തീരദേശ ഹരിത പാത കേരളം ഉപേക്ഷിച്ചോ?

മത്സ്യത്തൊഴിലാളികൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെയാകും തീരദേശ ഹരിത പാതാ പദ്ധതി നടപ്പാക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുടെ പാർപ്പിടങ്ങൾക്കും തൊഴിലിനും പരിസ്ഥിതിക്കും ഹാനികരമാകാത്ത ഏതു വികസന പദ്ധതിയും സ്വാഗതാർഹമാണ്. തീരദേശ ഹരിത പാത എന്ന അപകടകരമായ പദ്ധതി ഇതോടെ ഉപേക്ഷിച്ചു എന്നു വേണം കരുതാൻ.

തീരദേശ ഹരിത പാത കേരളം ഉപേക്ഷിച്ചോ?

റൂബിൻ ഡിക്രൂസ്

തീരദേശ ഹരിത പാതാ പദ്ധതി തീരപ്രദേശത്ത് വലിയ ആശങ്കകളാണുണർത്തിയത്. ഈ പാതയുണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ച് നാരദ ന്യൂസ് വിശദമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട തീരുമാനങ്ങളെടുക്കുന്ന ഉന്നതതലങ്ങളിൽ ഈ റിപ്പോർട്ട് ശ്രദ്ധിക്കപ്പെട്ടുവെന്നും അതു പദ്ധതിയെക്കുറിച്ച് പുനരാലോചനയ്ക്ക് കാരണമായെന്നുമാണ് മനസ്സിലാക്കുന്നത്.
ഇന്നലെ ആലപ്പുഴ നടന്ന ലത്തീൻ കത്തോലിക്ക സമുദായ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സഖാവ് പിണറായി ആലപ്പുഴയിൽ പറഞ്ഞ വാക്കുകൾ ഇക്കാര്യത്തിൽ ആശയ്ക്കു വക നൽകുന്നു.

"7500 കോടി ചെലവിൽ 200 കിലോമീറ്ററിലേറെ വരുന്ന തീരദേശ ഹൈവേയും മലയോര ഹൈവേയും നടപ്പാക്കുന്നതിൻറെ പഠനറിപ്പോർട്ട് 31ന് നാറ്റ്പാക് സർക്കാരിന് സമർപ്പിക്കും. ഈ പദ്ധതി അടുത്ത സാമ്പത്തിക വർഷം കിഫ്ബി വഴി ഏറ്റെടുക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയുടെ പേരിൽ മത്സ്യത്തൊഴിലാളി മേഖലയിൽ ആശങ്ക വേണ്ട. മത്സ്യത്തൊഴിലാളികളുടെ പാർപ്പിടങ്ങൾക്കും തൊഴിൽ മേഖലയ്ക്കും പ്രയാസമുണ്ടാകാതെയും അവരെ ഒഴിപ്പിക്കാതെയുമാകും പദ്ധതി നടപ്പാക്കുക."

വളരെ സ്വാഗതാർഹമായ നിലപാടാണിത്. മത്സ്യത്തൊഴിലാളികളുടെ പാർപ്പിടങ്ങൾക്കും തൊഴിലിനും പരിസ്ഥിതിക്കും ഹാനികരമാകാത്ത ഏതു വികസന പദ്ധതിയും സ്വാഗതാർഹമാണ്. തീരദേശ ഹരിത പാത എന്ന അപകടകരമായ പദ്ധതി ഇതോടെ ഉപേക്ഷിച്ചു എന്നു വേണം കരുതാൻ. ഒരു വഴിയിൽ രണ്ടു ഹൈവേ പറ്റില്ലല്ലോ. അതും ഇപ്പോൾ തന്നെ പലയിടത്തും തീരദേശ ഹൈവേ എന്നു തന്നെ വിളിക്കാവുന്ന ദേശീയപാത 47 ഉള്ളപ്പോൾ? (കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള ദേശീയ പാത 47 ഉദാഹരണം.)
ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിലെ സ്ഥാപിത താൽപര്യക്കാരുടെ പദ്ധതി ആയിരുന്നു ഹരിതപാത എന്ന വ്യാജ നാമധാരി. ഹാർബർ നിർമാണങ്ങൾ നിലച്ചപ്പോൾ പുതിയ പണിയുമായി കോൺട്രാക്ടർ ലോബിയുമായി ചേർന്ന് 16000 കോടി രൂപയുടെ വിനാശ പദ്ധതിയുമായി വന്നതാണ്. കെപിഎംജി എന്ന വൻകിട ബഹുരാഷ്ട്ര കൺസൾടൻസി സ്ഥാപനമാണത്രെ ഈ പദ്ധതി തയ്യാറാക്കിയത്.

സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻറെ അലകൾ ദ്വൈവാരികയുടെ പുതിയ ലക്കത്തിൻറെ മുഖ്യ ലേഖനം പറയയുന്നതിങ്ങനെയാണ്, “16000 കോടി രൂപയെന്നു കേൾക്കുമ്പോൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെ ചില തൽപര കക്ഷികൾക്കും കോൺട്രാക്ട് ലോബികൾക്കും ഏറെ സന്തോഷത്തിനു വകയുണ്ട്. ഇത്ര വലിയൊരു പദ്ധതി ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞതായി കാണുന്നില്ല....

പുതുതായി ഹാർബർ നിർമാണത്തിനു കേരളത്തിൽ സാദ്ധ്യത കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഹൈവേ നിർമാണത്തിലേക്ക് കടക്കുവാനുള്ള ഉദ്ദേശമാണെന്നു കരുതേണ്ടിയിരിക്കുന്നു.
പക്ഷേ, അപ്പോഴും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ വിവാദ പദ്ധതി നടപ്പാക്കും എന്നുതന്നെയാണ് പറയുന്നത്.  എറണാകുളം ടൗൺഹാളിൽ ഡിസംബർ രണ്ടിനു നടന്ന ഒരു ചടങ്ങിൽ വകുപ്പ് മന്ത്രി പറഞ്ഞത് ദേശാഭിമാനി റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന തീരദേശ ഹരിതപാത അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 16000 കോടിയുടെ ബൃഹദ് പദ്ധതിയാണിത്. ഇതിനായി മത്സ്യത്തൊഴിലാളി സമൂഹത്തിൻറെയടക്കം പൂർണ സഹകരണം ഉണ്ടാകണം. വിപുലമായ സമന്വയം വേണ്ട പദ്ധതിയാണിത്. പുനരധിവാസമടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിലേക്ക് മത്സ്യബന്ധനവകുപ്പ് മന്ത്രിയും വരുമെന്നാണ് എൻറെ പ്രതീക്ഷ. മത്സ്യബന്ധനവകുപ്പോ ഹാർബർ എഞ്ചിനിയറിംഗ് വകുപ്പോ അല്ലല്ലോ റോഡുണ്ടാക്കേണ്ടത്. അതിനല്ലേ, നാട്പാക്കും പിഡബ്ല്യുഡിയും ഒക്കെ?

കടൽകയറ്റത്തിൻറെ ഇരകൾക്ക് ആശ്വാസം വേണം ഇതോടൊപ്പം കടലിൻറെ വേലിയേറ്റ രേഖയ്ക്ക് പടിഞ്ഞാറു താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പരിപാടിയും നടപ്പാക്കണം. പ്രകടന പത്രികയിൽ പറഞ്ഞതിങ്ങനെയാണ്.
കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌, അവര്‍ക്ക്‌ താൽപര്യമുണ്ടെങ്കില്‍, നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ അനുയോജ്യമായ സുരക്ഷിത മേഖലയിലേയ്‌ക്ക്‌ മാറിത്താമസിക്കുന്നതിന്‌ പത്തു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. കടലോരത്തുള്ള ഭൂമിയില്‍ വച്ചുപിടിപ്പിക്കുന്ന കാറ്റാടിമരങ്ങളുടെയും മറ്റും വരുമാനവും മത്സ്യത്തൊഴിലാളിക്കായിരിക്കും. മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ക്ക്‌ സി.ആര്‍.ഇസെഡില്‍ നിന്നു ഇളവ്‌ നല്‍കി താല്‍ക്കാലിക നമ്പര്‍ നല്‍കും.

