നെടുങ്കയത്തുകാർക്കു വേണ്ടത് വീടും കുടിവെള്ളവും; എന്നിട്ടാകാം ഡിജിറ്റല്‍ ആദിവാസി കോളനി പ്രഖ്യാപനം

306 പേരാണ് കേരളത്തിലെ ആദ്യ ഡിജിറ്റൽ ആദിവാസി കോളനിയായ നെടുങ്കയത്തുള്ളത്. ഇതിൽ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയത് 70 പേർ മാത്രമാണ്. 30 പേരാണ്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നത്‌ കേവലം 16 പേരും. എല്ലാ കുടുംബങ്ങളിലും ബാങ്ക്‌ അക്കൗണ്ടുണ്ടെന്നാണ്‌ അധികൃതരുടെ വിശദീകരണം. എന്നാൽ നെടുങ്കയത്തെത്തിയ ഞങ്ങളുടെ ലേഖകൻ കണ്ടത് അടിസ്ഥാന സൗകര്യം പോലുമില്ലാത്ത കോളനിയാണ്. ഒരു രൂപപോലും പരമ്പരാഗത രീതിയിലല്ലാതെ ചെലവഴിക്കാന്‍ അറിയാത്ത വിഭാഗത്തിന്റെ പേരിലാണ്‌ അധികൃതരുടെ ഇത്തരം ഗിമ്മിക്കുകള്‍.

നെടുങ്കയത്തുകാർക്കു വേണ്ടത് വീടും കുടിവെള്ളവും; എന്നിട്ടാകാം ഡിജിറ്റല്‍ ആദിവാസി കോളനി പ്രഖ്യാപനം

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ കുടിയേറ്റ മേഖലയായ കരുളായി അങ്ങാടിയില്‍ നിന്ന് ആറു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ നെടുങ്കയത്തെത്തും. രാജ്യത്തെ തന്നെ ആദ്യത്തെ പണരഹിത ആദിവാസി കോളനിയെന്ന്‌ അധികാരികള്‍ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കോളനിയിലേക്കായിരുന്നു യാത്ര. മൂന്നു കിലോമീറ്ററും വനത്തിലൂടെത്തന്നെ സഞ്ചരിക്കണം കോളനിയിലെത്താന്‍.

കരുളായി റെയ്‌ഞ്ചില്‍ വരുന്ന ചെറുമുള്ളി ഫോറസ്‌റ്റ്‌ ചെക്ക്‌ പോസ്‌റ്റില്‍ വനംവകുപ്പിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും പരിശോധന കഴിഞ്ഞേ അകത്തേയ്ക്കു കടത്തിവിടൂ. വനംവകുപ്പിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും രജിസ്‌റ്റര്‍ ബുക്കില്‍ പേരും വിലാസവും എഴുതി ഒപ്പിട്ടു കൊടുക്കണം. മാദ്ധ്യമപ്രവര്‍ത്തകരാണെങ്കില്‍ സൗത്ത്‌ നിലമ്പൂര്‍ ഡിഎഫ്‌ഒയുടെ പ്രത്യേക അനുമതി നിര്‍ബന്ധം. നെടുങ്കയം ഇക്കോ ടൂറിസകേന്ദ്രത്തിലേക്കു പോകുന്നവര്‍ക്ക്‌ പ്രത്യേക അനുമതിയുടെ ആവശ്യവുമില്ല.


ചെറുപുഴ ഫോറസ്‌റ്റ്‌ ചെക് പോസ്‌റ്റില്‍ നിന്നു കാട്ടുപാതയിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെടുങ്കയം കോളനിയായി. 92 വീടുകളിലായി 103 കുടുംബങ്ങളാണു കോളനിയില്‍ കഴിയുന്നത്‌. ഏറെ പിന്നോക്ക ആദിവാസി വിഭാഗമായ പണിയ കുടുംബങ്ങങ്ങളാണു കോളനിക്കാര്‍.

