കുമ്മനത്തെ മോഡലാക്കി ഖാദി ഫാഷനിലേയ്ക്ക് ബിജെപി; വസ്ത്രരാഷ്ട്രീയം ചരല്‍ക്കുന്ന് ക്യാമ്പില്‍ നിന്ന്

കേരളത്തില്‍ കുമ്മനം രാജശേഖരനും ചുരുക്കം ചില ബിജെപി നേതാക്കളുടെയും ഫാഷനാണ് ഖാദി വസ്ത്രം. കോണ്‍ഗ്രസിന്റെ ആ യൂണിഫോം ബിജെപി സ്വീകരിക്കുന്നതിന്റെ സൂചനകളാണ് അവരുടെ ചരല്‍ക്കുന്ന് ക്യാമ്പില്‍ നിന്ന് പുറത്തു വരുന്നത്.

കുമ്മനത്തെ മോഡലാക്കി ഖാദി ഫാഷനിലേയ്ക്ക് ബിജെപി; വസ്ത്രരാഷ്ട്രീയം ചരല്‍ക്കുന്ന് ക്യാമ്പില്‍ നിന്ന്

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ രോഷത്തിന്റെ അടയാളമെന്ന നിലയില്‍ മഹാത്മാ ഗാന്ധി പ്രചരിപ്പിച്ചതായിരുന്നു ഖാദി. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നത് ഗാന്ധി ജീവിതചര്യയാക്കി മാറ്റി. ചര്‍ക്ക കോണ്‍ഗ്രസ് പിന്നീട് കൊടിയടയാളമാക്കി മാറ്റുകയായിരുന്നു. ദേശീയനായകരെ ബിജെപി തട്ടിയെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് കാലങ്ങളായി ഉന്നയിക്കുന്ന പരാതിയാണ്. ഈ പ്രാവശ്യം ബിജെപി കൈ വയ്ക്കുന്നത് കോണ്‍ഗ്രസിന്റെ കൊടിയടയാളത്തില്‍ തന്നെയാണ്. ഇനി കോണ്‍ഗ്രസിന്റെ കൊടിയടയാളവും ബിജെപി ക്യാമ്പിലെത്തും.


ചരിത്രമുറങ്ങുന്ന ചരല്‍ക്കുന്നില്‍ കോണ്‍ഗ്രസ് മറന്നു വച്ചത് ബിജെപി പുറത്തു കൊണ്ടു വരികയായിരുന്നു. മഹാത്മാഗാന്ധിയോടും സ്വദേശി പ്രസ്ഥാനത്തോടും മുഖം തിരിച്ചിരുന്ന ബിജെപിയും സംഘപരിവാറും ഗാന്ധിയേയും ചര്‍ക്കയേയും എടുത്തണിയുകയാണ്.

കോണ്‍ഗ്രസ് സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്നിരുന്ന ഖാദിയും ചര്‍ക്കയുമെല്ലാം ബിജെപിയുടെ ചരല്‍ക്കുന്ന് ക്യാമ്പിലാണ് പ്രധാന ചര്‍ച്ചയായി മാറിയത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത ബിജെപിയുടെ ചരല്‍ക്കുന്ന് ക്യാമ്പിന്റെ പ്രദര്‍ശന നഗരിയിലാണ് ചര്‍ക്ക സ്ഥാനം പിടിച്ചത്. രാഷ്ട്രീയ പ്രചാരണത്തിനൊപ്പം പരിസ്ഥിതി വിഷയങ്ങളിലും സജീവമായി ഇടപെടാനും മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാനുമുളള കൃത്യമായ രൂപരേഖയും ക്യാമ്പില്‍ ബിജെപി തയ്യാറാക്കിയിരുന്നു.

പ്രദര്‍ശനത്തില്‍ അക്രമ രാഷ്ട്രീയത്തിന്റെയും ആറന്‍മുള സമര ചിത്രങ്ങള്‍ക്കൊപ്പം ചര്‍ക്കയും ഖാദി വസ്ത്രങ്ങള്‍ നെയ്യുന്ന റാട്ടും ഖാദി വസ്ത്രങ്ങളും ഇടം പിടിച്ചത് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ നാള്‍വഴികള്‍ ചിത്രങ്ങളാക്കിയാണ് ചരല്‍ക്കുന്ന് ശിബിരത്തില്‍ ബിജെപി പ്രദര്‍ശനം ഒരുക്കിയത്. കണ്ണൂരിലെ ബലിദാനികളുടെ ചിത്രങ്ങളും കൈത്തറി വസത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വിരലില്‍ എണ്ണാവുന്ന ഏതാനും നേതാക്കളും മാത്രമാണ് ഇപ്പോള്‍ ഖാദി ഉപയോഗിക്കുന്നത്. സ്വദേശി വസ്ത്രങ്ങള്‍ ശീലമാക്കാനും ഇത്തരം വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതു വഴിയുളള സാമ്പത്തിക ലാഭവും ബിജെപി ലക്ഷ്യമിടുന്നതായി ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട നാരദാ ന്യൂസിനോട് പറഞ്ഞു.

