ഡിസംബർ നാലു വരെ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരിക്കുക തന്നെ വേണം

ഡൽഹി ഡയനാമോസിനെതിരെ നോർത്ത് ഈസ്റ്റ് ജയിച്ചതോടെ കേരളത്തിന്റെ സെമി പ്രവേശനത്തിന് ഈ മാസം നാലിനു നോർത്ത് ഈസ്റ്റുമായുള്ള മത്സരം വരെ കാത്തിരിക്കണം. അന്നു വിജയിക്കുകയോ സമനിലയിലാവുകയോ ചെയ്താൽ കേരളത്തിന് സെമി ബർത്ത് ഉറപ്പിക്കാം. പരാജയപ്പെട്ടാൽ ടൂർണമെന്റിന് പുറത്തുപോകാം.

ഡിസംബർ നാലു വരെ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരിക്കുക തന്നെ വേണം

ഗുവാഹത്തി: ഡൽഹി ഡയനാമോസിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നെലോ വിൻഗാഡയുടെ ടീം വിജയിച്ചതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനത്തിന് ഇനിയും കാത്തിരിക്കണം. ഇതോടെ ഡിസംബർ നാലിന് കൊച്ചിയിൽ നോർത്ത് ഈസ്റ്റും ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ നടക്കുന്ന മത്സരം അതിനിർണ്ണായകമായി മാറി. ആ മത്സരത്തിൽ വിജയിക്കുന്നവർക്ക് സെമി ബർത്ത് ഉറപ്പിക്കാം. ഡൽഹിക്കെതിരെയുള്ള ജയത്തോടെ നോർത്ത് ഈസ്റ്റും സെമി സാദ്ധ്യത സജീവമാക്കിയിരിക്കുകയാണ്.


20 പോയിന്റുമായി ഡൽഹി നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഡൽഹിക്കെതിരെ ബുധനാഴ്ച നടന്ന മത്സരത്തിൽ ആദ്യം മുതൽക്കേ നോർത്ത് ഈസ്റ്റ് ആക്രമണം തുടങ്ങിയിരുന്നു. പക്ഷെ, ആദ്യപകുതിയിൽ ഗോൾ പിറന്നില്ല. 60-ആം മിനുറ്റിൽ സെത്യാസെന്നും 71-ആം മിനുറ്റിൽ ക്രിസ്ത്യൻ റൊമാരിക്കുമാണ് നോർത്ത് ഈസ്റ്റിനുവേണ്ടി ഗോൾ നേടിയത്. സൊക്കോറ നീട്ടിനൽകിയ പന്ത് കാലുകളിലെടുത്തായിരുന്നു സെത്യസെൻ ഗോൾവല കുലുക്കിയത്. റോബർട്ട് ക്യൂല്ലെൻ നൽകിയ പാസിൽ നിന്നായിരുന്നു റൊമാറിക്കിന്റെ ഗോൾ. ഇൻജ്വറി ടൈമിൽ മാഴ്‌സലീഞ്ഞോയാണ് ഡൽഹിയുടെ ആശ്വാസഗോൾ നേടിയത്. അൽഫാരോ നൽകിയ പാസിൽ നിന്നായിരുന്നു മാഴ്‌സലീഞ്ഞോയുടെ ഗോൾ.

ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 13 കളികളിൽ നിന്ന് 18 പോയിന്റായി. പോയിന്റ് പട്ടികയിൽ കേരള ബ്‌ളാസ്റ്റേഴ്‌സിന് പിന്നിൽ അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 19 പോയിന്റുണ്ട്. ഞായറാഴ്ച നോർത്ത് ഈസ്റ്റിനെതിരെ തോൽക്കാതിരുന്നാൽ ബ്‌ളാസ്റ്റേഴ്‌സിന് സെമിയിലെത്താം. സമനിലയിലായാൽ 20 പോയിന്റാകും. ജയിച്ചാൽ 22ന്റും. ഡൽഹി, മുംബൈ, കൊൽക്കത്ത ടീമുകൾ സെമി ഉറപ്പിച്ചു കഴിഞ്ഞു.

Read More >>