ഒരു റൺ അകലെ രാഹുലിന് ഇരട്ടസെഞ്ച്വറി നഷ്ടമായി; ഇന്ത്യ നാലിന് 391

മൂന്നാം ദിനം കളി നിറുത്തുമ്പോൾ 71 റൺസോടെ കരുൺ നായരും 17 റൺസോടെ മുരളി വിജയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ 86 റൺസ് കൂടി വേണം ടീം ഇന്ത്യക്ക്

ഒരു റൺ അകലെ രാഹുലിന് ഇരട്ടസെഞ്ച്വറി നഷ്ടമായി; ഇന്ത്യ നാലിന് 391

ചെന്നൈ: വിജയങ്ങൾക്കിടെയും സ്ഥിരതയാർന്ന ഓപ്പണിങ് ജോഡിയില്ലെന്ന് പഴികേട്ട യുവ ഇന്ത്യക്ക് ആശ്വാസമായി അഞ്ചാം ടെസ്റ്റിലെ ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനം. എന്നാൽ ഇരട്ടസെഞ്ച്വറി തികയ്ക്കാനാകാതെ 199 റൺസിൽ വച്ച് ഓപ്പണർ കെ.എൽ. രാഹുൽ പുറത്തായത് പവലിയനിലും ഗാലറിയും നിരാശ പടർത്തി. ഇരട്ടസെഞ്ച്വറിക്ക് ഒരു റൺ അകലെ വച്ച് പുറത്തായ രാഹുലും അർദ്ധ സെഞ്ച്വറി നേടിയ പാർത്ഥിവ് പട്ടേലും(71) ഒന്നാം വിക്കറ്റിൽ 152 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ ഓപ്പണിങ് നിരയെ കുറിച്ച് ആശങ്കപ്പെട്ട സിലക്ടർമാർക്കും ആരാധകർക്കുമുള്ള മധുരമുള്ള മറുപടി കൂടിയായി അത്.


മൂന്നാം ദിനം കളി നിറുത്തുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 477 റൺസിനെതിരെ ടീം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 391 റൺസെടുത്തിട്ടുണ്ട്. സ്‌കോർ 152ൽ നിൽക്കെ ബട്ട്‌ളറുടെ കൈകളിൽ പാർത്ഥിവിനെ എത്തിച്ചാണ് മോയിൻ അലി ആദ്യപ്രഹരം ഇന്ത്യക്ക് മേൽ ഏൽപ്പിച്ചത്. പിന്നീടെത്തിയ ചേതേശ്വർ പൂജാരയ്ക്കും (16) ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. സ്റ്റോക്‌സ്, കുക്കിന്റെ കൈകളിലെത്തിച്ചാണ് പൂജാരയെ മടക്കിയത്. നാലാമനായി എത്തിയ ക്യാപ്റ്റൻ കോഹ്ലിയെ ബ്രോഡ്, ജെന്നിങ്‌സിന്റെ കൈകളിലെത്തിച്ച് മടക്കുമ്പോൾ ടീം ഇന്ത്യ മൂന്നിന് 211 റൺസ്.

പിന്നീട് ക്രീസിലെത്തിയ കരുൺ നായർക്കൊപ്പം രാഹുൽ 161 റൺസിന്റെ കൂട്ടുകെട്ടും നാലാം വിക്കറ്റിൽ സൃഷ്ടിച്ചു. ഇരട്ടസെഞ്ച്വറി നേടുന്നത് കാണാൻ കാത്തുനിന്ന ആരാധകരെയും ഇന്ത്യൻ പവലിയനെയും നിരാശരാക്കിയായിരുന്നു അലക്ഷ്യമായ ഷോട്ടിലൂടെ രാഹുൽ മടങ്ങിയത്. വിക്കറ്റിന് പുറത്തേക്ക് വൈഡായി റാഷിദ് എറിഞ്ഞ പന്ത് ശ്രദ്ധയില്ലാതെ ഉയർത്തിയടിച്ച രാഹുലിനെ ഡീപ് പോയിന്റിൽ ബട്ട്‌ളർ പിടികൂടി മടക്കി. 311 പന്തുകളിൽ നിന്നും 16 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെട്ടതാണ് രാഹുലിന്റെ 199 റൺസ്.

മൂന്നാം ദിനം കളി നിറുത്തുമ്പോൾ 71 റൺസോടെ കരുൺ നായരും 17 റൺസോടെ മുരളി വിജയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ 86 റൺസ് കൂടി വേണം ടീം ഇന്ത്യക്ക്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, മോയിൻ അലി, ബെൻ സ്‌റ്റോക്‌സ്, റാഷിദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Read More >>