'പല്ലിയെ ഒറ്റയടിക്ക് കൊന്നാല്‍ മികച്ച പ്രതിഫലം, രണ്ടടിക്കായാല്‍ പ്രതിഫലം കുറയും'; 'പണ്ഡിതന്റെ' പ്രഭാഷണം 'വൈറലാകുന്നു'

സംഭാഷണത്തിനിടെ പല്ലി ചിലയ്ക്കുമ്പോള്‍ ആ സംഭാഷണം സത്യമാണെന്ന വിശ്വാസം അന്ധവിശ്വാസമാണെന്നും എന്നാല്‍ പല്ലിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട വിശ്വാസം സത്യമാണെന്നും ഇദ്ദേഹം പറയുന്നു.

പല്ലിയെ കൊല്ലുന്നത് ദൈവം 'ബോണസ് പോയിന്റ്' തരുന്ന പ്രവര്‍ത്തിയാണെന്ന് 'പണ്ഡിതന്‍'. ദര്‍ശന ടിവിയില്‍ പ്രഭാഷണം നടത്തിയ ഇസ്ലാമിക പണ്ഡിതനാണ് ഇത്തരത്തിലുള്ള വിചിത്ര വാദവുമായി രംഗത്തെത്തിയത്. നിങ്ങളിലൊരാള്‍ ഒരു പല്ലിയെ ഒറ്റയടിക്ക് കൊന്നാല്‍ വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെടുന്നു. രണ്ടാമത്തെ അടിക്കാണ് ഒരാള്‍ പല്ലിയെ കൊല്ലുന്നതെങ്കിലും പ്രതിഫലം ലഭിക്കും. എന്നാല്‍ അത് ഒറ്റയടിയ്ക്ക് കൊല്ലുന്നയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തോളം വരില്ല. ഇനി മൂന്നാമത്തെ അടിയ്ക്കാണ് പല്ലി ചാകുന്നതെങ്കില്‍ രണ്ടാമത്തെ അടിയ്ക്ക് കൊല്ലുന്നയാള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ കൂലിയാണ് അയാള്‍ക്ക് ലഭിക്കുന്നത്.


[video width="398" height="264" mp4="http://ml.naradanews.com/wp-content/uploads/2016/12/Speech.mp4"][/video]

ഇതൊരു അന്ധവിശ്വാസമാണെന്ന് വിചാരിക്കരുത്. എന്നാല്‍ പല അന്ധവിശ്വാസങ്ങളുമുണ്ട്. സംഭാഷണത്തിനിടെ പല്ലി ചിലച്ചാല്‍ ആ സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന തരത്തിലൊരു വിശ്വാസമുണ്ട്. എന്നാലത് അന്ധവിശ്വാസമാണ്. അത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും ഉപേക്ഷിക്കണം. ശരീരത്ത് പുല്‍ച്ചാടി വന്നിരുന്നാല്‍ പണം ലഭിക്കുമെന്ന വിശ്വാസവും അന്ധവിശ്വാസമാണ്- ഇദ്ദേഹം പറയുന്നു. പല്ലിയെ കണ്ടാല്‍ ഒറ്റയടിക്ക് കൊല്ലണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും അത് ജീവികളോടുള്ള കാരുണ്യമാണെന്നുമുള്ള വിചിത്ര വാദത്തോടെയാണ് പ്രസംഗം അവസാനിക്കുന്നത്. പല്ലിയുമായി ബന്ധപ്പെട്ട വിശ്വാസത്തിലെ ഇരട്ടത്താപ്പ് പ്രകടമാകുന്ന ഇയാളുടെ പ്രസംഗത്തെ നവമാധ്യമങ്ങളില്‍ പലരും ട്രോളുന്നുണ്ട്.