മഞ്ഞക്കല്ലിനു പടിഞ്ഞാറു താമസിക്കുന്നവർക്കു ഓരോ മഴക്കാലത്തും കടൽ കയറുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നു. ഇതിനൊരു ശാശ്വത പരിഹാരമായിരിക്കും ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കൽ. വേലിയേറ്റരേഖയിൽ ഇപ്പോൾ പലയിടത്തുമുള്ള പഞ്ചായത്തു റോഡ് എല്ലായിടത്തുമാക്കിയാൽ, അതിന് പടിഞ്ഞാറ് ഇനി കെട്ടിടങ്ങളുണ്ടാക്കാതിരിക്കാനുള്ള ഒരു സ്ഥിരം അതിർവരമ്പുമാകും. ടൂറിസം ആവശ്യത്തിനായാലും മറ്റെന്തിനായാലും വേലിയേറ്റ രേഖയ്ക്ക് പടിഞ്ഞാറ് കെട്ടിടങ്ങളുണ്ടാക്കുന്നതു കർശനമായി തടയണം. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്ന കടലിൽ കല്ലിടൽ പരിപാടി അവസാനിപ്പിക്കുമെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാഗ്ദാനം നടപ്പാക്കുകയും വേണം.
അലകളിൽ നിന്നു തന്നെ വീണ്ടും ഉദ്ധരിക്കട്ടെ. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഏറെ പ്രായോഗികമാണ്. കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ 200 മീറ്ററിനു  വെളിയിൽ മാറ്റിപ്പാർപ്പിക്കും. സ്വന്തമായി സ്ഥലം വാങ്ങി വീടു നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും. മത്സ്യത്തൊഴിലാളികൾ സ്വയം വിട്ടൊഴിയുന്ന സ്ഥലം അവരുടെ പേരിൽ തന്നെ ആയിരിക്കും. അവിടെ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല. ആ സ്ഥലം അവരുടെ മത്സ്യബന്ധന യാനങ്ങൾ സൂക്ഷിക്കുന്നതിനും മീനുണക്കുന്നതിനും സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ഏകദേശം പതിനായിരം കുടുംബങ്ങളെയാണു മാറ്റി പാർപ്പിക്കേണ്ടി വരിക. ഇതിന് ആയിരം കോടി രൂപ മതിയാകും.

നിലവിലുള്ള തീരദേശ റോഡ് വീതി കൂട്ടി അവശ്യം വേണ്ട പാലങ്ങൾ നിർമിച്ച് തീരദേശ ഹൈവേ നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിരിക്കുന്ന ചെലവാകട്ടെ അറുനൂറു കോടി രൂപയാണ്. ഇത്തരത്തിൽ ആയിരത്തി അറുനൂറു കോടി രൂപ കൊണ്ട് മാത്രം നടപ്പാക്കാവുന്ന പദ്ധതിക്കാണ് മീൻപിടുത്തക്കാരുടെ പേരിൽ 16000 കോടി രൂപ വായ്പയെടുത്ത് ഒരുവിഭാഗം ഉദ്യോഗസ്ഥരും നിർമാണ ലോബിയും ചേർന്ന് പണം ധൂർത്തടിക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ മന്ത്രിമാരെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ധീരത കാട്ടുമെന്ന് തന്നെയാണ് മത്സ്യത്തൊഴിലാളികൾ കരുതുന്നത്.

സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം കടലിൽ നിന്നും ഏറെ അകലെ റവന്യൂ വകുപ്പ് നിർമിച്ചു നൽകിയ ഫ്ലാറ്റുകൾ മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കാതെ പലഭാഗത്തും അവശേഷിക്കുമ്പോഴാണ് വീണ്ടും ഫ്ലാറ്റ് നിർമാണത്തിന് സർക്കാർ മുതിരുന്നത്..... അതേസമയം തിരുവനന്തപുരം ജില്ലയിലെ വേളിയിലും പൊഴിയൂരിലും സർക്കാരിൽ നിന്നു ലഭിച്ച തുകയും മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിൽ കണ്ടെത്തിയ തുകയും ചേർത്ത് അവർ തന്നെ സ്വന്തമായി അവർക്കനുയോജ്യമായ ഭവനനിർമാണം നടത്തി അന്തസായി ജീവിക്കുന്ന ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്.