ജേക്കബ് തോമസിനെതിരെ രണ്ടും കൽപ്പിച്ച് കെ എം എബ്രഹാമിന്റെ റിപ്പോർട്ട്; അഴിമതിയും വ്യാജരേഖ നിർമ്മിച്ചതുമടക്കം ഗുരുതര ആരോപണങ്ങൾ

വ്യാജരേഖ ചമച്ച് വിദേശ കമ്പനിയെ വിജിലൻസ് ഡയറക്ടർ വഴി വിട്ടു സഹായിച്ചതു വഴി ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായി എന്ന ആരോപണമുളള ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്.

ജേക്കബ് തോമസിനെതിരെ രണ്ടും കൽപ്പിച്ച് കെ എം എബ്രഹാമിന്റെ റിപ്പോർട്ട്; അഴിമതിയും വ്യാജരേഖ നിർമ്മിച്ചതുമടക്കം ഗുരുതര ആരോപണങ്ങൾ

അജയ് ഗോപൻ

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരുന്ന കാലത്ത് മണ്ണുമാന്തി യന്ത്രങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യാജരേഖ ചമച്ച് വിദേശ കമ്പനിയെ സഹായിച്ചുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ റിപ്പോർട്ട്. യന്ത്രങ്ങൾ ഇറക്കുമതി ചെയ്യാനുളള ടെൻഡറിൽ ഐഎച്ച്എൽ ബീവർ എന്ന വിദേശ കമ്പനി മാത്രമാണ് പങ്കെടുത്തത്. ഒരു കമ്പനി മാത്രമേ ഉളളൂവെങ്കിൽ റീ ടെൻഡർ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ റീ ടെൻഡർ നടത്താതെ നടത്തിയെന്ന് രേഖയുണ്ടാക്കി വിദേശ കമ്പനിയെ സഹായിച്ചുവെന്ന് തെളിവുസഹിതം റിപ്പോർട്ട് ആരോപിക്കുന്നു.


മണ്ണു മാന്തി യന്ത്രത്തിന് വാർഷിക അറ്റകുറ്റപ്പണിയ്ക്കുളള വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. സ്പെയർ പാർട്സ് ഉൾപ്പെടെയായിരുന്നു കരാർ. എന്നാൽ ഉപകരണങ്ങളൊന്നും നൽകാതെ, മേൽനോട്ടം മാത്രമായിരുന്നു കമ്പനി ചെയ്തത്. ഇതിൽ മാത്രം മൂന്നരക്കോടിയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. വ്യാജരേഖ ചമച്ച് വിദേശ കമ്പനിയെ വിജിലൻസ് ഡയറക്ടർ വഴി വിട്ടു സഹായിച്ചതു വഴി ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായി എന്ന ആരോപണമുളള ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്.

ഇടതു സർക്കാർ അധികാരമേറ്റ് അധിക നാൾ കഴിയുംമുമ്പേ ജേക്കബ് തോമസും കെ എം എബ്രഹാമും തമ്മിലുളള പോര് സർക്കാരിനു തലവേദനയായിരുന്നു. കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പരാതി ഇപ്പോൾ വിജിലൻസ് അന്വേഷിച്ചു വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ധനകാര്യ സെക്രട്ടറിയുടെ വീട്ടിൽ നടന്ന പോലീസ് പരിശോധന വിവാദമായിരുന്നു. ഈ പരിശോധനയ്ക്കെതിരെ കെ എം എബ്രഹാം മുഖ്യമന്ത്രിയ്ക്ക് പരാതിയും നൽകിയിരുന്നു.