കോളനി ഡിജിറ്റലായിട്ടെന്തു കാര്യം


പ്രധാനമന്ത്രിയുടെ സെന്‍സെദ്‌ ആദര്‍ശ്‌ ഗ്രാം യോജന (സാഗി) പദ്ധതി പ്രകാരം പി വി അബ്ദുല്‍ വഹാബ്‌ എംപിയുടെ ഫണ്ടില്‍ നിന്നാണു പണരഹിത ഡിജിറ്റല്‍ ട്രൈബല്‍ കോളനി പ്രഖ്യാപിച്ചത്‌. 14 സെറ്റില്‍മെന്റുകളുള്ള പ്രദേശത്ത്‌ ഏറ്റവും മികച്ച കോളനിയായതിനാലാണു നെടുങ്കയത്തെ ദത്തെടുത്തു പണരഹിത പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന്‌ സാഗിയുടെ പ്രൊജക്ട്‌ കോ-ഓര്‍ഡിനേറ്ററായ എ പി ഫൈസല്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

രണ്ടും മൂന്നും സെന്റിലുള്ള വീടുകളില്‍ ശുദ്ധജലത്തിന് സമീപത്തെ കാട്ടാറിനെയാണു കോളനി വാസികള്‍ ആശ്രയിക്കുന്നത്‌. പുഴയരികില്‍ കുഴിയെടുത്ത്‌ അതില്‍ നിന്നാണ്‌ ഇവിടുത്തെ കുടുംബങ്ങള്‍ വെള്ളം ശേഖരിക്കുന്നത്‌. പലകാരണങ്ങള്‍ പറഞ്ഞു കരാറുകാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളാണ്‌ അധികവും. വെട്ടുകല്ലില്‍ നിര്‍മ്മിച്ച വീടുകള്‍ റൂഫ്‌ കോണ്‍ക്രീറ്റ്‌ ചെയ്‌തതല്ലാതെ മറ്റൊരു സൗകര്യവുമില്ല. കോളനിവാസികള്‍ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിക്കണമെങ്കില്‍ ആറു കിലോമീറ്റര്‍ സഞ്ചരിച്ച്‌ കരുളായി അങ്ങാടിയിലെത്തണം. നെടുങ്കയം കോളനി വനത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെയൊരു പെട്ടിക്കടയ്‌ക്ക്‌ പോലും അനുമതിയില്ലതാനും.

ആകെ 306 പേരാണു കോളനിയിലുള്ളത്‌. ഇതില്‍ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഉള്ളത്‌ 70 താഴെ പേര്‍ക്കും. 30 പേരാണ്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നത്‌ കേവലം 16 പേരും. എല്ലാ കുടുംബങ്ങളിലും ബാങ്ക്‌ അക്കൗണ്ടുണ്ടെന്നാണ്‌ അധികൃതരുടെ വിശദീകരണം.

നെടുങ്കയം കോളനിയില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പദ്ധതിയ്‌ക്ക്‌ ആകെ വന്ന ചെലവും ഇതു തന്നെയാണ്‌. ഇ-വാലറ്റ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, മൊബൈല്‍ ബാങ്കിംഗ്‌ ഉള്‍പ്പെടെയുള്ള സംവിധാനത്തെക്കുറിച്ച്‌ പരിശീലനം പൂര്‍ത്തിയാക്കിയെന്ന്‌ അധികൃതര്‍ പറയുമ്പോഴാണു വിരലിലെണ്ണാവുന്ന ചില ചെറുപ്പക്കാര്‍ മാത്രം ഇതേക്കുറിച്ച്‌ അല്‍പ്പമെങ്കിലും മനസ്സിലാക്കിയിട്ടുള്ളതെന്നു നാരദാ ന്യൂസ്‌ നടത്തിയ അന്വേഷണത്തിലൂടെ വ്യക്തമാകുന്നത്‌.

https://www.youtube.com/watch?v=1iY_rb33HQM

തൊഴിലുറപ്പ്‌ ജോലിയും ദിവസ വേതനവും


നെടുങ്കയം പണിയകോളനിക്കാരുടെ പ്രധാന വരുമാനമാര്‍ഗം തൊഴിലുറപ്പ്‌ ജോലിയാണ്‌. പുരുഷന്‍മാര്‍ വനംവകുപ്പിന്റെ മരപ്പണിക്കു പോകും. ആഴ്‌ച്ചയിലോ മാസത്തിലോ കൂലി കിട്ടാന്‍ കാത്തിരിക്കാനുള്ള ക്ഷമയൊന്നും കോളനിക്കാര്‍ക്കില്ല. അന്നന്നു കിട്ടിയാല്‍ അത്രയും നല്ലത്‌.

