മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു

നദീറിനെതിരെ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിട്ടയയ്ക്കുന്നതെന്നു കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി സഞ്ജയ് ഗുരുഡിന്‍ പറഞ്ഞു

മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു

കോഴിക്കോട്‌: മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്ത കോഴിക്കോട്‌ എകരൂല്‍ സ്വദേശി നദി എന്ന നദീറിനെ വിട്ടയച്ചു. നദീക്കെതിരെ മതിയായ തെളിവില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.

ദേശീയഗാന വിവാദത്തില്‍ അറസ്‌റ്റിലായി ചികിത്സയില്‍ കഴിയുന്ന നോവലിസ്‌റ്റ്‌ കമല്‍ സി ചവറയ്‌ക്കൊപ്പം കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നില്‍ക്കുമ്പോഴാണ്‌ നദിയെ പൊലീസ്‌ കസ്റ്റഡിയിലെടുക്കുന്നത്‌. തുടര്‍ന്ന്‌ ആറളം പൊലീസിന്‌ കൈമാറിയിരുന്നു. ആറളത്ത്‌ മാവോയിസ്‌റ്റുകള്‍ക്കൊപ്പം നദിയെ കണ്ടതായി കോളനിവാസികള്‍ മൊഴി നല്‍കിയെന്നാരോപിച്ചാണ്‌ പൊലീസ്‌ നടപടി.


ആറളത്ത്‌ ഏഴു മാവോയിസ്‌റ്റുകള്‍ കാട്ടുതീ പ്രസിദ്ധീകരണം വിതരണം ചെയ്‌തതില്‍ സംഘത്തില്‍ നദി ഉണ്ടായിരുന്നെന്നാണ്‌ പൊലീസ്‌ ഭാഷ്യം. നദിക്കെതിരെ പൊലീസ്‌ യുഎപിഎ ചുമത്തിയിരുന്നു. സോഷ്യല്‍മീഡിയകളിലൂടെയുള്‍പ്പെടെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ നദിയെ പൊലീസ്‌ തെളിവില്ലെന്ന്‌ പറഞ്ഞ്‌ വിട്ടയച്ചത്‌. വി എസ്‌ അച്യുതാനനന്ദനും പിന്നീട്‌ കോടിയേരി ബാലകൃഷ്‌ണനും പൊലീസ്‌ നടപടിക്കെതിരെ രംഗത്ത്‌ വന്നിരുന്നു. യുഎപിഎ സാധാരണ ജനങ്ങള്‍ക്ക്‌ നേരെ പ്രയോഗിക്കാനുള്ള നിയമമല്ലെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടിരുന്നു.

നദീറിനെതിരെ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിട്ടയച്ചതെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി സഞ്ജയ് ഗുരുഡിന്‍ പറഞ്ഞു. മാവോയിസ്റ്റ് സംഘത്തിനൊപ്പം നദിയെ കണ്ടതായി കോളനിവാസികള്‍ തിരിച്ചറിഞ്ഞെന്നായിരുന്നു ഇന്നലെ ആറളം പോലീസ് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ഈ സംഭവത്തില്‍ നദിക്കു പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് ഇപ്പോള്‍ വിട്ടയക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Story by
Read More >>