എന്നാൽ പരിശോധനയ്ക്കെതിരെ കെ എം എബ്രഹാം ഉന്നയിച്ച പരാതിയോട് കടുത്ത ഭാഷയിൽ മുഖപ്രസംഗമെഴുതിയാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി  പ്രതികരിച്ചത്. അഴിമതിക്കാരെ പൊറുപ്പിക്കരുത് എന്ന തലക്കെട്ടിൽ ഒക്ടോബർ 29 ശനിയാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ കെ എം എബ്രഹാമിനെതിരെ ദേശാഭിമാനി ഇങ്ങനെ ആഞ്ഞടിച്ചു:
ഞങ്ങള്‍ എല്ലാറ്റിനും മുകളില്‍, എല്ലാറ്റിനും അതീതര്‍; ഞങ്ങളെ സ്പര്‍ശിക്കാന്‍ ആര്‍ക്കുമില്ല അധികാരം എന്ന അഹങ്കാരം നിറഞ്ഞ പ്രഖ്യാപനമാണ് കഴിഞ്ഞദിവസം ചില ഉദ്യോഗസ്ഥപ്രമാണിമാര്‍ നടത്തിയത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ക്രമക്കേട് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നാല്‍, മുന്നിലെത്തുന്ന വിവരങ്ങള്‍ പ്രഥമദൃഷ്ട്യാ കഴമ്പുള്ളതാണെന്ന് തോന്നിയാല്‍ നിയമാനുസൃതം അന്വേഷണം നടത്തണം. ആരോപണങ്ങളിലെ നെല്ലും പതിരും തിരിച്ചറിയുന്നത് സമഗ്രമായ അന്വേഷണത്തിലൂടെയാണ്. അത്തരം അന്വേഷണങ്ങള്‍ അംഗീകരിക്കില്ല എന്ന നിയമനിഷേധത്തിന്റെ തലമാണ് പുതിയ വിവാദങ്ങള്‍ ചികഞ്ഞാല്‍ കണ്ടെത്താനാവുക.

ജേക്കബ് തോമസ് പോർട് ഡയറക്ടറായിരുന്ന കാലത്തു നടന്ന ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും വ്യാജരേഖ സൃഷ്ടിച്ചതടക്കമുളള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമടങ്ങുന്ന റിപ്പോർട്ട് തയ്യാറാക്കിയാണ് ഈ മുഖപ്രസംഗത്തോട് കെ എം എബ്രഹാം പ്രതികരിച്ചിരിക്കുന്നത്. കെ എം എബ്രഹാമിനെതിരെ വിജിലൻസിന്റെ മുന്നിലുളളതിനെക്കാൾ ഗുരുതരമായ ആക്ഷേപങ്ങളും തെളിവുകളുമാണ് ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിയുടെ മുന്നിലുളള മുന്നൂറിലേറെ പേജുളള റിപ്പോർട്ടിലുളളത്.

ഗുരുതരമായ ആരോപണങ്ങളുളള ഈ റിപ്പോർട്ട് അവഗണിക്കാനാവില്ല. മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടി വരും. അതോടെ വിജിലൻസ് ഡയറക്ടറുടെ ഭാവി ചോദ്യചിഹ്നമാകും. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെ ഡയറക്ടർ സ്ഥാനത്തിരുത്തി അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നതിന്റെ സത്യസന്ധതയും ചോദ്യം ചെയ്യപ്പെടും.

ഉമ്മൻചാണ്ടി സർക്കാരിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങൾ നിർഭയമായി അന്വേഷിക്കാൻ വേണ്ടിയാണ് ജേക്കബ്തോമസിനെ വിജിലൻസ് ഡയറക്ടറുടെ ചുമതല ഏൽപ്പിച്ചത്. എന്നാൽ ആ ആരോപണങ്ങളെക്കുറിച്ചൊന്നും കാര്യമായ ഒരന്വേഷണവും നടത്താനോ തെളിവു ശേഖരിക്കാനോ വിജിലൻസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. കെ ബാബുവിന്റെ വീട്ടിൽ നടന്ന റെയിഡ് വൻവാർത്താ കോലാഹലങ്ങൾ മാത്രമാണ് ഒരപവാദം. എന്നാൽ ഉദ്യോഗസ്ഥതലത്തിൽ വ്യക്തിപരമായ കണക്കുതീർക്കലിന് ജേക്കബ് തോമസ് അധികാരം ഉപയോഗിച്ചുവെന്ന പരാതി ഉയരുകയും ചെയ്തു.

ധനകാര്യവകുപ്പ് തനിക്കെതിരെ പകപോക്കുകയാണെന്ന വാദമുയർത്തിയാണ് ജേക്കബ് തോമസ് ഈ അന്വേഷണ റിപ്പോർട്ടിനെ പ്രതിരോധിക്കുന്നത്. താൻ മുമ്പു ജോലി ചെയ്ത എല്ലാ വകുപ്പുകളിലെയും ഫയലുകൾ ധനകാര്യ വിഭാഗം പ്രതികാരമനോഭാവത്തോടെ പരിശോധിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും കഴിഞ്ഞ ദിവസം കത്തും നൽകിയിരുന്നു.