മെട്രോ മുടക്കു മുതല്‍ തിരിച്ചു കിട്ടാന്‍ എട്ടു വര്‍ഷം: സ്റ്റേഷന്റെ പേര് 'പരസ്യ'മായി വില്‍ക്കേണ്ടി വരും

ടിക്കറ്റിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് മുടക്കുമുതൽ കിട്ടാൻ എട്ട് വർഷം കാത്തിരിക്കേണ്ടി വരുമെന്നാണ് ബംഗ്ളൂരു ഐഐഎമ്മിന്റെ പഠനത്തിലുള്ളത്. ടിക്കറ്റ് ഇതര മാർഗ്ഗങ്ങളിലൂടെ വരുമാനം ഉയർത്താനാണ് കെഎംആര്‍എല്ലിന്റെ ആലോചന. സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യം നൽകുന്നവരുടെ പേര് നൽകിയും . മെട്രോ സ്റ്റേഷനുകൾ, തൂണുകൾ എന്നിവിടങ്ങളിൽ പരസ്യം നൽകിയും വരുമാനം ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

മെട്രോ മുടക്കു മുതല്‍ തിരിച്ചു കിട്ടാന്‍ എട്ടു വര്‍ഷം: സ്റ്റേഷന്റെ പേര്

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിലെ മുടക്കുമുതല്‍ തിരിച്ചു കിട്ടാന്‍ എട്ടു വര്‍ഷമെടുക്കുമെന്ന് പഠനം. ബംഗ്‌ളൂരു ഐഐഎം നടത്തിയ സര്‍വ്വേ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

മെട്രോ ഓടിത്തുടങ്ങിയാല്‍ ആദ്യവര്‍ഷം ദിവസവും 3.82 ലക്ഷവും രണ്ടാം വര്‍ഷം 4.40 ലക്ഷം ആളുകളും യാത്ര ചെയ്താലുള്ള കണക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനത്തിലെ കണ്ടെത്തല്‍. ആലുവ മുതല്‍ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ മെട്രോയുടെ നിര്‍മ്മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകുക. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ 5182 കോടി രൂപയാണ് മെട്രോ നിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്.


ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ കെഎംആർഎൽ ധാരണയിലെത്തിയിരുന്നു. മിനിമം ചാർജ് 10 രൂപയായും കൂടിയ നിരക്ക് 60 രൂപയായുമാണ് ക്രമീകരിച്ചത്.  സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

ടിക്കറ്റ് ഇതര മാര്‍ഗ്ഗങ്ങളിലൂടെ വരുമാനം ഉയര്‍ത്താനുള്ള ആലോചനയും കെഎംആര്‍എല്‍ ആലോചിക്കുന്നുണ്ട്. പരസ്യം, സ്റ്റേഷനുകളുടെ പേരിടല്‍ എന്നിവ സംബന്ധിച്ച നയങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. മെട്രോ സ്‌റ്റേഷനുകള്‍, തൂണുകള്‍, കവാടങ്ങള്‍, ബോഗികള്‍ എന്നിവിടങ്ങളില്‍ പരസ്യത്തിന് അനുമതി നല്‍കാനാണ് ആലോചന. ട്രെയിനുകള്‍ക്ക് അകത്തും പുറത്തും പരസ്യം നല്‍കും.

ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കല്ലൂര്‍, എംജി റോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളുടെ പേരുകളോടൊപ്പം പരസ്യം നല്‍കുന്ന സ്ഥാപനങ്ങളുടെ പേര് ചേര്‍ക്കുന്നതും പരിഗണനയിലുണ്ട്. സ്റ്റേഷനുകളില്‍ ഈ പേരായിരിക്കും പ്രദര്‍ശിപ്പിക്കുക. മെട്രോ ട്രെയിന്‍ കടന്നു പോകുന്ന കവാടങ്ങളിലും പരസ്യം നല്‍കുന്നവരുടെ പേര് നല്‍കാനും ആലോചനയുണ്ട്. എന്നാല്‍ പരസ്യം നല്‍കുന്നവരുടെ പേര് സ്ഥലപേരുമായി പറയുന്നത് ചേരുന്നില്ലെങ്കില്‍ അപേക്ഷ തള്ളാനുള്ള അധികാരം കെഎംആര്‍എല്ലിനുണ്ടാകും.

മാളുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് എത്തിച്ചേരാന്‍ വഴികള്‍ നിര്‍മ്മിക്കും. ഇതിന് സ്ഥാപനങ്ങല്‍ പ്രത്യേക ഫീസ് നല്‍കണം. സ്‌റ്റേഷനുകളിലെ ഷോപ്പുകള്‍ വാടകയ്ക്ക് നല്‍കിയും അധിക വരുമാനം നേടാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ പരസ്യത്തിനായുള്ള ടെണ്ടര്‍ നടപടികള്‍ ഉടനുണ്ടാകും.

Story by
Read More >>