കൊച്ചിയ്ക്കിനി കലാമാമാങ്കത്തിന്റെ നൂറ്റെട്ടു ദിനം; ബിനാലെയുടെ മൂന്നാം പതിപ്പിന് ഇന്നു തുടക്കം

കൊച്ചിയുടെ ടൂറിസം സാധ്യതകൾക്കും കലയുടെ ബിസിനസിനും പുതുമാനം നൽകിയ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും. 108 ദിവസം നീണ്ടുനിൽക്കുന്ന ബിനാലെയുടെ മൂന്നാം പതിപ്പിൽ 31 രാജ്യങ്ങളിൽ നിന്നായി 97 കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

കൊച്ചിയ്ക്കിനി കലാമാമാങ്കത്തിന്റെ നൂറ്റെട്ടു ദിനം; ബിനാലെയുടെ മൂന്നാം പതിപ്പിന് ഇന്നു തുടക്കം

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദർശനങ്ങളിലൊന്നായ കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. 108 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 6.30ന് ഉദ്ഘാടനം ചെയ്യും. 31 രാജ്യങ്ങളിൽ നിന്നായി 97 കലാകാരന്മാരുടെ പ്രകടനങ്ങളും പ്രദർശനങ്ങളും ബിനാലെയ്ക്ക് മിഴിവേകും.

കലാകാരന്മാരുടെ പട്ടികയിലുള്ള 36 ഇന്ത്യാക്കാരിൽ എട്ടു പേർ കേരളത്തിൽ നിന്നുള്ളവരാണ്.  'ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ'  എന്നു പേരിട്ടിരിക്കുന്ന ബിനാലെയിൽ ദൃശ്യകലാകാരന്മാരോടൊപ്പം എഴുത്തുകാരും നർത്തകരും കവികളും സംഗീതജ്ഞരും വേദി പങ്കിടും.


ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി 12 വേദികളിലായാണ് കലാപ്രദർശനങ്ങൾ നടക്കുക. സ്റ്റുഡന്റ് ബിനാലെ ഇത്തവണയും സ ംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ കലാകരനായ സുദർശൻ ഷെട്ടിയാണ് ബിനാലെയുടെ ക്യൂറേറ്റർ.

സർക്കാരിൽ നിന്നും വ്യക്തികളിൽ നിന്നും മികച്ച സഹകരണമാണ് ബിനാലെയ്ക്ക് ലഭിക്കുന്നതെന്ന് ബിനാലെ സഹസ്ഥാപകൻ ബോസ് കൃഷ്ണമാചാരി പറഞ്ഞു. ജനങ്ങളുടെ ബിനാലെയെന്ന നിലയിൽ സമൂഹത്തിലേക്ക് കൂടുതൽ കലയെ എത്തിക്കാൻ വേദികൾ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യമെന്ന് സഹസ്ഥാപകനായ റിയാസ് കോമു പറഞ്ഞു.

പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള 150 ചെണ്ട കലാകാരന്മാരുടെ മേളം വിശിഷ്ടാതിതികളേയും പൊതുജനങ്ങളേയും ഉദ്ഘാടനസദസ്സിലേക്ക് ക്ഷണിക്കും. ഉദ്ഘാടനചടങ്ങിന് ശേഷം സുമൻ ശ്രീധറിന്റേയും ' ദി ബ്ലാക് മാംബെ' എന്ന ബാൻഡിന്റേയും സംഗീതപരിപാടി നടക്കും.