തോഷ്‌ട്രോഫിയ്‌ക്ക്‌ ആതിഥ്യമരുളിയത്‌. പിന്നീട്‌ 1975-76ലും, യോഗ്യതാമത്സരം 2004ലും കോഴിക്കോടന്‍ മണ്ണില്‍ വിരുന്നെത്തിയിരുന്നു.


സന്തോഷ്‌ ട്രോഫിയുടെ ചരിത്രം

1941ല്‍ കൊല്‍ക്കത്തയിലാണ്‌ ആദ്യമായി സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ മത്സരത്തിനു തുടക്കമായത്‌. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന മന്‍മഥന്‍ ചൗധരിയായിരുന്നു ട്രോഫി സംഭാവന നല്‍കിയത്‌. ബംഗാളായിരുന്നു ആദ്യമായി സന്തോഷ്‌ ട്രോഫിയില്‍ മുത്തമിട്ടത്‌. രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോഴാണ്‌ ടൂർണമെന്റ് കോഴിക്കോടന്‍ മണ്ണിലേക്ക്‌ പറന്നിറങ്ങിയത്‌. 1973-74 കാലയളവിലാണ്‌ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ റയില്‍വേയെ തോല്‍പ്പിച്ച്‌ കേരളം കപ്പ്‌ നേടുന്നത്‌.

പിന്നീട്‌ 91-92ല്‍ കോയമ്പത്തൂരിലും 93-94ല്‍ കൊച്ചിയിലും 2000-2001ല്‍ മുംബൈയിലും നടന്ന മത്സരങ്ങളില്‍ സന്തോഷ്‌ ട്രോഫിയില്‍ മുത്തമിട്ടത്‌ കേരളത്തിന്റെ പടക്കുതിരകള്‍ തന്നെ. 31 തവണ ബംഗാളും എട്ടുതവണ പഞ്ചാബും ചാമ്പ്യന്‍മരായ ചരിത്രത്തിന്റെ പിന്നിലാണ്‌ കേരളം. ഗോവയും കേരളവും അഞ്ചുതവണയാണ്‌ ചാമ്പ്യന്‍മാരായത്‌. സന്തോഷ്‌ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡുള്ള പഞ്ചാബ്‌ താരം ഇന്ദര്‍സിംഗിനാണ്‌. 45 ഗോളുകളാണ്‌ അദേഹം വലകളിലേക്ക്‌ പായിപ്പിച്ചിട്ടുള്ളത്‌. ഒരു ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും ഇന്ദര്‍സിംഗിന്‌ തന്നെ. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡിന്‌ രണ്ടുടമകളാണുള്ളത്‌. ഇന്ദര്‍സിംഗും ബംഗാള്‍താരം എന്‍ പഗ്‌സലയും.

കോഴിക്കോട്‌ അണിഞ്ഞൊരുങ്ങി

നാഗ്‌ജി ദേശീയ ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പാണ്‌ കോഴിക്കോട്‌ അടുത്ത മത്സരത്തിന്‌ അണിഞ്ഞൊരുങ്ങുന്നത്‌. 61ല്‍ മാനാഞ്ചിറ മൈതാനിയിലായിരുന്നു ആദ്യമായി കോഴിക്കോട്‌ സന്തോഷ്‌ ട്രോഫി മത്സരം നടന്നത്‌. 76ല്‍ എത്തിയപ്പോഴേക്കും പൂതേരിവയല്‍ ഗ്രൗണ്ടിലായി മത്സരം. പൂതേരിവയല്‍ അങ്ങനെ കോഴിക്കോട്‌ കോര്‍പറേഷന്‍ സ്റ്റേഡിയമായി. 30,000 പേര്‍ക്ക്‌ ഇരിക്കാവുന്ന ബാംബൂ ഗാലറിയായിരുന്നു തുടക്കകാലത്ത്‌ ഇവിടെയുണ്ടായിരുന്നത്‌. ഇപ്പോഴാകട്ടെ ആധുനിക സൗകര്യങ്ങളുള്ള സ്‌റ്റേഡിയമായിത്‌ മാറി. സംഗീതവും ഫുട്‌ബോളും ഒരുപോലെ നെഞ്ചേറ്റുന്ന കോഴിക്കോട്ടുകാര്‍ക്കിനി അഞ്ചു ദിവസം ഉത്സവകാലമായിരിക്കും. ടീമുകള്‍ക്ക്‌ പരിശീലനം നടത്താന്‍ മെഡിക്കല്‍ കോളജ്‌ ഗ്രൗണ്ടും ദേവഗിരി കോളജ്‌ ഗ്രൗണ്ടിമാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌.

മത്സരങ്ങള്‍

ജനുവരി 05-കേരളം-പുതുച്ചേരി(ഉച്ചയ്‌ക്ക്‌ 2.30), കര്‍ണ്ണാടക-ആന്ധ്ര(വൈകിട്ട്‌ 4.30)
ജനുവരി 06-തെലങ്കാന-സര്‍വീസസ്‌(2.30), തമിഴ്‌നാട്‌-ലക്ഷദ്വീപ്‌(4.30)
ജനുവരി 07-കര്‍ണ്ണാടക-പുതുച്ചേരി(2.30), കേരളം-ആന്ധ്ര(4.30)
ജനുവരി 08-തമിഴ്‌നാട്‌-തെലങ്കാന(2.30), സര്‍വീസസ്‌-ലക്ഷദ്വീപ്‌(4.30)
ജനുവരി 09-ആന്ധ്ര-പുതുച്ചേരി(2.30), കേരള-കര്‍ണ്ണാടക(4.30)
ജനുവരി 10-ലക്ഷദ്വീപ്‌-തെലങ്കാന-(2.30), തമിഴ്‌നാട്‌-സര്‍വീസസ്‌(4.30)