മഞ്ഞപ്പട മുന്നോട്ട്; നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സെമിയിൽ

മത്സരത്തിൽ വിജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും പ്രതീക്ഷയിലാണ്. രണ്ടു പാദങ്ങളിലായി നടക്കുന്ന സെമിയിലും കൊച്ചിയിൽ നടക്കുന്ന ഫൈനലിലും മുന്നേറി കപ്പ് കൈയിലെടുക്കാൻ മഞ്ഞപ്പടയ്ക്ക് കരുതുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.

മഞ്ഞപ്പട മുന്നോട്ട്; നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സെമിയിൽ

കൊച്ചി: നിർണ്ണായക മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇനത്യൻ സൂപ്പർ ലീഗ് മൂന്നാം സീസന്റെ ഫൈനലിൽ കടന്നു. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളൊന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയുടെ 66-ആം മിനുറ്റിൽ സി.കെ. വിനീതിന്റെ ഗോളിലായിരുന്നു കേരളത്തിന്റെ ജയം. മൂന്നാം സീസനിലെ വിനീതിന്റെ അഞ്ചാം ഗോളായിരുന്നു അത്.

കളി അവസാനിക്കുന്നതിന് അഞ്ചു മിനുറ്റ് മുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ അന്റോണിയോ ജർമ്മൻ നോർത്ത് ഈസ്റ്റ് വലയ്ക്കുള്ളിൽ പന്തെത്തിച്ചെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്‌ളാഗ് ഉയർന്നു. വിജയത്തോടെ 22 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഡൽഹി ഡയനാമോസിനെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് സെമിയിൽ നേരിടേണ്ടത്. കൊച്ചിയിൽ അടുത്ത ഞായറാഴ്ച ആദ്യപാദ ഫൈനലും 14ന് ഡൽഹിയിൽ രണ്ടാം പാദ സെമിയും നടക്കും. ഈ മാസം 18നാണ് കപ്പ് ഉയർത്താനുള്ള കലാശപ്പോരാട്ടം.


നോർത്ത് ഈസ്റ്റുമായുള്ള മത്സരം തോൽക്കാതിരുന്നാൽ സെമിയിലെത്താം എന്നതിനാൽ തോൽവി ഒഴിവാക്കാൻ പ്രതിരോധം ശക്തിപ്പെടുത്തിയിരുന്നു. മാർക്വീതാരം ആരോൺ ഹ്യൂസും മലയാളി താരം റിനോ ആന്റോയും ഹെംഗ് ബർട്ടും സന്ദേശ് ജിംഗാനും പ്രതിരോധ നിരയിൽ ഇടം നേടിയപ്പോൾ മുന്നേറ്റനിരയിൽ വിനീതും റാഫിയും നാസോണും ബെൽഫോർട്ടും ആയിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. മെഹ്താബിന് പകരം അസ്രാക്കും ഇഷ്ഫഖ് അഹമ്മദും ഇന്നലെ കളത്തിലിറങ്ങിയിരുന്നു.

മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ തന്നെ നാസോണിന്റെ മുന്നേറ്റം നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോളി ടി.പി രഹ്നേഷ് രക്ഷപ്പെടുത്തിയിരുന്നു. 16-ആം മിനുറ്റിൽ റിനോയുടെ ഒരു ഫൗളിന് നോർത്ത് ഈസ്റ്റ് പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 24-ആം മിനുറ്റിൽ സത്യാസെന്നിന്റെ മുന്നേറ്റം റിനോ നിഷ്പ്രഭമാക്കി. 34-ആം മിനുറ്റിൽ നോർത്ത് ഈസ്റ്റ് താരം റൊമാരിക്ക് തൊടുത്ത ഫ്രീകിക്ക് പോസ്റ്റിന് മുകളിലൂടെ പറന്നു. 37-ആം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് വിനീത് എടുത്തെങ്കിലും പ്രതിരോധം തട്ടിയകറ്റി. ആദ്യപകുതിയുടെ ഇൻജ്വറി ടൈമിൽ നോർത്ത് ഈസ്റ്റ് നടത്തിയ മുന്നേറ്റവും ഫലം കണ്ടില്ല.

മത്സരത്തിൽ വിജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും പ്രതീക്ഷയിലാണ്. രണ്ടു പാദങ്ങളിലായി നടക്കുന്ന സെമിയിലും കൊച്ചിയിൽ നടക്കുന്ന ഫൈനലിലും മുന്നേറി കപ്പ് കൈയിലെടുക്കാൻ മഞ്ഞപ്പടയ്ക്ക് കരുതുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.

Read More >>