ഇലന്തൂര്‍, ഓമല്ലൂര്‍,ആറന്‍മുള, കുളനട എന്നി നാലു പഞ്ചായത്തുകളെ ഖാദി ഗ്രാമങ്ങളായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചതായി അശോകന്‍ കുളനട പറഞ്ഞു. മഹാത്മാ ഗാന്ധി മുന്നോട്ടു വച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചാണ് ബിജെപിയുടെ മുന്നേറ്റം. കാവിയെ പിന്തളളി കൊണ്ടല്ല ഖാദിക്കു ബിജെപി ഇടം കൊടുക്കുന്നത്. ചര്‍ക്കയില്‍ കാവി വസ്ത്രങ്ങളും നെയ്തെടുക്കാനും ബിജെപിക്കു പദ്ധതിയുണ്ട്. ഖാദി മുന്നേറ്റം ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി ഉടന്‍ യോഗം ചേരുമെന്നും വ്യക്തമായ രൂപരേഖ തയ്യാറാക്കി മുന്നോട്ടു പോകുമെന്നും അശോകന്‍ കുളനട പറഞ്ഞു.

ക്രിസ്ത്യന്‍ സഭകളുമായുള്ള ബന്ധത്തില്‍ ശുഭകരമായ പുരോഗതി ബിജെപി ക്യാമ്പില്‍ അവകാശപ്പെട്ടിരുന്നു. മലബാറില്‍ ഭയത്തോടെ അകന്നുനില്‍ക്കുന്ന മുസ്ലീം സമൂഹത്തെ പ്രാദേശിക തലങ്ങളില്‍ ബിജെപിയോട് അടുപ്പിക്കാന്‍ പരിപാടികളും ആസൂത്രണം ചെയ്തിരുന്നു.സഹകരണ വിഷയത്തില്‍ കോണ്‍ഗ്രസ്- സിപിഐഎം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കള്ളപണക്കാരെ ഒറ്റപ്പെടുത്തുക, സഹകരണ മേഖലയെ സംരക്ഷിക്കുകയെന്ന മുദ്രവാക്യവുമായി മുന്നോട്ടു പോകുവാനും തീരുമാനമായിരുന്നു.

1969ല്‍ സണ്‍ഡേ സ്‌കൂള്‍ സമാജത്തിനായി മാര്‍ത്തോമ്മ സഭയുടെ കീഴില്‍ ആരംഭിച്ചതാണ് ചരല്‍ക്കുന്നിലെ ക്യാമ്പ് സെന്റര്‍. കേരള രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായക മാറ്റങ്ങള്‍ക്കു ചരല്‍ക്കുന്നില്‍ വച്ചു നടന്ന രാഷ്ട്രീയ ക്യാമ്പുകള്‍ വേദിയായിട്ടുണ്ട്. 1975 ജൂണില്‍ അടിയന്തരാവസ്ഥയക്ക് തൊട്ടുമുന്‍പ് ഫെബ്രുവരിയില്‍ കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തിന് ചരല്‍ക്കുന്ന് വേദിയായിട്ടുണ്ട്. ഗ്രൂപ്പ് തിരിഞ്ഞുള്ള സംഘര്‍ഷങ്ങള്‍ക്ക് പ്രസിദ്ധമായ കെഎസ്‌യു സ്ഥിരമായി ചരല്‍ക്കുന്നിലാണ് ക്യാമ്പ് നടത്തുന്നത്. 1979 ല്‍ കെഎം മാണിയുടെയും പിജെ ജോസഫിന്റെയും അനുയായികള്‍ പരസ്പരം ഏറ്റുമുട്ടിയതും ചരല്‍ക്കുന്നില്‍ വച്ചാണ്. കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക തീരുമാനങ്ങളെല്ലാം ചരല്‍ക്കുന്നില്‍ വച്ചാണ് എടുത്തിട്ടുളളത്. ടി എം ജേക്കബ് മുതല്‍ പി.സി തോമസ് വരെ കേരളാ കോണ്‍ഗ്രസ് നേതൃനിരയിലുളളവര്‍ ചരല്‍ക്കുന്നില്‍ വെച്ചാണ് തെന്നിപ്പിളരുകയും പുതിയ പാര്‍ട്ടികള്‍ രൂപീകരിക്കുകയുമൊക്കെ ചെയ്തത്. യുഡിഎഫിന്റെ ചങ്കു തകര്‍ത്ത് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുളള തീരുമാനം മാണിയെടുത്തതും ചരല്‍ക്കുന്നില്‍ വച്ചാണ്. കോണ്‍ഗ്രസ് മറന്ന ചര്‍ക്കയെ ചരല്‍ക്കുന്നില്‍ ബിജെപി കെട്ടിപ്പുണരുമ്പോള്‍ അടുത്ത നിയമസഭാ ഇലക്ഷനില്‍ ചരല്‍ക്കുന്ന് ബിജെപിക്ക് രാശിയാകുമോ എന്നത് കണ്ടറിയേണ്ടതു തന്നെയാണ്.