ഇന്റര്‍നെറ്റ്‌ മണി ട്രാന്‍സാക്ഷനൊന്നും ഇവര്‍ക്കു താല്‍പര്യവുമില്ല. കാരണം കയ്യില്‍ നോട്ടുണ്ടെങ്കിലേ കരുളായി അങ്ങാടിയില്‍ പോയാല്‍ സാധനങ്ങള്‍ ലഭിക്കുകയുള്ളു. ഇവിടെ എടിഎം സ്വൈപ്പിംഗ്‌ മെഷീന്‍ ഒരൊറ്റ കടയിലും ഇല്ല. നോട്ട്‌ കൊടുത്താല്‍ സാധനം കിട്ടും. ഇന്റര്‍നെറ്റ്‌ മണി ട്രാന്‍സ്‌ഫര്‍ സംവിധാനമൊന്നും ഇവിടുത്തെ കടക്കാര്‍ക്കു പോലും തിട്ടമില്ല

https://www.youtube.com/watch?v=BYE1jhC9LiY

മോപ്പഡിലും ഓട്ടോറിക്ഷയിലുമൊക്കെയായി കോളനിയിലെത്തുന്ന വീട്ടുസാധനങ്ങളാണു പലപ്പോഴും കോളനിക്കാര്‍ക്ക്‌ ഏറെ പ്രയോജനകരമാകുന്നത്‌. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇങ്ങനെ മോപ്പഡില്‍ കൊണ്ടുവരുന്ന റസാഖിനോടും ഞങ്ങൾ  സംസാരിച്ചു. ഇതു പ്രായോഗികമല്ലെന്ന്‌ തന്നെയാണ്‌ കോളനിയുമായി ബന്ധമുള്ളവരുടെ അഭിപ്രായം.

സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവരെല്ലാം തന്നെ ചെറുപ്പക്കാരാണ്‌. ഇവരില്‍ പലരും കോളനിക്കു പുറത്ത്‌ ഉപരിപഠനവും മറ്റും നടത്തുന്നവരാണ്‌. സംസാരിച്ച ബഹുഭൂരിഭാഗം പേരും പദ്ധതിയെക്കുറിച്ച്‌ ഒന്നും അറിയില്ലെന്നാണ്‌ പ്രതികരിച്ചത്‌. ചില യുവാക്കള്‍ മാത്രമാണ്‌ പണരഹിത ഇടപാടിനെക്കുറിച്ചു മനസ്സിലാക്കിയതെന്ന്‌ വ്യക്തം.

https://www.youtube.com/watch?v=Ea-0hDw6xT4

നെടുങ്കയത്തു നിന്ന് ആറു കിലോമീറ്ററകലെയുള്ള കരുളായിൽ ആണ് ബാങ്കുകൾ ഉള്ളത്. സഹകരണ ബാങ്ക് ഉൾപ്പെടെ നാലു ബാങ്കുകളാണിവിടെയുള്ളത്. സമീപത്തെങ്ങും പ്രാഥമിക ആരോഗ്യ കേന്ദ്രം പോലുമില്ലാത്തതിനാൽ അസുഖം വന്നാൽ ചികിത്സ  ലഭിക്കാൻ കരുളായിയിൽ എത്തണം. ഇവിടെയുള്ളത് ആകെയൊരു പ്രാഥമിക ആരോഗ്യ കേന്ദ്രവും. വിദഗ്ധ ചികിൽസ ലഭിക്കണെമെങ്കിൽ നെടുങ്കയത്ത് നിന്നു 18 കിലോമീറ്റർ സഞ്ചരിച്ച് നിലമ്പൂരിലെത്തണം. താലൂക്ക് ആശുപത്രിയും സ്വകാര്യ ആശുപത്രികളുമൊക്കെ ഇവിടെയാണുള്ളത്. പ്രദേശത്തെ മികച്ച സെറ്റിൽമെന്റുകളിൽ ഒന്നായതുകൊണ്ടാണ് നെടുങ്കയത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്നു കരുളായി പഞ്ചായത്ത് പ്രസിഡന്റ് ഇ എൻ അസൈനാർ പറഞ്ഞു

ഒരു രൂപപോലും പരമ്പാരാഗത രീതിയിലല്ലാതെ ചെലവഴിക്കാന്‍ അറിയാത്ത വിഭാഗത്തിന്റെ പേരിലാണ്‌  അധികൃതരുടെ ഇത്തരം ഗിമ്മിക്കുകള്‍.