രണ്ടാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നു ഡൽഹിക്കെതിരെ; സമനില നേടിയാൽ കേരളത്തിനു ഫൈനൽ ബർത്ത്

ബെൽഫോർട്ടിന്റെ ഗോളിൽ കൊച്ചിയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ജയിച്ച ബ്ലാസ്റ്റേഴ്‌സിന് കലാശക്കളിക്ക് യോഗ്യത നേടാൻ ഇന്ന് സമനില മാത്രം മതിയാകും. എന്നാൽ ഡൽഹിയുടെ സ്വന്തം ഗ്രൗണ്ടിൽ അവരുടെ ശക്തിയെയും ആരാധകരുടെ ആവേശപ്പകർച്ചയെയും എങ്ങനെ മറികടക്കും എന്നതു തന്നെയാകും യെല്ലോ ബ്രിഗേഡ്‌സിന്റെ പ്രധാന വെല്ലുവിളി.

രണ്ടാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നു ഡൽഹിക്കെതിരെ; സമനില നേടിയാൽ കേരളത്തിനു ഫൈനൽ ബർത്ത്

ന്യൂഡൽഹി: സ്വന്തം തട്ടകത്ത് നടന്ന ആദ്യപാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഡൽഹിക്കെതിരെ മഞ്ഞപ്പട വിജയം കണ്ടെത്തിയെങ്കിലും ഇന്ന് രണ്ടാം പാദ സെമി മത്സരത്തിന് ഇറങ്ങുമ്പോൾ കോച്ച് സ്റ്റീവ് കോപ്പലിനും ശിഷ്യർക്കും അത് അഗ്നിപരീക്ഷണം. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ വൈകീട്ട് ഏഴു മുതൽക്കാണ് മത്സരം.
ബെൽഫോർട്ടിന്റെ ഗോളിൽ കൊച്ചിയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ജയിച്ച ബ്ലാസ്റ്റേഴ്‌സിന് കലാശക്കളിക്ക് യോഗ്യത നേടാൻ ഇന്ന് സമനില മാത്രം മതിയാകും. എന്നാൽ ഡൽഹിയുടെ സ്വന്തം ഗ്രൗണ്ടിൽ അവരുടെ ശക്തിയെയും ആരാധകരുടെ ആവേശപ്പകർച്ചയെയും എങ്ങനെ മറികടക്കും എന്നതു തന്നെയാകും യെല്ലോ ബ്രിഗേഡ്‌സിന്റെ പ്രധാന വെല്ലുവിളി.


ആദ്യ പാദ മത്സരത്തിലെ പോലെ പ്രതിരോധ നിരയും മദ്ധ്യനിരയും മുന്നേറ്റ നിരയും കഠിനപ്രയത്‌നം നടത്തിയാൽ കളി ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയിൽ നിൽക്കുമെന്നുറപ്പ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഫിനിഷിങ്ങിൽ ചെറിയ പിഴവുകളുണ്ടായിരുന്നു. ഇത് തിരുത്തി മുന്നേറുകയാകും കോപ്പലിന്റെ കളിതന്ത്രം. ഹ്യൂഗ്‌സും ഹെംഗ്ബർട്ടും ജിങ്കാനും ആദ്യപാദത്തിൽ സമസ്ത മേഖലയിലും കൈവച്ചു. ബെൽഫോർട്ടും വിനീതും ആദ്യ ഇലവനിൽ തന്നെ ഇന്ന് ഇടംപിടിച്ചേക്കും. ഗാലറിയുടെ ആരവം ബ്ലാസ്‌റ്റേഴ്‌സിന് ഡൽഹിയിൽ കുറയുമെന്നതാണ് പ്രധാന ആശങ്ക.

എവേ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റെക്കോഡ് പ്രതികൂലമാണ്. 11 ഗോളുകളാണ് എവേ പോരാട്ടങ്ങളിൽ ഈ സീസനിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. സെമിയിൽ എത്തിയ ടീമുകളിൽ എവേ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമും ബ്ലാസ്റ്റേഴ്‌സാണ്. എവേ മത്സരങ്ങളിൽ സ്‌കോറിംഗിലും ബ്ലാസ്റ്റേഴ്‌സിന്റേത് മോശം റെക്കോഡാണ്. ഇതുവരെ നാല് ഗോൾ മാത്രമാണ് എവേ മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് നേടിയിട്ടുള്ളൂ. ഡൽഹിയുടെ ഗ്രൗണ്ടിൽ ഇതുവരെ ഗോൾ നേടാത്ത ഏകടീമും ബ്ലാസ്റ്റേഴ്‌സാണ്. ഇന്നലെകളിലെ റെക്കോഡ് തിരുത്തി ഇന്ന് കോപ്പലിന്റെ കുട്ടികൾ വീണ്ടും ഫൈനൽ ബർത്ത് ഉറപ്പാക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

ഇതേസമയം, സ്വന്തം കാണികളുടെ മുന്നിൽ തകർപ്പൻ ജയം നേടി ഫൈനലിൽ എത്തുക തന്നെയാകും ഡൽഹി ഡയനാമോസ് ലക്ഷ്യമിടുന്നത്. സ്വന്തം തട്ടകത്തിൽ ബൂട്ട് കെട്ടുമ്പോൾ ഗാലറി പകരുന്ന ഊർജ്ജം തങ്ങളോടൊപ്പം ആകുമെന്ന പ്രതീക്ഷയിലാണ് മലൂദയും കൂട്ടരും. ഹോം ഗ്രൗണ്ടിലെ മികച്ച റെക്കോഡും ഡൽഹിക്ക് അനുകൂലമാണ്. ഹോം ഗ്രൗണ്ടിൽ ഇതുവരെ 18 ഗോളുകൾ നേടിയ ഡൽഹി ഏറ്റവും കൂടുതൽ ഗോൾ സ്വന്തം ഗ്രൗണ്ടിൽ നേടിയ ടീം കൂടിയാണ്. മാർക്വിതാരം ഫ്‌ളോറന്റ് മലൂദയും ടൂർണമെന്റിലെ ടോപ് സ്‌കോററായ മാഴ്‌സലീഞ്ഞോയും കെവിൻ ലൂയിസും ആക്രമിച്ച് മുന്നേറിയാൽ ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാകും. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഡൽഹി മുന്നേറ്റ നിരയെ സമർത്ഥമായി തളച്ച ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിന്റെ പൂട്ട് തകർക്കുക എളുപ്പമായിരിക്കില്ല.

Story by